തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടർ പട്ടിക പുതുക്കൽ നടപടികളുടെ (എസ്ഐആർ) സമയപരിധി നീട്ടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു . ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോം സ്വീകരിക്കും . പുതുക്കിയ സമയക്രമമനുസരിച്ച് 2026 ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
സംസ്ഥാന സർക്കാർ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി. ഇത് സംബന്ധിച്ച് കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു .കോടതിയുടെ നിർദേശപ്രകാരം ഇക്കാര്യം വ്യക്തമാക്കി കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളാണ് ഒരാഴ്ചത്തേക്ക് നീട്ടിയത്. പുതിയ സമയക്രമമനുസരിച്ച് കരട് വോട്ടർ പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. നേരത്തെ ഇത് ഡിസംബർ 16നായിരുന്നു നിശ്ചയിച്ചിരുന്നത്. കരട് പട്ടിക വന്നശേഷം ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാൻ 2026 ജനുവരി 22 വരെ സമയം ലഭിക്കും. അന്തിമ പട്ടിക ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ഡിസംബർ ഒമ്പത്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിനിടയിൽ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടാണെന്ന് സംസ്ഥാനസർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.

