കൊളംബോ: ശ്രീലങ്കൻ മന്ത്രി സുസിൽ രണസിംഗെയുമായി ഇന്ത്യൻ ഹൈക്കമ്മിഷണർ സന്തോഷ് ഝാ കൂടിക്കാഴ്ച നടത്തി . ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയിൽ പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് പുനർനിർമ്മാണ, പുനരധിവാസ ആവശ്യങ്ങൾക്കായി ഭവന മേഖലയിൽ നിലവിലുള്ള ശക്തമായ വികസന സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്തതായി സന്തോഷ് ഝാ എക്സിൽ കുറിച്ചു.
കഴിഞ്ഞ 20 വർഷത്തിനിടെയുള്ള ഏറ്റവും വലിയ ദുരന്തമാണ് ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായത് . വെള്ളപ്പൊക്കത്തിൽ പെട്ട് ഇതുവരെ 486 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ദുരന്ത നിവാരണ സേനയുടെ കണക്ക് പ്രകാരം നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കും.
അതേസമയം ശ്രീലങ്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും.

