വത്തിക്കാൻ സിറ്റി: നവംബർ മാസം ഇരുപത്തിമൂന്നാം തീയതി,ക്രിസ്തു രാജന്റെ തിരുനാൾ ദിവസം, ഗായക സംഘങ്ങളുടെ ജൂബിലി ആഘോഷവേളയിൽ ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധ ബലിയർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. സന്ദേശത്തിന്റെ മലയാള പരിഭാഷ.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
“നമ്മൾ സന്തോഷത്തോടെ കർത്താവിന്റെ ഭവനത്തിലേക്ക് പോകും” (cf. സങ്കീർത്തനം 121) എന്ന് പ്രതിവചന സങ്കീർത്തനത്തിൽ നമ്മൾ പാടി. അതിനാൽ, ഇന്നത്തെ ആരാധനക്രമം നമ്മെ ക്ഷണിക്കുന്നത്, പ്രപഞ്ചത്തിന്റെ രാജാവും, സൗമ്യനും എളിമയുള്ളവനുമായ പരമാധികാരിയും, എല്ലാറ്റിന്റെയും ആരംഭവും അവസാനവുമായ കർത്താവായ യേശുക്രിസ്തുവിന്റെ അടുത്തേക്ക് സ്തുതികളോടെയും. സന്തോഷത്തോടെയും ഒരുമിച്ച് നടക്കാനാണ്.
അവന്റെ ശക്തി സ്നേഹമാണ്, അവന്റെ സിംഹാസനം കുരിശാണ്, കുരിശിലൂടെ അവന്റെ രാജ്യം ലോകമെമ്പാടും പ്രസരിക്കുന്നു. “കുരിശിൽ നിന്ന് അവൻ ഭരണം നടത്തുന്നു”. സമാധാനത്തിന്റെ രാജകുമാരനും, നീതിയുടെ രാജാവുമായി, തന്റെ പീഡാസഹനത്തിൽ, ദൈവീക ഹൃദയത്തിന്റെ അപാരമായ കാരുണ്യം ലോകത്തിന് വെളിപ്പെടുത്തുന്നു. ഈ സ്നേഹമാണ് നിങ്ങളുടെ ഗാനത്തിന്റെ പ്രചോദനവും കാരണവും.
പ്രിയപ്പെട്ട ഗായകസംഘാംഗങ്ങളേ, സംഗീതജ്ഞരേ, ഇന്ന് നിങ്ങൾ നിങ്ങളുടെ ജൂബിലി ആഘോഷിക്കുന്നു. നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ ആത്മീയ ഉന്നമനത്തിനും, കർത്താവിന്റെ മഹത്വത്തിനും വേണ്ടി നിങ്ങളുടെ ശബ്ദങ്ങളും കഴിവുകളും ഉപയോഗിച്ച് അവനെ സേവിക്കാനുള്ള ദാനവും, കൃപയും ലഭിച്ചതിനു കർത്താവിനോട് നിങ്ങൾ നന്ദി പറയുന്നു. ദൈവത്തെ സ്തുതിക്കുന്നതിൽ അവരെ ഒന്നിച്ചുചേർക്കുകയും, ഗീതങ്ങളിലൂടെ ആരാധനാക്രമത്തിൽ അവരെ കൂടുതൽ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ദൗത്യം.
ഇന്ന് നിങ്ങൾ നിങ്ങളുടെ ജൂബിലി ദിനത്തിൽ, കൃപയും ആനന്ദവും നിറഞ്ഞ ഹൃദയത്തിൽ നിന്ന് വരുന്ന നിങ്ങളുടെ സന്തോഷം പൂർണ്ണമായും പ്രകടിപ്പിക്കുന്നു.മഹത്തായ നാഗരികതകൾ നമുക്ക് സംഗീതമെന്ന സമ്മാനം നൽകിയിട്ടുണ്ട്, അതുവഴി നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിൽ സംവഹിക്കുന്നതും വാക്കുകൾക്ക് എല്ലായ്പ്പോഴും പ്രകടിപ്പിക്കാൻ കഴിയാത്തതുമായ കാര്യങ്ങൾ പറയുവാൻ സാധിക്കുന്നു.
യാഥാർത്ഥ്യവുമായുള്ള ഒരു സജീവ ബന്ധത്തിൽ നിന്ന് നമ്മിൽ ഉടലെടുക്കുന്ന വികാരങ്ങളുടെയും വിചാരങ്ങളുടെയും മുഴുവൻ ശ്രേണിയും സംഗീതത്തിൽ ആവിഷ്കാരം കണ്ടെത്തുന്നു. പ്രത്യേകിച്ച്, സംഗീതം, മനുഷ്യന്റെ സ്വാഭാവികവും പൂർണ്ണവുമായ പ്രകടനത്തെ പ്രതിനിധീകരിക്കുന്നു: മനസ്സ്, വികാരങ്ങൾ, ശരീരം, ആത്മാവ് എന്നിവ ജീവിതത്തിലെ മഹത്തായ കാര്യങ്ങൾ ആശയവിനിമയം ചെയ്യാൻ ഇവിടെ ഒന്നിക്കുന്നു.
വിശുദ്ധ അഗസ്റ്റിൻ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, സ്നേഹിക്കുന്നവർക്ക് പാടുന്നത് ഉചിതമാണ്. പാടുന്നയാൾ സ്നേഹം പ്രകടിപ്പിക്കുന്നു, മാത്രമല്ല അവന്റെ ഹൃദയത്തിൽ വസിക്കുന്ന വേദന, ആർദ്രത, ആഗ്രഹം എന്നിവയും പ്രകടിപ്പിക്കുന്നു, അതേ സമയം, താൻ ആരെക്കുറിച്ചാണോ പാടുന്നത്, ആ വ്യക്തിയെയും സ്നേഹിക്കുന്നു.
ദൈവജനത്തിന്, സംഗീതമെന്നത്, പ്രാർത്ഥനയും സ്തുതിയും പ്രകടിപ്പിക്കുന്നു; ഇത് ഉയിർത്തെഴുന്നേറ്റ ക്രിസ്തു പിതാവിലേക്ക് ഉയർത്തുന്ന “പുതിയ ഗാനമാണ്”. ആത്മാവിന്റെ നവജീവനാൽ സജീവമാക്കപ്പെട്ട ഒരൊറ്റ ശരീരമായി, സ്നാനമേറ്റ എല്ലാവരെയും ഈ കീർത്തനത്തിൽ പങ്കെടുപ്പിക്കുന്നു. ക്രിസ്തുവിൽ, നാം കൃപയുടെ ഗായകരാകുന്നു, ഉയിർത്തെഴുന്നേറ്റവനിൽ തങ്ങളുടെ സ്തുതിയുടെ കാരണം കണ്ടെത്തുന്ന സഭയുടെ മക്കൾ. അങ്ങനെ ആരാധനാ സംഗീതം ഒരു വിലയേറിയ ഉപകരണമായി മാറുന്നു, അതിലൂടെ നാം ദൈവത്തെ സ്തുതിക്കാനുള്ള സേവനം നിർവഹിക്കുകയും, ക്രിസ്തുവിൽ നവമായ ജീവന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
വിശുദ്ധ അഗസ്റ്റിൻ വീണ്ടും നമ്മെ ഉദ്ബോധിപ്പിക്കുന്നു, ക്ഷീണിതരായ വഴിയാത്രക്കാരെപ്പോലെ, അവർ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അനുഭവിക്കുന്ന സന്തോഷത്തിന്റെ ഒരു മുൻകരുതൽ ഗാനത്തിലൂടെ പ്രകടിപ്പിക്കുന്നതുപോലെ, നാം ജീവിത യാത്രയിൽ സംഗീതമാലപിക്കണം. നന്മയിൽ മുന്നേറുക, സംഗീതമാലപിച്ചുകൊണ്ട് നടക്കുക. അതിനാൽ ഒരു ഗായകസംഘത്തിന്റെ ഭാഗമാകുക എന്നതിനർത്ഥം ഒരുമിച്ച് മുന്നോട്ട് പോകുക, നമ്മുടെ സഹോദരീസഹോദരന്മാരെ കൈപിടിച്ച് മുൻപോട്ടു കൊണ്ടുപോകുക, നമ്മോടൊപ്പം നടക്കാൻ അവരെ സഹായിക്കുക, അവരോടൊപ്പം ദൈവസ്തുതി പാടുക, അവരുടെ കഷ്ടപ്പാടുകളിൽ അവരെ ആശ്വസിപ്പിക്കുക, അവർ ക്ഷീണിതരാകുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുക, ക്ഷീണം ഉണ്ടാകുമ്പോൾ അവരെ പ്രചോദിപ്പിക്കുക എന്നിവയാണ്.
നമ്മൾ ഒരു യാത്രയിലായിരിക്കുന്ന ഒരു സഭയാണെന്നും, ഒരു യഥാർത്ഥ സിനഡൽ യാഥാർത്ഥ്യമാണെന്നും, സ്നേഹത്തിന്റെയും പ്രത്യാശയുടെയും തീർത്ഥാടനത്തിൽ, സ്തുതിയും സന്തോഷവും എല്ലാവരുമായും പങ്കിടാൻ കഴിവുള്ളവരാണെന്നും സംഗീതം നമ്മെ ഓർമ്മിപ്പിക്കുന്നു.ഗായകസംഘത്തിന്റെ ഗാനാലാപനത്തെ സഭയുടെ ഐക്യവുമായി ബന്ധിപ്പിക്കുന്ന വികാരഭരിതമായ വാക്കുകൾ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസും ഉപയോഗിക്കുന്നുണ്ട്. “നിങ്ങളുടെ ഐക്യത്തിൽ നിന്നും, നിങ്ങളുടെ സ്വരച്ചേർച്ചയുള്ള സ്നേഹത്തിൽ നിന്നും, ഞങ്ങൾ യേശുക്രിസ്തുവിനു സംഗീതമാലപിക്കുന്നു.
നിങ്ങളിൽ ഓരോരുത്തരും ഒരു ഗായകസംഘമായി മാറുന്നു, അങ്ങനെ നിങ്ങളുടെ ഐക്യത്തിൽ ദൈവത്തിന്റെ സ്വരം സ്വീകരിച്ച്, യേശുക്രിസ്തുവിലൂടെ നിങ്ങൾ ഏകസ്വരത്തിൽ പിതാവിന് സ്തുതി പാടുന്നു, അങ്ങനെ അവൻ നിങ്ങളെ കേൾക്കുകയും നിങ്ങളുടെ നല്ല പ്രവൃത്തികൾ വഴിയായി നിങ്ങളെ തിരിച്ചറിയുകയും ചെയ്യും”. തീർച്ചയായും, ഒരു ഗായകസംഘത്തിന്റെ വ്യത്യസ്ത ശബ്ദങ്ങൾ പരസ്പരം യോജിച്ചുകൊണ്ട്, ഒരൊറ്റ സ്തുതിക്ക് കാരണമാകുന്നു,
ഇതാണ്, സ്നേഹത്തിൽ എല്ലാവരെയും ഒരൊറ്റ മധുരഗാനത്തിൽ ഒന്നിപ്പിക്കുന്ന സഭയുടെ തിളങ്ങുന്ന പ്രതീകം.പ്രാഥമികമായി ആരാധനാക്രമസേവനത്തിൽ ഗായകസംഘങ്ങൾ ഉൾപ്പെടുന്നു. നിങ്ങളുടേത് ഒരു യഥാർത്ഥ ശുശ്രൂഷയാണ്, അതിന് ഒരുക്കവും വിശ്വസ്തതയും പരസ്പര ധാരണയും എല്ലാറ്റിനുമുപരി, ആഴത്തിലുള്ള ആത്മീയ ജീവിതവും ആവശ്യമാണ്.
നിങ്ങൾ പാടുമ്പോൾ പ്രാർത്ഥിക്കുകയാണെങ്കിൽ, എല്ലാവരെയും പ്രാർത്ഥിക്കാൻ നിങ്ങൾ സഹായിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ സമൂഹങ്ങൾക്കായി ഒരു ഗൗരവമേറിയ ആരാധനക്രമ ആഘോഷമോ, ഏതെങ്കിലും പ്രധാനപ്പെട്ട പരിപാടിയോ തയ്യാറാക്കുമ്പോൾ, അച്ചടക്കവും സേവന മനോഭാവവും ആവശ്യമുള്ള ഒരു ശുശ്രൂഷയാണിത്. സംഗീതത്തോടുള്ള സ്നേഹത്താലും, സേവനമനോഭാവത്താലും വിവിധ ആളുകൾ ഒന്നിച്ചുചേരുന്ന ഒരു ചെറിയ കുടുംബമാണ് ഗായകസംഘം.
എന്നിരുന്നാലും, സമൂഹം നിങ്ങളുടെ വിപുലീകൃത കുടുംബമാണെന്ന് ഓർമ്മിക്കുക: നിങ്ങൾ അതിന്റെ മുന്നിൽ നിൽക്കുന്നവരല്ല, മറിച്ച് അതിന്റെ ഭാഗമാണ്, പ്രചോദനം നൽകി അതിനെ ഉൾപ്പെടുത്തി, കൂടുതൽ ഐക്യപ്പെടുത്താൻ നിങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാ കുടുംബങ്ങളിലെയും പോലെ, പിരിമുറുക്കങ്ങളോ ചെറിയ തെറ്റിദ്ധാരണകളോ ഉണ്ടാകാം, നിങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ഒരു ലക്ഷ്യം നേടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഇത് സാധാരണമാണ്.
ലക്ഷ്യത്തിലേക്ക് എത്തുവാൻ, ദൈവത്തെ സ്തുതിച്ചുകൊണ്ട് , ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന സഭയുടെ ഒരു പ്രതീകമാണ് ഗായകസംഘം എന്ന് നമുക്ക് പറയാം. ചില സമയങ്ങളിൽ ഈ യാത്ര ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും നിറഞ്ഞതാണെങ്കിലും, സന്തോഷവും, കഷ്ടപ്പാടുകളും ഇടകലർന്നു വരുന്നുവെങ്കിലും, സംഗീതം, യാത്രയെ എളുപ്പമാക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്നു.അതിനാൽ, നിങ്ങളുടെ ഗായകസംഘങ്ങളെ ഐക്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു അത്ഭുതമായി രൂപാന്തരപ്പെടുത്താൻ പരിശ്രമിക്കുക, സഭ തന്റെ നാഥനെ സ്തുതിക്കുന്നതിന്റെ തിളങ്ങുന്ന പ്രതിച്ഛായയായി മാറുക.
സഭാപഠനങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കുക. നിങ്ങളുടെ സേവനം ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൗൺസിൽ രേഖകളിൽ എടുത്തു പറയുന്നുണ്ട്. എല്ലാറ്റിനുമുപരി, ആരാധന കർമ ആഘോഷങ്ങളിൽ സഭയുടെ സജീവ പങ്കാളിത്തത്തെ ഒഴിവാക്കുകയും, പ്രദർശനം നടത്തുകയും ചെയ്യുന്ന പ്രലോഭനങ്ങൾക്ക് വശംവദരാകാതെ, എല്ലായ്പ്പോഴും ദൈവജനത്തെ ഉൾപ്പെടുത്തുക. സംഗീതത്തിന്റെ സൗന്ദര്യത്തിലൂടെ ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന സഭയുടെ പ്രാർത്ഥനയുടെ അടയാളമായിരിക്കുക.
നിങ്ങളുടെ ആത്മീയ ജീവിതം എല്ലായ്പ്പോഴും നിങ്ങൾ ചെയ്യുന്ന സേവനത്തിന്റെ നിലവാരത്തിനനുസരിച്ച് ജീവിക്കുന്നുവെന്ന് ജാഗ്രത പാലിക്കുക, അതുവഴി ആരാധനക്രമത്തിന്റെ കൃപ ആധികാരികമായി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് കഴിയും.ക്രിസ്തുവിന് സ്വയം സമർപ്പിച്ച്, റോമിൽ ഏറ്റവും മനോഹരമായ സ്നേഹഗാനം ആലപിച്ചുകൊണ്ട് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും തിളക്കമാർന്ന സാക്ഷ്യം സഭയ്ക്ക് സമർപ്പിച്ച കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ സിസിലിയയുടെ സംരക്ഷണത്തിൽ ഞാൻ നിങ്ങളെയെല്ലാം സമർപ്പിക്കുന്നു.
ഇന്നത്തെ ആരാധനക്രമത്തിലെ പ്രതിവചന സങ്കീർത്തനത്തിന്റെ ക്ഷണം ഒരിക്കൽ കൂടി സ്വന്തമാക്കാം: “നമുക്ക് സന്തോഷത്തോടെ കർത്താവിന്റെ ഭവനത്തിലേക്ക് പോകാം.”

