ഡോ. ബി.ആർ. അംബേദ്കറിന്റെ ചരമവാർഷികദിനമാണിന്ന് . ഇന്ത്യാരാജ്യത്ത് ആദ്യമായി സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ച മഹാവ്യക്തിയായിരുന്നു ഡോ. അംബേദ്കർ. നീണ്ട യാതനാ പർവ്വങ്ങൾ താണ്ടി ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രം പ്രതിലോമശക്തികളോട് മല്ലിട്ടു ജീവിതവിജയം കൈവരിച്ച ഒരു ജീവിതമാണ് അംബേദ്കറുടെത് .അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ കഥകൂടിയാണിത്.
1891 ഏപ്രിൽ 14-ന് മഹാരാഷ്ട്ര സംസ്ഥാനത്തെ രത്നഗിരി ജില്ലയിൽ അംബെവാഡേ ഗ്രാമത്തിൽ ജനിച്ച ഡോ.അംബേദ്ക്കറുടെ അച്ഛനമ്മമാരിട്ട പേർ ‘ഭീം’ എന്നായിരുന്നു. താണ ജാതിയെന്ന് ഗണിച്ചിരുന്ന ‘മഹർ’ജാതിയിലാണ് അദ്ദേഹം ജനിച്ചത്.പട്ടാളത്തിൽ ഒരു സുബേദാറായിരുന്ന രാംജി സക്പാലിന്റെ പതിനാലാമത്തെ മകനായിരുന്നു ഭീം.
ചെറുപ്പത്തിൽത്തന്നെ സവർണരുടെ അനാചാരങ്ങൾക്ക് കൊച്ചു ഭീം ബലിയാടായിരുന്നു. ഈ അനുഭവങ്ങളായിരുന്നു പിൽക്കാലത്ത് ഭീമിന് തന്റെ ചുറ്റിലും നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹിക അനാചാരങ്ങൾക്കെതിരെ പൊരുതാൻ ആവേശവും കരുത്തും പകർന്നത്.
പ്രാഥമിക വിദ്യാഭ്യാസാനന്തരം ഹൈസ്കൂൾ, പഠനം നടത്തുകയും മെട്രിക്കുലേഷൻ പരീക്ഷ പാസാവുകയും ചെയ്തു ഭീം.ദളിതനായതുകൊണ്ട് പഠനകാലത്തുതന്നെ വലിയ പീഡനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പമിരിക്കാനോ കുടിവെള്ള പൈപ്പിൽ തൊടാനോ അനുവാദം ലഭിച്ചിരുന്നില്ല. ഇതിനോടെല്ലാം പൊരുതിയാണ് പഠനം നടത്തിയത്.
കഴിയുന്നത്ര പഠിക്കുകയെന്നതായിരുന്നു ലക്ഷ്യം. “വിദ്യാഭ്യാസം സിംഹത്തിന്റെ മുലപ്പാലാണെന്നും അതു കഴിക്കുന്നവർക്ക് ഗർജിക്കാതിരിക്കാനാകില്ലെന്നും’ പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തുടർന്ന് കോളേജിലെത്താൻ അംബേദ്കർക്ക് ബറോഡ മഹാരാജാവിന്റെ സ്കോളർഷിപ്പ് നേടേണ്ടിവന്നു. ഒടുവിൽ പ്രശസ്തമായ നിലയിൽ അംബേദ്കർ ബി.എ. പാസായി. മെട്രിക്കുലേഷൻ പരീക്ഷ പാസായ സന്ദർഭത്തിൽ തന്നെ 17-കാരനായ അംബേദ്കർ ഒമ്പതുകാരിയായ രമാബായി എന്ന പെൺകുട്ടിയെ സമുദായാചാരപ്രകാരം വിവാഹം കഴിച്ചു.
കോളേജ് പഠനം പൂർത്തീകരിച്ച അംബേദ്കർ 1912-ൽ ബറോഡ സൈന്യത്തിൽ ഒരു ലെഫ്റ്റനന്റായി ഔദ്യോഗികജീവിതം ആരംഭിച്ചു. തുടർന്ന് ബറോഡ ഗവൺമെന്റിന്റെ സ്കോളർഷിപ്പ് നേടിക്കൊണ്ട് അംബേദ്കർ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി . ഉപരിപഠനാർഥം വിദേശരാജ്യത്തെത്തുന്ന അയിത്ത ജാതിക്കാരനായ ആദ്യ ഇന്ത്യക്കാരൻ ആയിരുന്നു അദ്ദേഹം .കൊളംബിയ സർവകലാശാലയിലും ലണ്ടനിലെ ഗ്രെയിസ്ഇന്നിലും ജർമ്മനിയിലെ ബോൺ സർവകലാശാലയിലുമായി അംബേദ്കർ ഉന്നതവിദ്യാഭ്യാസം നടത്തുകയും ഉന്നത ബിരുദങ്ങൾ നേടുകയും ചെയ്തു.
വിദേശവിദ്യഭ്യാസം പൂർത്തീകരിച്ച് ഇന്ത്യയിൽ തിരിച്ചെത്തിയ ഡോ.അംബേദ്കറെ ബറോഡ മഹാരാജാവ് 1917-ൽ തന്റെ മിലിട്ടറി സെക്രട്ടറിയായി നിയമിച്ചു.1927-ൽ അംബേദ്കർ ബോംബെ നിയമസഭാ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
1935ലാണ് ഡോ.അംബേദ്കർ അധഃസ്ഥിതർക്കായി ‘ഇൻഡിപെഡന്റ് ലേബർപാർട്ടിയെന്ന രാഷ്ട്രീയ കക്ഷിരൂപീകരിച്ചത് . 1946-ൽ നെഹ്രുവിന്റെ നേതൃത്വത്തിലുണ്ടായ ഇടക്കാല മന്ത്രിസഭ ഇന്ത്യയിൽ അധികാരത്തിൽ വന്നപ്പോൾ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അംബേദ്ക്കർ ബംഗാളിൽ നിന്ന് മത്സരിച്ച് വിജയിച്ചു.
പാകിസ്താന്റെ ഉദയത്തോടൊപ്പം ഡോ. അംബേദ്കറുടെ കോൺസ്റ്റിറ്റ്യുയന്റ് അസംബ്ലിയിലെ അംഗത്വം നഷ്ടപ്പെട്ടു. കിഴക്കൻ പാകിസ്താനിലെ ആ മണ്ഡലമിപ്പോൾ ബംഗ്ലാദേശിലാണ്. തുടർന്ന് നെഹ്രുവിന്റെ നേതൃത്വത്തിൽ ഒരു കേന്ദ്രമന്ത്രി സഭയുണ്ടാക്കി. ആ മന്ത്രിസഭയിൽ ഡോ. അംബേദ്കറെ നിയമവകുപ്പ് മന്ത്രിയായി നിയമിച്ചു. അങ്ങിനെ ഇന്ത്യയിലെ ആദ്യ നിയമന്ത്രിയെന്ന ഖ്യാതി അംബേദ്കർക്ക് ലഭിച്ചു. ഈ സ്ന്ദർഭത്തിൽ ഇന്ത്യയ്ക്ക് സ്വതന്ത്രമായ ഒരു ഭരണഘടനയുടെ ആവശ്യം നേരിട്ടു. നിയമവകുപ്പുമന്ത്രിയായ ഡോ. അംബേദ്കറെതന്നെ ഭരണഘടനാ നിർമാണസമിതിയുടെ ചെയർമാനായി നിയമിച്ചു.
ഡോ.അംബേദ്കറെ കൂടാതെ, അല്ലാഡി കൃഷ സ്വാമി അയ്യർ, എൻ. ഗോപാലസ്വാമി അയ്യങ്കാർ, കെ.എം. മുൻഷി, ഡോ. രാജേന്ദ്രപ്രസാദ്, വി.ടി. കൃഷ്ണമാചാരി, നെഹ്രു, സർദാർ വല്ലഭായി പട്ടേൽ, ബി.എൻ. റാവു എന്നിവർ കമ്മിറ്റി അംഗങ്ങളുമായിരുന്നു. 141 ദിവസത്തെ നിരന്തര പ്രയത്നത്തിന്റെ ഫലമായി ഇന്ത്യൻ ഭരണഘടനയ്ക്ക് ഡോ. അംബേദ്കർ രൂപം നൽകി. കമ്മിറ്റി മെമ്പർമാർ പലരുണ്ടായിട്ടും ഡോ. അംബേദ്കറുടെ അശ്രാന്തപരിശ്രമം ഒന്നുകൊണ്ടായിരുന്നു ഭരണഘടന തയ്യാറാക്കാൻ സാധിച്ചതുതന്നെ.
1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടും ഭരണഘടനാ നിർമ്മാണവേളയിൽ പരിശോധിക്കപ്പെടുകയുണ്ടായി. പുതിയ ഭരണ ഘടന 1949 നവംബർ 26-ന് പാർലമെന്റിൽ അവതരിപ്പിച്ചു കൊണ്ട് ഡോ. അംബേദ്കർ ഇങ്ങനെ പ്രഖ്യാപിച്ചു. ‘ഭാരതീയരായ നാം നമ്മുടെ ഭരണഘടനയും സ്വാതന്ത്ര്യവും ഭാരതത്തിലെ ഒരു കുഞ്ഞുള്ളകാലം വരെ ചോരയും ജീവനും നൽകി സംരക്ഷിക്കും’. 1950 ജനുവരി 20-ന് പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ 15, 16, 17, 19, 25, 29, 46, 164. 244,330.332, 334, 335, 338 എന്നീവകുപ്പുകളിലും 5-0, 6-0 പട്ടികകളിലുമായിട്ടാണ് പട്ടികജാതിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഊന്നൽ നൽകിയിട്ടുള്ളത്.
1951-ൽ ഡോ. അംബേദ്കർ തയ്യാറാക്കിയ ഹിന്ദുകോഡ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുവെങ്കിലും ബിൽ പാസാകാത്തതിൽ പ്രതിഷേധിച്ച് 1951 സപ്തംബർ 27-ന് അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു. അതോടൊപ്പംതന്നെ ഹിന്ദുമതത്തോടും അവയിലെ അനാചാരങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് 1956 ഒക്ടോബർ 14-ന് മൂന്ന് ലക്ഷം അനുയായികളോടൊപ്പം ഡോ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചു. ഇതേവർഷം തന്നെ അദ്ദേഹം ഇൻഡിപെൻഡന്റ് ലേബർ പാർട്ടിക്ക് പകരം പട്ടികജാതിക്കാർക്കായി ‘റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയപാർട്ടിക്കും ജന്മം നൽകി.
ഇന്ത്യയിൽമാത്രം രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദർശവൽക്കരിക്കാനും നിലനിർത്താനുമുള്ള എല്ലാ ശ്രമത്തെയും അദ്ദേഹം നിഷ്കരുണം കടന്നാക്രമിച്ചു. ദൈവികതയുടെ ഭാഗമല്ല, ജാതീയതയെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കർ വിഭാവനം ചെയ്തത്. ജാതി-മത രഹിതമായ ഇന്ത്യക്കുവേണ്ടിയായിരുന്നു അംബേദ്കറുടെ പോരാട്ടം. ജാതിവ്യവസ്ഥ തകരാതെ താഴെതട്ടിലുള്ളവരുടെ ഉന്നമനം സാധ്യമാകില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ജാതിവ്യവസ്ഥ സംബന്ധിച്ച് ഗാന്ധിജിക്കും മറ്റുമുള്ള മറുപടികളുടെ പുസ്തക രൂപമാണ് 1936ൽ പ്രസിദ്ധീകരിച്ച “ജാതി നിർമൂലനം’എന്ന കൃതി. ജാതിയുടെ ആശയാടിത്തറയെ വെല്ലുവിളിച്ച മറ്റൊരു പുസ്തകമാണ് “ആരാണ് ശൂദ്രൻ”. ഇന്ത്യൻ ജാതിവ്യവസ്ഥയെയും അധികാര സ്വരൂപങ്ങളെയും നിരന്തരം വെല്ലുവിളിച്ച മനുഷ്യാവകാശ പോരാളിയാണ് അംബേദ്കർ.
ഒട്ടേറെ പ്രബന്ധങ്ങളുടെയും പ്രമുഖ ഗ്രന്ഥങ്ങളുടെയും കർത്താവ് കൂടിയാണ് ഡോ. അംബേദ്കർ. 1956 ഡിസംബർ 5 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം .രാജ്യത്തിന്റ നട്ടെല്ലായ ഭരണഘടനയ്ക്ക് മേൽ ഹിന്ദുത്വ മേൽ കൈ നേടുന്ന വർത്തമാന കാലത്ത് അംബേദ്കറുടെ ഓർമ്മകൾ നമ്മെ പോരാളികളാക്കട്ടെ .

