തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് ശേഷം ആണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ അറസ്റ്റ്. നിലവിൽ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പദ്മകുമാർ. പത്മകുമാറിനെ ചോദ്യംചെയ്തത് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ്. മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. രണ്ടുപേരെയും ഒരുമിച്ച് ആയിരുന്നു ചോദ്യം ചെയ്തത്.
സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്ഐടി നോട്ടിസ് നൽകിയിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്. എൻ വാസു ദേവസ്വം ബോർഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ വൈകാൻ കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

