ദുബായ്: കിഫ്ബിയിലൂടെ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി . കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് അയച്ച പശ്ചാത്തലത്തിൽ, ദുബായിൽ നടന്ന കേരളോത്സവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കിഫ്ബി വികസന സ്രോതസ്സാണെന്നും കഴിഞ്ഞ പത്ത് വർഷം കൊണ്ട് കിഫ്ബി മുഖേന 96,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.
നാടിൻ്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപവത്കരിച്ചത്. ദേശീയപാത വികസനത്തിന് മാത്രം 5,600 കോടി രൂപ നൽകിയത് കിഫ്ബിയാണ് – അദ്ദേഹം വ്യക്തമാക്കി.
വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഇതൊന്നും പരാമർശിക്കാതെയാണ് കിഫ്ബി വഴിയുള്ള നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞത്.

