വത്തിക്കാൻ : രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപിച്ചിട്ട് ഇന്ന് 60 വർഷം തികയുകയാണ്. സഭയുടെ ‘പുതിയ പെന്തക്കുസ്ത’ എന്നും ‘നവവസന്തം’ എന്നും അറിയപ്പെട്ട കൗൺസിലിനു മുമ്പ് സഭയിലും സമൂഹത്തിലും ഉണ്ടായിരുന്ന സാഹചര്യങ്ങൾ മനസിലാക്കുമ്പോഴാണ് കൗൺസിൽ നൽകിയ കാലാനുസൃതമായ നവീകരണത്തെപ്പറ്റി നമുക്ക് അവബോധം ഉണ്ടാവുക.
രണ്ടാം ലോകയുദ്ധം വരുത്തിവച്ച വിനകൾ മനുഷ്യമനഃസാക്ഷിയിൽ നിരന്തരം ചോദ്യങ്ങൾ ഉയർത്തി. മനുഷ്യന്റെ മഹ ത്വവും വ്യക്തിത്വപൂർണതയിലേക്കുള്ള ദൈവികമായ വിളിയും മറന്ന് യുദ്ധത്തിനു കോപ്പുകൂട്ടിയവർ യൂറോപ്പിലുടനീളം കൂട്ടക്കുരുതികൾക്ക് കളമൊരുക്കി. യഹൂദവിരുദ്ധ മനോഭാവം കാലാന്തരത്തിൽ സമൂഹത്തിൽ വളരുകയും നേരിട്ടും പരോക്ഷമായും സഭയിൽ അതിന്റെ അലയടികൾ ഉണ്ടാകുകയും ചെയ്തു.
യുദ്ധാനന്തരകാലം കോളനിവാഴ്ചകളുടെ അന്ത്യംകുറിച്ച നാളുകളായിരുന്നു. സോവ്യറ്റ്, അമേരിക്കൻ ചേരികൾ തമ്മിലുള്ള ശീതയുദ്ധം മുറുകിയ കാലവുമായിരുന്നു.
