ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യദിനത്തിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിൽ കേരളം. ബാബ അപരാജിത്, അഭിജിത് പ്രവീൺ എന്നിവരുടെ അർധസെഞ്ചുറികളാണ് കേരളത്തിനെ രക്ഷപ്പെടുത്തിയത്. അഭിഷേക് ജെ നായർ, അഭിജിത് പ്രവീൺ, ശ്രീഹരി എസ് നായർ എന്നിവർ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം.
കേരളത്തിനായി അഭിഷേക് ജെ നായരും രോഹൻ കുന്നുമ്മലും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായിരുന്നു . കുമാർ കാർത്തികേയയുടെ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് താരത്തെ മടക്കിയത്.രണ്ടാം വിക്കറ്റിൽ അഭിഷേകും അങ്കിത് ശർമ്മയും ചേർന്ന് 54 റൺസ് നേടി .
എന്നാൽ 20 റൺസെടുത്ത അങ്കിത് ശർമ്മയെ എൽബിഡബ്ല്യൂവിൽ കുടുക്കി സരൻശ് ജെയിൻ കൂട്ടുകെട്ടിന് അവസാനമിട്ടു. പിന്നാലെ തുടരെ വിക്കറ്റുകൾ വീണതാണ് കേരളത്തിന് തിരിച്ചടിയായത് .
സച്ചിൻ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി.അഭിഷേകിനെയും മുഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മൊഹമ്മദ് അർഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റൺസെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47ഉം അസറുദ്ദീൻ 14ഉം അഹ്മദ് ഇമ്രാൻ അഞ്ചും റൺസായിരുന്നു നേടിയത്.

