വത്തിക്കാൻ: യൂറോപ്യൻ പാർലമെന്റിലെ മധ്യ-വലതുപക്ഷ രാഷ്ട്രീയ വിഭാഗമായി കണക്കാക്കപ്പെടുന്ന “യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പി”ലെ (European Conservatives and Reformists Group – ECR) പാർലമെന്റ് അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ഡിസംബർ 10 ബുധനാഴ്ച രാവിലെ ക്ലമന്റൈൻ ശാലയിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ, സംസാരിക്കവെ, സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്നവരുൾപ്പെടെ, എല്ലാവർക്കും വേണ്ടിയും പൊതുനന്മ ലക്ഷ്യമാക്കിയും പ്രവർത്തിക്കാനും, എന്നാൽ, യൂറോപ്പിന്റെ യഹൂദ-ക്രൈസ്തവവേരുകൾ മറക്കാതിരിക്കാനും ഗ്രൂപ്പ് അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു.
യൂറോപ്പിന്റെ ക്രൈസ്തവപരമ്പര്യമുൾപ്പെടെയുള്ള മതപൈതൃകം ഉയർത്തിക്കാട്ടുന്നത്, പ്രദേശത്തുള്ള ക്രൈസ്തവ സമൂഹങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് യൂറോപ്പ് എന്താണെന്ന യാഥാർഥ്യത്തെ അംഗീകരിക്കുന്നതിന്റെ കൂടി ഭാഗമാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. യൂറോപ്പിന്റെ വ്യക്തിത്വം മനസ്സിലാക്കേണ്ടത്, അതിന്റെ യഹൂദ ക്രൈസ്തവ വേരുകളുടെ പശ്ചാത്തലത്തിൽ വേണമെന്ന് മുൻ പാപ്പാമാർ പറഞ്ഞിരുന്ന കാര്യവും പാപ്പാ ഓർമ്മിപ്പിച്ചു.
ദാരിദ്ര്യം, സാമൂഹികമായ ഒറ്റപ്പെടുത്തൽ, കാലാവസ്ഥാ പ്രതിസന്ധികൾ, അക്രമങ്ങൾ തുടങ്ങിയ യാഥാർത്ഥ്യങ്ങളുടെ മുന്നിൽ ക്രൈസ്തവികത ഉയർത്തിപ്പിടിക്കുന്ന ധാർമ്മികതയും മൂല്യങ്ങളും വലുതാണെന്ന കാര്യവും പാപ്പാ അനുസ്മരിച്ചു. സഭയുടെ ഉദ്ബോധനങ്ങളും സ്വരവും നിലനിൽക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞ പാപ്പാ, ഇത്, പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കിനല്ല, മറിച്ച്, സഹകരണം മറ്റുള്ളവരെ ഉൾക്കൊള്ളുന്ന മനോഭാവം തുടങ്ങിയ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിന്റെയും അവ നഷ്ടം വന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുന്നതിന്റെയും കൂടി ഭാഗമാണെന്ന് പ്രസ്താവിച്ചു.
പൊതുനന്മ ലക്ഷ്യമാക്കി യൂറോപ്പിലെ ക്രൈസ്തവ സമൂഹം ചെയ്യുന്ന പ്രവൃത്തികളുടെ സദ്ഫലങ്ങൾ, അവിടെയുള്ള പൊതുസമൂഹവും സ്വീകരിക്കുന്നുണ്ടെന്ന് മറക്കരുതെന്ന് പാപ്പാ പറഞ്ഞു. വലിയ കത്തീഡ്രൽ ദേവാലയങ്ങൾ, ഉന്നതമായ കലയും, സംഗീതവും, ശാസ്ത്രത്തിലുള്ള പുരോഗതി, ബൗദ്ധികതലത്തെ വളർത്തുന്നതിനായി നിരവധി യൂണിവേഴ്സിറ്റികൾ തുടങ്ങി വിവിധ മേഖലകളിൽ, യൂറോപ്പിലെ ക്രൈസ്തവ പൈതൃകം സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.
യൂറോപ്പിന്റെ ചരിത്രത്തിൽനിന്ന് ക്രൈസ്തവികതയെ മാറ്റി നിറുത്താനാകില്ലെന്ന കാര്യം എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ്, ഇത് ആഘോഷിക്കപ്പെടേണ്ടതും കാത്തുസൂക്ഷിക്കപ്പെടേണ്ടതുമായ ഒരു യാഥാർത്ഥ്യമാണെന്നും ഓർമ്മപ്പിച്ചു.
നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്ന നിലയിൽ, യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പ് യൂറോപ്പിലെ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു. റോമിൽ നടക്കുന്ന ത്രിദിന കോൺഫറൻസിന്റെ കൂടി പശ്ചാത്തലത്തിലാണ് യാഥാസ്ഥിതിക, പുരോഗമന പാർട്ടിയിൽനിന്നുള്ള പ്രതിനിധികൾ വത്തിക്കാനിൽ എത്തിയത്.

