തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറങ്ങി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ പോളിങ് ഡിസംബർ ഒൻപത്, 11 തീയതികളിലാണ് . വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തിൽ തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പോളിങ്. പോളിങ് സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും. തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 18ന് പൂർത്തിയാക്കും.
നാമനിർദേശ പത്രിക നവംബർ 14 മുതൽ നൽകാം. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 21 ആണ്. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
തെരഞ്ഞെടുപ്പ് നടപടികൾക്കായി 1249 റിട്ടേണിങ് ഓഫിസർമാരെ നിയമിച്ചു. പോളിങ് ഡ്യൂട്ടിക്കായി 1.80 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിക്കും. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി 70,000 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. പുതിയ വാർഡുകൾക്ക് അനുസൃതമായി വോട്ടർപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ സംവരണ വാർഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെയും നറുക്കെടുപ്പ് നടപടികൾ പൂർത്തിയാക്കി.
അന്തിമ വോട്ടർപട്ടിക പ്രകാരം ആകെ 2,84,30,700 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,12,470 പുരുഷ വോട്ടർമാരും, 1,45,01,810 സ്ത്രീ വോട്ടർമാരും, 281 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (35,74,802), ഏറ്റവും കുറവ് വോട്ടർമാർ (6,40,183) വയനാട് ജില്ലയിലാണ്. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ചു.
സ്ഥാനാർഥികൾക്ക് പരമാവധി ചെലവഴിക്കാൻ കഴിയുന്ന തുക തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചു.
ഗ്രാമപഞ്ചായത്ത് വാർഡിലെ സ്ഥാനാർഥിക്ക് 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാർഥികൾക്ക് 75,000 രൂപ വരെയും, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിക്ക് 1.5 ലക്ഷം രൂപയുമാണ്.
വാർഡ് സ്ഥാനാർഥി 2000 രൂപ, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സ്ഥാനാർഥികൾ 4000 രൂപ, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർഥികൾ 5000 രൂപ എന്നിങ്ങനെ കെട്ടിവയ്ക്കണം .
തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ, സംസ്ഥാന സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് വിലക്കുണ്ട്. മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും, പെരുമാറ്റച്ചട്ടം അവിടെയും ബാധകമായിരിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതു സ്ഥാപനങ്ങൾ ഉപയോഗിക്കരുത്.രാവിലെ 6നും രാത്രി 10നും ഇടയിലുള്ള സമയത്ത് പ്രചാരണത്തിനായി ഉച്ചഭാഷിണി ഉപയോഗിക്കരുത്.

