തുർക്കി : തന്റെ അപ്പസ്തോലിക യാത്രകളുടെ തുടക്കം തുർക്കിയെയിൽ നിന്നും ആരംഭിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ, തുർക്കിയിൽ തന്റെ സന്ദേശം ആരംഭിച്ചത്.
നാടിന്റെ സൗന്ദര്യം, ദൈവസൃഷ്ടിയെ പരിപാലിക്കുന്നതിനു നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും, സ്ഥലങ്ങളുടെ സാംസ്കാരികവും കലാപരവും ആത്മീയവുമായ സമൃദ്ധി, വിവിധ തലമുറകളും പാരമ്പര്യങ്ങളും ആശയങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകളിലൂടെ മഹത്തായ നാഗരികതകൾ രൂപപ്പെടുമെന്നും അതിൽ വികസനവും, ജ്ഞാനവും ഐക്യപ്പെടുന്നുവെന്നും നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
തുടർന്ന്, ലോകം ഈ കാലഘട്ടത്തിൽ അനുഭവയ്ക്കുന്ന വിവിധ ദുരിതങ്ങളും പാപ്പാ വിവരിച്ചു. സ്വാർത്ഥപരമായ തീരുമാനങ്ങളിൽ ചവിട്ടിമെതിക്കപ്പെടുന്ന നീതിയും സമാധാനവും, ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളികളാണെന്നും, അവയ്ക്കു നേരെ ഉത്തരവാദിത്വമുള്ളവരായി നിലകൊള്ളണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.തന്റെ സന്ദർശനത്തിന്റെ അടയാളമായി ഉപയോഗിച്ചിരിക്കുന്ന ദർദാനെല്ലി പാലം, തുർക്കിയെ രാജ്യത്തിന്റെ പ്രത്യേക ദൗത്യം എടുത്തു കാണിക്കുന്നുവെന്നും, ഏഷ്യയെയും യൂറോപ്പിനെയും, പൗരസ്ത്യലോകത്തെയും, പാശ്ചാത്യ ലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലുപരി, ഈ അടയാളം തുർക്കിയെ അതിൽ തന്നെ പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും പാപ്പാ പ്രത്യേകം പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിന് ക്രിസ്ത്യാനികൾക്കും സംഭാവനകൾ നൽകുവാൻ സാധിക്കുമെന്നതിനു താൻ ഉറപ്പു നൽകുന്നതായും പാപ്പാ പറഞ്ഞു. അവരും തുർക്കിയുടെ സ്വത്വത്തിന്റെ ഭാഗമെന്നും പാപ്പാ കൂട്ടിച്ചേർത്തു. വിശാലമായ ലോകത്തിന്റെ ഉപരിതലത്തിൽ ജീവിച്ചുകൊണ്ട്, ബാഹ്യ ബന്ധങ്ങൾ മാത്രം കാത്തുസൂക്ഷിക്കുന്നത്, സുവിശേഷത്തിന്റെയും കത്തോലിക്കാ തത്ത്വത്തിന്റെയും വെളിച്ചത്തിൽ തെറ്റായ യുക്തിയാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.
“നിസ്സംഗതയുടെ ആഗോളവൽക്കരണത്തെ”എന്നും എതിർത്തിട്ടില്ല ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനവും പാപ്പാ അനുസ്മരിച്ചു. മറിച്ച് ഏവർക്കും ആവശ്യം, സ്നേഹത്തിന്റെ പാലങ്ങൾ പണിയുക എന്നതാണെന്നും, മതത്തിനു ഏറെ പ്രാധാന്യം കൽപ്പിക്കുന്ന തുർക്കിയേയിൽ, എല്ലാ ദൈവമക്കളുടെയും അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും പാപ്പാ പറഞ്ഞു.
പൊതുനന്മയും എല്ലാവരോടുള്ള ആദരവും പ്രോത്സാഹിപ്പിച്ചുകൊണ്ട്, പ്രാദേശിക രാഷ്ട്രീയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും പുനർനിർമ്മിക്കുവാനും, മനുഷ്യ കുടുംബത്തിന്റെ ഐക്യത്തിന് ഇതിനകം വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
തുടർന്ന്, സമൂഹത്തിൽ കുടുംബങ്ങളുടെ പ്രാധാന്യവും പാപ്പാ ഓർമ്മപ്പെടുത്തി.തുർക്കി സംസ്കാരത്തിൽ കുടുംബത്തിന് വലിയ പ്രാധാന്യം നിലനിൽക്കുന്നുവെന്നും, കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിൽ രാഷ്ട്രം ഏറെ സംരംഭങ്ങൾ നടത്തുന്നുവെന്നും പറഞ്ഞ പാപ്പാ, പരസ്പരം അടുപ്പിക്കുന്നതിനും, ശത്രുത വളർത്തുന്ന മനോഭാവങ്ങൾ ഒഴിവാക്കുവാനും കുടുംബങ്ങൾ വഹിക്കുന്ന പങ്കും അടിവരയിട്ടു പറഞ്ഞു.
സ്വാർത്ഥപരമായ, ഉപഭോക്തൃ സമ്പദ് വ്യവസ്ഥയുടെ മധ്യത്തിൽ, വാത്സല്യങ്ങളെയും ബന്ധങ്ങളെയും വിലമതിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കൂട്ടായ്മയിൽ മാത്രമാണ് ആധികാരികമായ ബന്ധം സൃഷ്ടിക്കപ്പെടുന്നതെന്നും, സ്നേഹത്തിൽ മാത്രമാണ് ആന്തരികത ആഴത്തിലുള്ളതാകുന്നതെന്നും പറഞ്ഞ പാപ്പാ, കുടുംബജീവിതത്തിൽ, വാസ്തവത്തിൽ, ദാമ്പത്യ സ്നേഹത്തിന്റെയും സ്ത്രീ സംഭാവനയുടെയും മൂല്യം ഉയർത്തിക്കൊണ്ടുവരണമെന്നും, അതിനുള്ള ശ്രമങ്ങൾ അഭിനന്ദനാർഹമെന്നും കൂട്ടിച്ചേർത്തു.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലമായി മാറുന്ന ഈ രാജ്യത്തിന്റെ സംഭാവനയോടെ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ പാപ്പാമാരുടെ സന്ദർശനങ്ങൾക്കു സാധിക്കട്ടെയെന്നു പാപ്പാ എടുത്തു പറഞ്ഞു. എന്നത്തേക്കാളും ഇന്ന് സംഭാഷണം വളർത്തുകയും ഉറച്ച ഇച്ഛാശക്തിയോടും ക്ഷമയോടും കൂടി അത് പരിശീലിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളുടെ ആവശ്യമുണ്ടെന്നും, വിനാശകരമായ ചലനാത്മകത ആഗിരണം ചെയ്യുന്ന യുദ്ധങ്ങളുടെ വെല്ലുവിളികളിൽ നിന്നും, ലോകത്തെ ആത്മീയവും ധാർമ്മികവുമായ ശക്തി ഉപയോഗിച്ച് സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുമായി സഹകരിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആഗ്രഹവും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
