എഡിറ്റോറിയൽ / ജെക്കോബി
അഞ്ചു വര്‍ഷം മുന്‍പ്, ബിജെപിക്ക് ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്ത്, മൂന്ന് കാര്‍ഷിക നിയമങ്ങളോടൊപ്പം പ്രതിപക്ഷ കക്ഷികളുടെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമായി പാസാക്കിയെടുത്ത നാല് തൊഴില്‍നിയമസംഹിതകള്‍ ഇത്രയുംകാലം കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കയായിരുന്നു. 2025 – 2047 കാലയളവില്‍ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പുതിയ ദേശീയ തൊഴില്‍ നയത്തിന്റെ കരട് ‘ ശ്രം ശക്തി നീതി 2025’ എന്ന പേരില്‍ അവതരിപ്പിച്ചതിനു പിന്നാലെ, ഒരു മുന്നറിയിപ്പുമില്ലാതെ, 2019-2020 കാലത്തെ ആ നാല് ലേബര്‍ കോഡുകള്‍ രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ട് നവംബര്‍ 21ന് കേന്ദ്ര തൊഴില്‍മന്ത്രാലയം വിജ്ഞാപനമിറക്കി.
ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍, നിര്‍ദേശക തത്ത്വങ്ങള്‍, ഫെഡറലിസം, രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട അടിസ്ഥാന തത്ത്വങ്ങള്‍, സംവരണ വ്യവസ്ഥകള്‍, കോടതി വിധികള്‍ എന്നിവയെ പാടേ നിരാകരിച്ചുകൊണ്ട്, തൊഴില്‍ അവകാശമല്ല, ധര്‍മ്മമാണ് എന്ന് മനുസ്മൃതി, ശുക്രനീതി, യാജ്ഞവല്ക്യസ്മൃതി, അര്‍ഥശാസ്ത്രം എന്നിവയെ ആധാരമാക്കി ചാതുര്‍വര്‍ണ്യവ്യവസ്ഥയിലെ നിര്‍വചനത്തിലേക്ക് തിരിച്ചുനടത്തുന്നതാണ് ശ്രം ശക്തി നീതി.
ഒരു നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്ത് പാസാക്കിയ 1923ലെ കോമ്പന്‍സേഷന്‍ ആക് ട് മുതല്‍ 2008ലെ സംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമങ്ങള്‍ വരെയുള്ള 29 നിയമങ്ങള്‍ ക്രോഡീകരിച്ചാണ് വേതനം, വ്യാവസായിക ബന്ധങ്ങള്‍, സാമൂഹിക സുരക്ഷ, തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സാഹചര്യങ്ങളും എന്നിവയുമായി ബന്ധപ്പെട്ട നാലു കോഡുകള്‍ 2019 ഓഗസ്റ്റ്, 2020 സെപ്റ്റംബര്‍ കാലയളവിലായി പാര്‍ലമെന്റ് പാസാക്കിയത്. പ്രധാനമന്ത്രി മോദി രണ്ടാം ടേമില്‍ ഏറ്റം പ്രതാപവാനായി വാണിരുന്ന കാലത്ത്, 2020 സെപ്റ്റംബറില്‍ ഏകപക്ഷീയമായി പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ അതിശക്തമായ കര്‍ഷക പ്രക്ഷോഭത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍വലിക്കേണ്ടിവന്ന സാഹചര്യത്തിലാണ്, ‘സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമഗ്രവും പുരോഗമനപരവുമായ തൊഴിലധിഷ്ഠിത പരിഷ്കാരങ്ങള്‍, വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ യാത്ര വേഗത്തിലാക്കുന്നവ’ എന്ന് മോദി ഇപ്പോള്‍ ഉദ്ഘോഷിക്കുന്ന നാലു തൊഴില്‍ സംഹിതകളും മരവിപ്പിക്കേണ്ടിവന്നത്.
കൊറോണ മഹാമാരിക്കാലത്തെ ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ഇന്ത്യയിലെ 40 കോടി തൊഴിലാളികള്‍ ദാരിദ്ര്യത്തിന്റെ വക്കിലെത്തുകയും അസംഘടിത മേഖലയില്‍ 19.50 കോടി പേര്‍ക്ക് പണിയില്ലാതാവുകയും ചെയ്ത സാഹചര്യം കൂടിയായിരുന്നു അത്.
ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാതെ പോയ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം രാഷ് ട്രീയമായി പരിക്ഷീണിതനായ മോദി, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലും, ഏറ്റവുമൊടുവില്‍ ബിഹാറിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വമ്പന്‍ വിജയത്തോടെ പഴയ വീര്യവും പ്രതിച്ഛായയും വീണ്ടെടുക്കുന്നതിന്റെ പ്രത്യക്ഷ ലക്ഷണമായി സമഗ്ര തൊഴില്‍ പരിഷ്കാരങ്ങളുടെ പുനരാവര്‍ത്തം വായിച്ചെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്.
മൂലധന ശക്തികള്‍ക്കും കോര്‍പറേറ്റ് കുത്തകകള്‍ക്കും സ്വതന്ത്ര വിപണിക്കും അനുകൂലമായി ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ നയത്തിന്റെ ഭാഗമായി, നിയമവ്യവസ്ഥകള്‍ ലളിതമാക്കാനും, നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും, വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങള്‍, തൊഴിലിടത്തിലെ സുരക്ഷ എന്നിവയ്ക്കായി ഒരു ഏകീകൃത ചട്ടക്കൂട് സൃഷ്ടിക്കാനുമുള്ള ശ്രമമായി ലേബര്‍ കോഡ് സമാഹരണത്തെ കാണാവുന്നതാണ്. മാറിയ സാഹചര്യത്തില്‍, 29 തൊഴില്‍ നിയമങ്ങള്‍ നാലു കോഡുകളായി ക്രോഡീകരിക്കപ്പെടുമ്പോള്‍, നിലവിലുള്ള 1,436 ചട്ടങ്ങള്‍ 351 ആയി ചുരുങ്ങുന്നു. ഒരു വ്യവസായ യൂണിറ്റ് 31 റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടിയിരുന്നത് ഒരൊറ്റ ഇലക് ട്രോണിക് റിട്ടേണ്‍ മാത്രമാകുന്നു. 181 ഫോമുകള്‍ക്കു പകരം 73 ഫോമുകള്‍ മതി. 84 രജിസ്റ്ററുകള്‍ എട്ടെണ്ണമായി ചുരുങ്ങുന്നു. എട്ടു രജിസ്ട്രേഷനുകളും നാല് ലൈസന്‍സുകളും വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ ഓരോന്നില്‍ ഒതുങ്ങുന്നു.
അതേസമയം, പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ റദ്ദാക്കുന്നതും, തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കാനും സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം തന്നെ നിഷേധിക്കുന്നതുമാണ് ലേബര്‍ കോഡ് പരിഷ്കാരങ്ങള്‍. പ്രതിഷേധിക്കാനുള്ള അവകാശം പോലുമില്ലാതാകുന്നു. പണിമുടക്കു നടത്താന്‍ 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. ചര്‍ച്ചയ്ക്കു വിളിച്ച് പണിമുടക്കിന് അനുമതി നിഷേധിക്കാം. നോട്ടീസ് നല്‍കാതെ സമരം ചെയ്യുന്നവരെ ജാമ്യമില്ലാത്ത വകുപ്പില്‍ അറസ്റ്റു ചെയ്ത് ജയിലിലടക്കാം, ഒരു മാസം തടവും 50,000 പിഴയുമാണ് ശിക്ഷ. സമരവേദിയില്‍ പ്രസംഗിച്ചാലും സംഭാവന നല്കിയാലും അറസ്റ്റിലാകാം. മൊത്തം ജീവനക്കാരുടെ 10 ശതമാനമോ നൂറു ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രമേ ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകാരമുണ്ടാകൂ. തൊഴിലാളികളില്‍ 51 ശതമാനം പേര്‍ക്ക് അംഗത്വമുള്ള യൂണിയനുകള്ക്കേ മാനേജ്മെന്റുമായി നേരിട്ടു ചര്‍ച്ച നടത്താന്‍ കഴിയൂ. പുറത്തുനിന്നുള്ള ട്രേഡ് യൂണിയന് നേതാക്കളുടെ എണ്ണം സംഘടിത മേഖലയില്‍ അഞ്ചായി കുറച്ചു. തൊഴിലാളികളായ യൂണിയന് നേതാക്കളെപ്പോലും നിയമക്കുരുക്കില്‍പെടുത്തി പുറത്താക്കാനാകും. കൂട്ട കാഷ്വല്‍ അവധിയും പണിമുടക്കായി കണക്കാക്കും.
ജോലിസ്ഥിരതയും തൊഴില്‍ സുരക്ഷയും ഇല്ലാതാക്കുന്നു എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം. സ്ഥിരം ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമെ ‘ഫിക്സഡ് ടേം എംപ്ലോയ്മെന്റ്’ എന്ന പേരില്‍ നിശ്ചിതകാലത്തേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സാമൂഹിക സുരക്ഷാ കോഡ് അംഗീകാരം നല്കുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ‘നിശ്ചിതസമയ’ ജീവനക്കാര്‍ക്കും നല്‍കണമെന്നാണ് വ്യവസ്ഥ. ഗ്രാറ്റുവിറ്റിക്ക് അര്‍ഹത നേടാന്‍ അഞ്ചു വര്‍ഷത്തെ സര്‍വീസ് വേണമെന്ന വ്യവസ്ഥ മാറ്റി, ഒരു വര്‍ഷമാകുമ്പോള്‍ തന്നെ ഗ്രാറ്റുവിറ്റി അനുവദിക്കുന്നു. ശമ്പളം, അവധി, മെഡിക്കല്‍ ആനുകൂല്യം, സാമൂഹിക സുരക്ഷ തുടങ്ങി എല്ലാ കാര്യങ്ങളിലും സ്ഥിരം ജീവനക്കാര്‍ക്കു തുല്യമായ വ്യവസ്ഥകളാണ് ഫിക്സഡ് ടേം വിഭാഗത്തിനും. എന്നാല്‍ ആറാം മാസം പിരിച്ചുവിട്ട് ഏതാനും ദിവസം കഴിഞ്ഞ് തിരിച്ചെടുത്താല്‍ ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനിടയില്ല.
ഓരോ സ്ഥാപനത്തിലും നിയമനങ്ങള്‍ ‘ഹൈബ്രിഡ്’ ആയി മാറും. സ്ഥിരം ജീവനക്കാര്‍ കുറയും, കൂടുതല്‍ പേരും ഫിക്സഡ് ടേമിലാകും. ഐടി, നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പുകള്‍, പ്രോജക്ട് അധിഷ്ഠിത മേഖലകള്‍, സീസണ് അനുസരിച്ച് മാറുന്ന ജോലി എന്നിവയില്‍ ഇങ്ങനെ സമയബന്ധിത കരാറുകളിലാകും കൂടുതല്‍ പേര് ജോലി ചെയ്യുക. കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴില്‍ അവസാനിക്കും.
പുതിയ വ്യവസായ ബന്ധ കോഡ് പ്രകാരം, അന്‍പതില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ പിരിച്ചുവിടലിനു നഷ്ടപരിഹാരം നല്‍കേണ്ടതില്ല. 300 ജീവനക്കാര്‍ വരെയുള്ള ഫാക്ടറികളിലും പ്ലാന്റേഷനുകളിലും ഖനികളിലും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ ലേ ഓഫ് പ്രഖ്യാപിക്കാം, ജീവനക്കാരെ മൊത്തം പിരിച്ചുവിടാം, അടച്ചുപൂട്ടാം. ഇതുവരെ നൂറു ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇതു ബാധകമായിരുന്നത്. 299 സ്ഥിര ജീവനക്കാരും 3,000 കരാര്‍ തൊഴിലാളികളുമുള്ള സ്ഥാപനം അടച്ചുപൂട്ടിയാല്‍ എന്തു സംഭവിക്കും എന്ന ചോദ്യം അവശേഷിക്കുന്നു.
നൂറോ അതില്‍ അധികമോ തൊഴിലാളികള്‍ ഉള്ള സ്ഥാപനം ഇന്‍ഡസ്ട്രി (വ്യവസായം) എന്ന പട്ടികയില്‍ പെടും എന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. നൂറില്‍ നിന്ന് മുന്നൂറോ അതിലധികമോ എന്നാക്കിയതോടെ, നിലവിലുള്ള വ്യവസായങ്ങളുടെ 70 ശതമാനത്തിലധികവും, തൊഴിലാളികളുടെ 74 ശതമാനത്തിലേറെയും ഇന്‍ഡസ്ട്രി എന്ന പട്ടികയില്‍ നിന്നു പുറത്താക്കപ്പെടുന്നു. സംസ്ഥാനങ്ങള്‍ക്ക് ഇനിയും ഈ പരിധി ഉയര്‍ത്താം.
തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനൂകൂല്യങ്ങളും നഷ്ടപരിഹാരവും കിട്ടുന്നതിനുള്ള പരാതി പരിഹാര സംവിധാനവും ഇല്ലാതാവുകയാണ്. ജില്ലകളിലെ ലേബര്‍ കോടതികള്‍ നിര്‍ത്തലാക്കും. ജില്ലകളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യം എന്താകും എന്നു നിശ്ചയമില്ല. സംസ്ഥാനത്തൊട്ടാകെ രണ്ട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലുകളേ ഇനി ഉണ്ടാവുകയുള്ളൂ. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ലേബര്‍ ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക, ഇന്‍സ്പെക്ടര്‍ കം ഫസിലിറ്റേറ്റര്‍ എന്നാക്കി മാറ്റി. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനെക്കാള്‍, തൊഴിലുടമകള്‍ക്ക് ഉപദേശം നല്കുകയാണവരുടെ ദൗത്യം. തൊഴിലുടമകള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. വിവിധ ക്ഷേമ പദ്ധതികളില്‍ തൊഴിലുടമകള്‍ നല്‍കേണ്ട വിഹിതവും വെട്ടിക്കുറയ്ക്കുന്നുണ്ട്. നിര്‍മാണ മേഖലയില്‍ ഉടമകള്‍ സെസ് ഇനത്തില്‍ എന്തു വിഹിതം നല്‍കണമെന്ന് അവര്‍ സ്വയം തീരുമാനിക്കും.
അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം പുതിയ വേതന കോഡില്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന് അടിസ്ഥാനമായി ‘ദേശീയ തറക്കൂലി’ (ഫ്ളോര്‍ വേജ്) എന്ന സ്റ്റാറ്റിയൂട്ടറി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കും. മൂന്നംഗ കുടുംബത്തിന്റെ ജീവിതച്ചെലവും പ്രാദേശിക സാമ്പത്തിക ഘടകങ്ങളും പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന മിനിമം വേതനം നിര്‍ണയിക്കാം. കേരളത്തില്‍ ഇപ്പോള്‍ 700 രൂപ വരെ മിനിമം വേതനം അനുവദിക്കുന്നുണ്ട്. കേന്ദ്രം തറക്കൂലി നിശ്ചയിച്ചാല്‍ മിനിമം വേതനം പലയിടത്തും വെട്ടിക്കുറയ്ക്കാനാണ് സാധ്യത.
അടിസ്ഥാന ശമ്പളം, ഡിയര്‍നസ് അലവന്‍സ്, റിട്ടെയ്നിങ് അലവന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ‘വേതനം’ എന്ന് പുതിയ കോഡില്‍ വ്യക്തമാക്കുന്നു. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ബോണസ് എന്നിവയുടെ വിഹിതത്തെ ബാധിക്കുന്ന തരത്തില്‍ ബേസിക് പേ കുറച്ചുകാട്ടി മറ്റ് അലവന്‍സുകള്‍ വര്‍ധിപ്പിക്കുന്ന രീതിക്ക് അറുതി വരുത്താനായി മൊത്തം ശമ്പളത്തിന്റെ 50 ശതമാനം ബേസിക് പേയും ഡിഎയും റിട്ടെയ്നിങ് അലവന്സുമായിരിക്കണം എന്നാണ് പുതിയ ചട്ടം. കയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവുണ്ടായേക്കാമെങ്കിലും പിഎഫ്, ഗ്രാറ്റുവിറ്റി വിഹിതം വര്‍ധിക്കാന്‍ ഇത് ഇടയാക്കും.
സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഊബര്‍ പോലുള്ള ‘ഗിഗ്’, ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ, ഇ-കൊമേഴ്സ്, ക്വിക്-കൊമേഴ്സ്, ആപ് പ്ലാറ്റ്ഫോം ക്യാബ് ഡ്രൈവിങ് തുടങ്ങി നവസാങ്കേതികവിദ്യയിലധിഷ്ഠിതമായ സേവനങ്ങള്‍ നല്കുന്ന തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷയും മിനിമം വേതനവും പുതിയ തൊഴില്‍ സംഹിതയില്‍ ഉറപ്പുനല്‍കുന്നു. ഇത്തരം സേവനങ്ങളുടെ അഗ്രിഗേറ്റര്‍ കമ്പനിയുടെ വാര്‍ഷിക വിറ്റുവരവിന്റെ രണ്ടു ശതമാനം ലൈഫ്, ഡിസബിലിറ്റി ഇന്‍ഷുറന്‍സ്, ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നാണ് വ്യവസ്ഥ.
ഖനി, ഹെവി മെഷിനറി, അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യവസായം തുടങ്ങി ഏതു മേഖലയിലും സ്ത്രീ തൊഴിലാളികളെ നിയോഗിക്കാം, അവര്‍ക്ക് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി ചെയ്യാം എന്നത് വിപ്ലവകരമായ മാറ്റമാണ്.
രാവിലെ ആറുമണിക്കു മുന്‍പും വൈകുന്നേരം ഏഴുമണിക്കു ശേഷവും ജോലി ചെയ്യാന്‍ സ്ത്രീതൊഴിലാളികളുടെ സമ്മതം ആരായുകയും അവരുടെ സുരക്ഷിതത്വം തൊഴിലുടമ ഉറപ്പാക്കുകയും വേണം. പുരുഷനും സ്ത്രീക്കും തുല്യജോലിയും തുല്യവേതനവും നടപ്പാക്കുമ്പോള്‍, ഓവര്‍ടൈം നിര്‍ബന്ധമല്ലെന്നും പറയുന്നു. ജോലിസമയം ദിവസം എട്ടുമണിക്കൂറാണ്, ഓവര്‍ടൈമിന് സാധാരണ നിരക്കിന്റെ ഇരട്ടി വേതനം നല്‍കണമെന്നാണ് നിബന്ധന. ആഴ്ചയില്‍ പരമാവധി 48 മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥ പ്രകാരം 12 മണിക്കൂര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്താനിടയുണ്ട്. അസംഘടിത മേഖലയിലും സ്ത്രീകള്‍ക്ക് 26 ആഴ്ച വേതനത്തോടെയുള്ള അവധി പ്രസവാനുകൂല്യങ്ങളുടെ ഭാഗമാണ്. കുട്ടികളെ ദത്തെടുക്കുന്ന അമ്മമാര്‍ക്കും പ്രത്യേക ആനുകൂല്യം അനുവദിക്കുന്നുണ്ട്.
അസംഘടിത മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ ഔപചാരികമായി നിയമന കത്തുകള്‍ നല്‍കേണ്ടതുണ്ട്. ഇത് തൊഴില്‍, വേതനം, സാമൂഹിക സുരക്ഷാ അവകാശങ്ങള്‍ എന്നിവയ്ക്ക് രേഖാമൂലമുള്ള തെളിവാകും. തൊഴിലുടമകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ വേതനം നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ കര്‍ഷക തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ബാലവേലക്കാര്‍, ആശ, അംഗന്‍വാടി ജീവനക്കാര്‍, ശിക്ഷാ മിത്രങ്ങള്‍, ഓക്സിലറി നഴ്സുമാര്‍, സ്കൂളുകളിലെ ഉച്ചഭക്ഷണ പാചകക്കാര്‍ തുടങ്ങിയ മുന്‍നിര തൊഴിലാളി ഗ്രൂപ്പുകളെ നിയമപരമായ ഒരു പരിരക്ഷയ്ക്കും പരിഗണിക്കുന്നില്ല.
സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആഗോള വ്യാപാരമാറ്റങ്ങള്, കാലാവസ്ഥാ വെല്ലുവിളികള്‍, ഭൗമരാഷ്ട്രീയം എന്നിവ മൂലം ജോലിസ്ഥലം അഗാധമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് കൈകാര്യം ചെയ്യുന്നതിന് തിടുക്കത്തിലുള്ള നിയമനിര്‍മാണത്തിന് പകരം സുതാര്യവും സൂക്ഷ്മവുമായ നയരൂപീകരണം ആവശ്യമാണ്. സര്‍ക്കാരും തൊഴിലുടമകളും തൊഴിലാളി സംഘടനകളും ചേര്‍ന്നു ചര്‍ച്ച നടത്തുന്ന ത്രികക്ഷി സംവിധാനമായ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് (ഐഎല്‍സി) കഴിഞ്ഞ പത്തുവര്‍ഷമായി സമ്മേളിച്ചിട്ടേയില്ല. പ്രതിമാസ മിനിമം വേതനം 18,000 രൂപയാക്കണമെന്ന് ഐഎല്‍സി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇത് 26,000 രൂപയായി ഉയര്‍ത്തണമെന്നാണ് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
കേരളത്തില്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടേ ലേബര്‍ കോഡ് ചട്ടങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി പറയുന്നുണ്ട്. ഇടതുമുന്നണിയോ സിഐടിയു, എഐടിയുസി എന്നീ ഭരണപക്ഷ ട്രേഡ് യൂണിയനുകളോ അറിയാതെയാവണം വേതന കോഡിന് 2021 ഡിസംബറില്‍ സംസ്ഥാന തൊഴില്‍ വകുപ്പ് കരടുചട്ടം വിജ്ഞാപനം ചെയ്തത്!
ബിഎംഎസ് ഒഴികെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും ചേര്‍ന്ന് തൊഴില്‍ സംഹിതകള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിയ ഐതിഹാസിക സമരത്തിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് ദീര്‍ഘകാല സമരപരമ്പരയ്ക്ക് ആഹ്വാനം നല്‍കുന്നത്. ഇക്കുറി തടിതപ്പാനുള്ള കോഡ് ഏതെങ്കിലും ധ്വജത്തില്‍ പാറുമോ?

