പട്ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടായിരുന്നു ഒന്നാംഘട്ട പരസ്യ പ്രചരണം അവസാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല്‍ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നിരുന്നു. രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവെച്ചായിരുന്നു മോദിയുടെ പ്രതികരണങ്ങള്‍.
രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില്‍ മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
വന്‍ പ്രഖ്യാപനങ്ങള്‍ അടങ്ങുന്നതായിരുന്നു എന്‍ഡിഎയുടെയും മഹാസഖ്യത്തിന്റെയും പ്രകടന പത്രിക. 25 വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി 69 പേജുളള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്.
ഒരു കോടി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികള്‍ തുടങ്ങി വന്‍ പ്രഖ്യാപനങ്ങളാണ് എന്‍ഡിഎയുടെ പ്രകടന പത്രികയിലുണ്ടായിരുന്നത്. ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്നതായിരുന്നു മഹാസഖ്യത്തിന്റെ പ്രധാന വാഗ്ദാനം. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നേരത്തെ നടത്തിയ പ്രഖ്യാപനമാണ് പ്രകടന പത്രികയിലും ഉള്‍പ്പെടുത്തിയിരുന്നത്.

