ബെയ്ജിംഗ്: പാർപ്പിട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ 44 പേർ മരിച്ചു . 279പേരെ കാണാതായിട്ടുണ്ട് . 700പേരെ രക്ഷപ്പെടുത്തി ഷെൽട്ടറുകളിലേക്ക് മാറ്റി.
കെട്ടിട നിർമാണ കമ്പനി എക്സിക്യൂട്ടീവുകളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ഡയറക്ടർമാരും ഒരു കൺസൾട്ടൻറുമാണ് അറസ്റ്റിലായത്. തീ പെട്ടെന്ന് പടരാൻ കാരണമായേക്കാവുന്ന നിലവാരമില്ലാത്ത വസ്തുക്കൾ നിർമാണത്തിനായി ഉപയോഗിച്ചെന്ന പേരിലാണ് അറസ്റ്റ് .
800ലധികം അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണയ്ക്കാനായി പരിശ്രമിക്കുന്നത്. എട്ട് കെട്ടിടങ്ങളിൽ നാലെണ്ണത്തിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട് .
തായ് പോ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4600 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിൻറെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള തട്ടുകൾ അതിവേഗം തീ പടരാൻ ഇടയാക്കി.

