പക്ഷം / ബിജോ സില്‍വേരി
”ജനങ്ങളുടെ ഭരണകൂടം” എന്ന് വിളിച്ച സംവിധാനങ്ങള്‍ പലപ്പോഴും ജനങ്ങളെ തന്നെ അടിച്ചമര്‍ത്തുന്ന ഉപകരണങ്ങളായി മാറി. സ്വതന്ത്ര ചിന്ത, തുറന്നുപറച്ചിലിനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം ഇവയെല്ലാം പാര്‍ട്ടികളുടെ നിയന്ത്രണത്തിന് കീഴിലായി. പാര്‍ട്ടിയേയാണ് ജനതയായും നേതാവിനേയാണ് ആശയമായും കാണാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. അങ്ങനെ ആശയത്തില്‍ മനുഷ്യന് ഇല്ലാതായി, അധികാരം മുഖ്യമായി. അതാണ് രാഷ്ട്രീയപാര്‍ട്ടികളിലെ ”മായം”. മായം ചേര്‍ന്നപ്പോള്‍ ച്യവനപ്രാശത്തില്‍ നെല്ലിക്കയില്ലാതായതുപോലെ ആശയം തളര്‍ന്നു.
ച്യവനപ്രാശം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും മികച്ച ഔഷധമായാണ് ആയൂര്‍വേദത്തില്‍ നിഷ്കര്ഷിക്കപ്പെടുന്നത്. നെല്ലിക്കയാണ് ഇതിലെ പ്രധാന ചേരുവകകളിലൊന്ന്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഉത്തരേന്ത്യന്‍ മരുന്ന് കമ്പനി നെല്ലിക്ക കിട്ടാനില്ല എന്ന കാരണം പറഞ്ഞ് ആപ്പിള്‍ പോലുള്ള ഫലങ്ങള്‍ ച്യവനപ്രാശത്തില്‍ ചേര്‍ത്തത് വലിയ വിവാദമായിരുന്നു. ‘ച്യവനപ്രാശത്തില്‍ നെല്ലിക്ക ചേര്‍ക്കുന്നില്ലെങ്കില്‍ ആ കൂട്ടിന് മറ്റുവല്ല പേരുമാണ് ഇടേണ്ടത്’ എന്നായിരുന്നു സംഭവത്തെ കുറിച്ച് കോട്ടക്കല്‍ പി.കെ. വാര്യരുടെ പ്രതികരണം.
കമ്പോളം ലക്ഷ്യമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന ച്യവനപ്രാശം കമ്പനികളെ പോലെ പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന് എന്ന തരമാണെങ്കില്‍ നമ്മുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനും (സിപിഐ (എം)) മറ്റു വല്ല പേരുമിടേണ്ട സമയമായിരിക്കുന്നു. കാരണം, കമ്യൂണിസ്റ്റ് എന്ന കൂട്ടില്‍ ചേര്‍ക്കുന്ന സിദ്ധാന്തങ്ങളൊന്നും ആചാര്യന്മാര് നിഷ്കര്ഷിച്ചതല്ലല്ലോ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേര് മാറ്റേണ്ടതില്ല, കാരണം സ്വാതന്ത്രസമരകാലത്ത് സ്വീകരിച്ച ആ പേരില്‍ അന്നും പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്രവും ഉള്‍ക്കൊണ്ടിരുന്നില്ല. അന്നത്തെ കോണ്‍ഗ്രസുകാരുടെ ആര്ശങ്ങളിലൊന്നും ഇപ്പോള്‍ അവശേഷിക്കുന്നുമില്ലല്ലോ.
ഇതു പറയാന്‍ കാരണം പിഎംശ്രീ ( പ്രധാനമന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ ) വിവാദം തന്നെ.
സത്യത്തില്‍ ഈ വിവാദത്തിലും ഒച്ചപ്പാടിലുമൊന്നും യാതൊരു കഴമ്പുമില്ല, കമ്യൂണിസം ലോകത്തിലെ ഏറ്റവും ഗൗരവതരമായ ആശയങ്ങളില്‍ ഒന്നാണ്. പക്ഷേ പറച്ചിലിലെ ഗൗരവം മാത്രമേ ഉള്ളൂ. ഉള്ള് പൊള്ളയാണ്. അതിന്റെ പ്രായോഗികത പരിശോധിക്കുമ്പോള്‍ തന്നെ ചിരിവരും! സാമ്പത്തിക ശാസ്ത്രജ്ഞന് മില്‍ട്ടണ്‍ ഫ്രിഡ്മാന് പറഞ്ഞതില്‍ ഈ ചിരിക്കുള്ള വക അടങ്ങിയിട്ടുണ്ട്: ”സഹാറാ മരുഭൂമി കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ നിയന്ത്രണത്തില്‍ കൊടുത്താല്‍, അഞ്ചു വര്‍ഷത്തിനകം മണല്‍ ക്ഷാമം ഉണ്ടാകും!”. ഇപ്പോഴും നമ്മുടെ കമ്യൂണിസ്റ്റ് നേതാക്കള്‍ (പിണറായി വിജയനല്ല) സോഷ്യലിസത്തെക്കുറിച്ചും ജനകീയചെറുത്തുനില്പ്പിനെ കുറിച്ചുമെല്ലാം പ്രസംഗിക്കുമ്പോള്‍ കേട്ടുനില്ക്കുന്ന വിവരവും വിദ്യാഭ്യാസവുമുള്ള അണികള്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടാകും.
കാള്‍ മാര്‍ക്സിന്റെയും ഫ്രെഡറിക് എംഗല്‍സിന്റെയും ആശയങ്ങളെ അടിസ്ഥാനമാക്കി ആരംഭിച്ച ഈ പ്രസ്ഥാനം നിരവധി രാജ്യങ്ങളില്‍ അധികാരം പിടിച്ചെടുത്തെങ്കിലും ദീര്ഘകാലവിജയമായി നിലനിര്‍ത്താന്‍ സാധിച്ചില്ല. കമ്യൂണിസ്റ്റ് ആശയങ്ങളുടെ പരാജയം സംബന്ധിച്ച് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനം, അധികാരത്തിന്റെ കേന്ദ്രീകരണം തന്നെ. കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍, ”ജനങ്ങളുടെ ഭരണം” എന്ന് പറയുകയും പ്രായോഗികമായി അധികാരം ഒരു പാര്‍ട്ടിയുടെയും വ്യക്തികളുടേയും കയ്യില്‍ അടിഞ്ഞുകൂടുകയും ചെയ്തു. അതിലൂടെ സ്വേച്ഛാധിപത്യവും അഴിമതിയും വളരുകയും, ഭിന്നാഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. സ്റ്റാലിന്, മാവോ, പോള്‍ പോട്ട് തുടങ്ങിയ നേതാക്കളുടെ ഭരണകാലങ്ങള്‍ ഉദാഹരണങ്ങളാണ്. കമ്യൂണിസം പല രാജ്യങ്ങളിലും ജനങ്ങളുടെ പുരോഗതിക്കായി ഉപയോഗിക്കപ്പെട്ട ആശയമായല്ല, മറിച്ച് അധികാരപോരാട്ടത്തിനുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുകയായിരുന്നു.
പ്രായോഗിക രാഷ്ട്രീയത്തിന് കമ്യൂണിസത്തെ വിദഗ്ദമായി ഉപയോഗിച്ച രാഷ്ട്രമാണ് ചൈന. അവരുടെ ഉല്പന്നങ്ങളുടെ ഗുണം പോലെ കമ്യൂണിസം എന്നത് പേരില്‍ മാത്രമായി മാറി. ആ ചൈനയാണ് കേരളത്തിലെ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാതൃക. ഈ പ്രായോഗികവാദമാണ് പിഎംശ്രീ പദ്ധതിയിലും അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കളം മാറി ചവിട്ടേണ്ടി വന്നെങ്കിലും പണത്തിനു മീതെ ഒരു പ്രത്യയശാസ്ത്രവും പറക്കില്ലെന്നു തന്നെയാണ് സിപിഎമ്മിന്റെ ചെയ്തികള്‍ തെളിയിക്കുന്നത്.
ഹിന്ദുത്വരാഷ്ട്രവാദത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട ഇടതുപക്ഷം എന്നാണ് പൊതുവേ കരുതപ്പെടുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ തുടര്‍ച്ചയായി ഭരണം നേടിക്കൊണ്ടിരിക്കുകയാണെങ്കിലും ആര്‍എസ്എസിന്റെ സമഗ്രഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ ഇപ്പോഴും നടപ്പായിട്ടില്ല. ഏതുനിമിഷവും തിരിച്ചടി നേരിട്ടേക്കാമെന്ന സാഹചര്യവും നിലവിലുണ്ട്.
കുഞ്ഞുങ്ങളില്‍ തീവ്രദേശീയതയും വര്‍ഗീയവാദവും വളര്‍ത്താതെ ഈ അജണ്ട നടപ്പാക്കാനാകില്ല എന്ന ഉത്തമബോധ്യം അവര്‍ക്കുണ്ട്. അതിന് ഗാന്ധി ചരിത്രത്തിനു പകരം ഗാന്ധി വധത്തിലെ ഗൂഡാലോചന കേസില്‍ പ്രതിയായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടേയും ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി ഹെഡ്ഗേവാറിന്റേയും ‘വെറുപ്പിന്റെ ഗുരു’വെന്ന് കുപ്രസിദ്ധനായ എം.എസ് ഗോള്‍വാള്‍ക്കറിന്റേയും ആര്‍എസ്എസിന്റെ ഏറ്റവും പ്രമുഖ പ്രത്യയശാസ്ത്രജ്ഞനായ ദത്തോപന്ത് തെങ്കടിയുടേയും ‘ധീരചരിതം’ കുട്ടികള്‍ പഠിച്ചേ തീരൂ, ഗണഗീതം പാടിയേ തീരൂ. അതിനൊരു വഴിയാണ് 1500 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് എന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടിക്കൊഴിച്ച് എല്ലാവര്‍ക്കുമറിയാം.
പിഎംശ്രീ ഫണ്ട് വാങ്ങുന്നതിനെതിരേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിദ്യാഭ്യാസ ബന്ദും കോലാഹലങ്ങളും നടത്തുകയുണ്ടായി. നെഹ്റുവിന്റെ കാലത്തെ സോഷ്യലിസം ആധാരമാക്കിയ പാര്‍ട്ടിയില്‍ നിന്ന് ബഹുദൂരം പിന്നാക്കം പോയ കോണ്‍ഗ്രസിന് ഈ എതിര്‍പ്പുയര്‍ത്താന്‍ ഒരു അവകാശമില്ലെന്ന് ദീര്‍ഘകാലം കേന്ദ്രം ഭരിച്ച ഈ പാര്‍ട്ടിയുടെ ചരിത്രമറിയുന്നവര്‍ക്കെല്ലാം അറിയാം. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത നേതാവെന്ന് ചീത്തപ്പേരുണ്ടായ വിനായക് ദാമോദര്‍ സവര്‍ക്കറെ അദ്ദേഹത്തിന്റെ 87-ാം ജന്മവാര്ഷികത്തില് സ്റ്റാമ്പിറക്കി അനുസ്മരിച്ചത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. സ്റ്റാമ്പിനോടനുബന്ധിച്ചുള്ള ബ്രോഷറില്‍ അദ്ദേഹത്തെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ രചയിതാവായി പരാമര്‍ശിക്കുകയും ‘തൊട്ടുകൂടായ്മ നീക്കം ചെയ്യലിന്റെ’ പശ്ചാത്തലത്തില്‍ ഹിന്ദു മഹാസഭയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
പോരാതെ ഫിലിം ഡിവിഷന് സവര്‍ക്കറുടെ ഡോക്യുമെന്റി ചിത്രീകരിച്ച് രാജ്യത്തെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സംഘപരിവാറിനോ ആര്‍എസ്എസിനോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സ്വാധീനവുമില്ലാതിരുന്ന ആ കാലത്ത് ഇന്ത്യന്‍ ഫിലാറ്റലിയില് അവര്‍ അവരുടെ മുദ്ര പതിപ്പിച്ചതെങ്ങനെയെന്ന കൗതുകകരമായ ചോദ്യമിവിടെയുണ്ട്. ബാബ്റി മസ്ജിദ് വിഷയത്തിലടക്കം കോണ്‍ഗ്രസിന്റെ നിലപാട് തീവ്രഹൈന്ദവ മുന്നേറ്റത്തിന് വളമായി എന്ന കാര്യവും ഓര്‍ക്കണം. എ.ബി വാജ്പേയിയുടെ കാലത്ത് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിയുടെ ചിത്രത്തിന് അഭിമുഖമായി സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചു. പിന്നീട് രണ്ടു തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും സവര്‍ക്കര്‍ ചിത്രത്തിന് ഒരു ഇളക്കവും സംഭവിച്ചില്ല.
കേരളത്തില്‍ പല തിരഞ്ഞെടുപ്പുകളിലും കോലിബി (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യം സജീവമായിരുന്നു എന്നതും മറക്കാറായിട്ടില്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്, പി.എം.ശ്രീ പണം വാങ്ങിക്കോളൂ എന്ന്. ച്യവനപ്രാശത്തില്‍ നെല്ലിക്ക മാത്രമാണ് മായം ചേര്‍ക്കുന്നതെന്ന് കരുതിയാല്‍ തെറ്റി. ഇപ്പോള്‍ സുലഭമായി കിട്ടാനില്ലാത്ത ദശമൂലങ്ങളും അതിന്റെ കൂട്ടില്‍ പെടും. ഔഷധം വിഷമായി മാറാന്‍ ഒട്ടും താമസമുണ്ടാകില്ല.
സിപിഎമ്മിലെ യഥാര്‍ഥ കമ്യൂണിസ്റ്റുകാരും പ്രത്യയശാസ്ത്രവുമെല്ലാം കാലംചെയ്തു, കോണ്‍ഗ്രസും ഒരു കാലത്തും സ്വാതന്ത്രസമരകാലത്തിലെ കോണ്‍ഗ്രസായിരുന്നില്ല. ഇതെല്ലാം പുതിയ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്.
ഇടത്തോട്ടാണോ അവരുടെ പ്രയാണമെന്നു ചോദിച്ചാല്‍ അല്ല എന്നുത്തരം. വലത്തോട്ടോ എന്നു ചോദിച്ചാല്‍ അറിയില്ല എന്നും. അതാണ് കമ്യൂണിസ്റ്റുകാരുടേയും കോണ്‍ഗ്രസുകാരുടേയും പ്രായോഗിക രാഷ്ട്രീയ സിദ്ധാന്തം. അതാണ് പിണറായി വിജയന് കേരളത്തിനോട് പറയാന്‍ ശ്രമിക്കുന്നത്. സഖാക്കളെ, സഹോദരങ്ങളെ, ഈ പാര്‍ട്ടികളെകുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല, ഇനിയൊട്ട് അറിയാനും പോകുന്നില്ല.

