വത്തിക്കാൻ സിറ്റി: ഒൻപതാം പീയൂസ് പാപ്പായുടെ ഇനെഫാബിലിസ് ദേവൂസ് പ്രമാണത്തിലെ വാക്കുകൾ ഓർമ്മപെടുത്തിക്കൊണ്ടാണ്, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ ആഘോഷിക്കുന്ന ഡിസംബർ മാസം എട്ടാം തീയതി, വത്തിക്കാൻ ചത്വരത്തിൽ, നടത്തിയ മധ്യാഹ്നപ്രാർത്ഥനാ വേളയിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകിയത്. മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ച പ്രമാണം ആണ് ഒൻപതാം പീയുസ് പാപ്പയുടെ ഇനെഫാബിലിസ് ദേവൂസ്.
ആദിമപാപത്തിന്റെ കളങ്കത്തിൽ നിന്ന് പൂർണ്ണമായും മുക്തമായിരിക്കാൻ, നിഷ്കളങ്കതയും, വിശുദ്ധിയും നിറഞ്ഞ ഒരു വ്യക്തിയായിട്ടാണ് പരിശുദ്ധ അമ്മയെ ദൈവം തിരഞ്ഞെടുത്തതെന്നാണ് പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞത്. പരിശുദ്ധ അമ്മയുടെ എളിമയാർന്ന ജീവിതത്തിനു ദൈവം നൽകിയ ഒരു സമ്മാനമാണ്, രക്ഷകന്റെ വരവിനു മറിയത്തെ നിമിത്തമാക്കിയതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
“മറിയം വിശ്വസിച്ചു, അവളിൽ വിശ്വസിച്ചത് സത്യമായി” എന്നാണ് വിശുദ്ധ അഗസ്റ്റിൻ വിശദീകരിക്കുന്നത്. പരിശുദ്ധ അമ്മയ്ക്ക് കൃപയുടെ പൂർണ്ണതയുടെ സമ്മാനം ഫലം പുറപ്പെടുവിക്കാൻ കഴിഞ്ഞത്, ദൈവത്തിന്റെ പദ്ധതിയെ സ്വീകരിച്ചതിനാൽ മാത്രമായിരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. അതിനാൽ അവൾ വിശ്വസിച്ചതുപോലെ വിശ്വസിക്കാനും, കർത്താവിന്റെ ദൗത്യത്തിൽ ഭാഗഭാക്കുകളാകുവാനും ദൈവം നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മറിയയുടെ ഗർഭധാരണത്തിൽ സംഭവിച്ച അത്ഭുതം മാമ്മോദീസയിൽ നമുക്കായി പുതുക്കപ്പെട്ടുവെന്നും പാപ്പാ അടിവരയിട്ടു. പ്രത്യേക കൃപയാൽ യേശുവിനെ തന്റെ ഉള്ളിൽ സ്വാഗതം ചെയ്യാനും, മനുഷ്യർക്ക് നൽകാനും കഴിഞ്ഞതുപോലെ, ജ്ഞാനസ്നാനം, കർത്താവിനെ നമ്മുടെ ഉള്ളിൽ പേറുവാനും, അവനോട് ഐക്യത്തോടെ ജീവിക്കാനും, സഭയിൽ സഹകരിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നുവെന്നു എടുത്തു പറഞ്ഞു.
നമ്മുടെ അനുദിന ജീവിതത്തിലെ സാധാരണ പ്രവൃത്തികളും, നന്ദി, വിനയം, സ്ഥിരോത്സാഹം, പ്രാർത്ഥന, സ്നേഹത്തിന്റെ മൂർത്തമായ പ്രവർത്തനങ്ങളും വഴിയായി യേശു എല്ലായിടത്തും അറിയപ്പെടുവാനും, സ്വീകരിക്കപ്പെടുവാനും,സ്നേഹിക്കപെടുവാനും അപ്രകാരം രക്ഷ സാധ്യമാകുവാനും ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

