ലെബനൻ : ലെബനൻ രാഷ്ട്രത്തിനു സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രല്ല എന്നും, മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്നവുമാണെന്നു പാപ്പാ അടിവരയിട്ടു. “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ” ലിയോ പാപ്പായുടെ ലെബനൻ സന്ദർശനത്തിന്റെ ആപ്തവാക്യം ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
അധികാരികൾ എന്ന നിലയിൽ, സമാധാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് സാധാരണക്കാരെ സഹായിക്കുവാൻ കടമയുണ്ടെന്നു പറഞ്ഞ പാപ്പാ, ഈ സമാധാന സംസ്ഥാപനമാണ് യഥാർത്ഥ ആനന്ദം കൊണ്ടുവരുന്നതെന്നും കൂട്ടിച്ചേർത്തു. ലെബനനിലെ പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക സമ്പത്തിനും പുറമേ, ജനതയുടെ ധീരതയെ പ്രശംസിച്ച പാപ്പാ, അവരുടെ പ്രതിരോധശേഷി ആധികാരിക സമാധാന നിർമ്മാതാക്കളുടെ ഒഴിച്ചുകൂടാനാവാത്ത ഒരു സവിശേഷതയാണെന്നും ചൂണ്ടിക്കാണിച്ചു. അതിനാൽ ഭയം കൂടാതെ, ദൃഢതയോടെ സമാധാനം കെട്ടിപ്പടുക്കുന്നതിനും, സ്ഥിരോത്സാഹത്തോടെ ജീവൻ സംരക്ഷിക്കുവാനും, വളർത്തുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
വൈവിധ്യമാർന്ന ലെബനൻ രാജ്യം ഒരു പൊതു ഭാഷയാൽ ഐക്യപ്പെടുന്നുവെന്നു ചൂണ്ടിക്കാണിച്ച പാപ്പാ, അത് പ്രത്യാശയുടെ ഭാഷയാണെന്നും, അത് എല്ലായ്പ്പോഴും നവമാക്കണമെന്നും എടുത്തു പറഞ്ഞു. ലോകമെമ്പാടും, ഒരുതരം അശുഭാപ്തിവിശ്വാസവും നിസ്സഹായതയുടെ വികാരവും വിജയിച്ചതായി തോന്നുന്നുവെങ്കിലും, ചരിത്രത്തിന്റെ ഗതി മാറ്റാൻ തങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് സ്വയം ചോദിക്കാൻ ആളുകൾ അശക്തരാണെന്നു അനുഭവപ്പെടുന്നുവെങ്കിലും, വലിയ തീരുമാനങ്ങൾ ചുരുക്കം ചിലർക്കു എടുക്കുവാൻ സാധിക്കുമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. കൊല്ലുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ പ്രത്യാഘാതങ്ങളിൽ ഏറെ കഷ്ടതകൾ സഹിച്ച ജനതയാണ് ലെബനൻ ജനതയെന്നതും എടുത്തു പറഞ്ഞ പാപ്പാ, എന്നാൽ അവയിൽ നിന്നെല്ലാം ഉയിർത്തെഴുനേൽക്കുവാനുള്ള ജനതയുടെ ഇച്ഛാശക്തിയെയും അടിവരയിട്ടു.
ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നങ്ങളും അഭിലാഷങ്ങളും രൂപപ്പെടുത്താൻ കഴിവുള്ള യുവതലമുറ ഉൾക്കൊള്ളുന്ന, സജീവവും സുസംഘടിതവുമായ ഒരു സമൂഹമാണ് ലെബനൻ എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, അതിനാൽ രാഷ്ട്ര ഭരണാധികാരികൾ ആളുകളിൽ നിന്ന് വേർപിരിയരുതെന്നും, മറിച്ച് അവരുടെ സേവനത്തിൽ എപ്പോഴും പ്രതിബദ്ധതയോടും അർപ്പണബോധത്തോടും കൂടി ഇടപെടണമെന്നും ആഹ്വാനം ചെയ്തു. ഒരു ജനതയെന്ന നിലയിൽ ഒരുമിച്ച് ജീവിക്കാനും വളരാനുമുള്ള ആഗ്രഹം എപ്പോഴും നിലനിൽക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
സമാധാന സംസ്ഥാപകർ, എങ്ങനെ പുതുതായി ആരംഭിക്കണമെന്ന് അറിയുന്നവർ മാത്രമല്ല, മറിച്ച് അനുരഞ്ജനത്തിന്റെ കഠിനമായ പാതയിലൂടെ അത് പ്രാവർത്തികമാക്കുന്നവർ കൂടിയാണെന്നു പാപ്പാ എടുത്തു പറഞ്ഞു. വ്യക്തിപരവും കൂട്ടായതുമായ മുറിവുകൾ ഉണങ്ങാൻ നീണ്ട വർഷങ്ങൾ എടുത്തേക്കാമെന്നത് യാഥാർഥ്യമാണെന്നും, എന്നാൽ അവയെ സുഖപ്പെടുത്തിയില്ലെങ്കിൽ, അനുരഞ്ജനത്തിൽ, സമാധാനത്തിലേക്ക് നീങ്ങാൻ പ്രയാസമാണെന്നും ഓർമ്മപ്പെടുത്തി. അതിനാൽ സത്യവും അനുരഞ്ജനവും ഒരുമിച്ചു വളരേണ്ട പുണ്യങ്ങളാണെന്നും പാപ്പാ അടിവരയിട്ടു.
എന്നാൽ പൊതുലക്ഷ്യരഹിതമായതോ, ഭാവിയിലേക്കുള്ള തുറന്ന മനസ്സില്ലാത്തതോ ആയ അനുരജ്ഞനം ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുകയില്ലെന്നു പാപ്പാ ചൂണ്ടിക്കാട്ടി. പൊതുനന്മ പല താൽപ്പര്യങ്ങളുടെയും ആകെത്തുകയേക്കാൾ കൂടുതലാണെന്നും, അത് എല്ലാവരുടെയും ലക്ഷ്യങ്ങളെ കഴിയുന്നത്ര അടുപ്പിക്കുകയും, ജനതയെ ഐക്യപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അനുരഞ്ജനപ്പെട്ടുകൊണ്ട്, എങ്ങനെ ഒരുമിച്ച് ജീവിക്കണമെന്ന് അറിയുന്നതാണ് സമാധാനമെന്നും, നമുക്കെല്ലാവർക്കും ജീവിതത്തിന്റെ പൂർണ്ണതയിൽ എത്തിച്ചേരാൻ കഴിയത്തക്കവണ്ണം ദൈവം തയ്യാറാക്കിയ ഒരു പദ്ധതിയിൽ നമ്മെ ഭാഗഭാക്കാക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
സമാധാന നിർമ്മാതാക്കളുടെ മറ്റൊരു സ്വഭാവം, ത്യാഗം ചെയ്യേണ്ടിവരുമ്പോഴും, പ്രയത്നങ്ങൾ തുടരുന്നതാണെന്നും, അതിനു ധൈര്യവും ദീർഘവീക്ഷണവും ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. അനിശ്ചിതത്വം, അക്രമം, ദാരിദ്ര്യം, മറ്റ് പല ഭീഷണികളും ഭാവിയെ ഇരുള് നിറഞ്ഞതാക്കുമ്പോഴും, ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
വാസ്തവത്തിൽ, സഭ, തന്റേതല്ലാത്ത രാജ്യങ്ങളിലേക്ക് കുടിയേറി പോകുന്നവരുടെ അന്തസ്സിനെക്കുറിച്ച് മാത്രമല്ല, ആരെയും തന്റെ മാതൃരാജ്യത്തുനിന്നും വിട്ടുപോകാൻ നിർബന്ധിക്കരുതെന്നും, സുരക്ഷിതമായി മടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും അതിനു കഴിയണമെന്നും നിരന്തരം ചിന്തിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. മനുഷ്യന്റെ ചലനാത്മകത, കണ്ടുമുട്ടലുകൾക്കും, പരസ്പര സമ്പുഷ്ടീകരണത്തിനുമുള്ള ഒരു വലിയ അവസരത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിശാസ്ത്രപരവും ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട്, പ്രാദേശികതയ്ക്കും ദേശീയതയ്ക്കും വഴങ്ങാതെ, നിലകൊള്ളുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ചെറുപ്പക്കാർ അവരുടെ ഭൂമി ഉപേക്ഷിച്ച് കുടിയേറാൻ നിർബന്ധിതരാകാതിരിക്കാൻ ഏവരും കൂട്ടായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തുപറഞ്ഞു.സമാധാനം സംരക്ഷിക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനു സ്ത്രീകളുടെ ഒഴിച്ചുകൂടാനാവാത്ത പങ്ക് പാപ്പാ അടിവരയിട്ടു. ജീവിതവുമായും ആളുകളുമായും ആഴത്തിലുള്ള ബന്ധങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നും വളർത്തിയെടുക്കാമെന്നും സ്ത്രീകൾക്ക് അറിയാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ലെബനൻ ജനതയുടെ സംഗീത പാരമ്പര്യത്തെയും ചൂണ്ടിക്കാണിച്ച പാപ്പാ, സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഭാഷയായി അത് മാറണമെന്ന് ഓർമ്മപ്പെടുത്തി. സമാധാനം ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഒരു സമ്മാനമാണെന്നും അത് ഏവരുടെയും ഹൃദയങ്ങളിൽ കുടികൊള്ളുന്നുവെന്നും എടുത്തു പറഞ്ഞ പാപ്പാ, അത് അപരനിലേക്ക് യാത്രയാകുന്ന ആത്മാവിന്റെ ചലനമാണെന്നും കൂട്ടിച്ചേർത്തു. തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

