വത്തിക്കാൻ :മംഗോളിയൻ പ്രസിഡന്റ് ഉഖ്നാജീൻ ഖുറേൽസുഖ് വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തി . പാപ്പായുടെ പ്രസ് ഓഫീസാണ് ഡിസംബർ 4 വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം അണ്ടർ സെക്രട്ടറി മിഹായിത്സ ബ്ളാജ് തുടങ്ങിയവരുമായും പ്രസിഡന്റ് ഖുറേൽസുഖ് കൂടിക്കാഴ്ച നടത്തിയെന്ന് പ്രസ് ഓഫീസ് കുറിപ്പിൽ വ്യക്തമാക്കി.
സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ നടന്ന ഈ കൂടിക്കാഴ്ചകളിൽ, വത്തിക്കാനും മംഗോളിയയ്ക്കുമിടയിലുള്ള നല്ല ഉഭയകക്ഷിബന്ധം പ്രത്യേകമായി പരാമർശിക്കപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ സാംസ്കാരികതലങ്ങളിലെ ബന്ധങ്ങൾ കൂടുതലായി വളർത്താനുള്ള സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു.
മംഗോളിയയിൽ കത്തോലിക്കാസഭ പൊതുസമൂഹത്തിന് നൽകുന്ന സേവനങ്ങൾ, പ്രത്യേകമായി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സാന്നിദ്ധ്യം പരാമർശിക്കപ്പെട്ടുവെന്നും പ്രസ് ഓഫീസ് അറിയിച്ചു.
2021 ജൂൺ 25-നാണ് രാജ്യത്തിന്റെ ആറാമത്തെ പ്രസിഡന്റായി ഉഖ്നാജീൻ ഖുറേൽസുഖ് സ്ഥാനമേറ്റെടുത്തത്.

