കോഴിക്കോട്: കോഴിക്കോട് അതിരൂപതാ വൈദികരുടെ വാർഷിക ഒത്തുവാസം ഒക്ടോബർ 23, 24 തീയതികളിൽ കോഴിക്കോട് നവജ്യോതിസ് റിന്യൂവൽ സെന്ററിൽ വെച്ച് നടന്നു. അതിരൂപതയിലെ വൈദികരുടെ ഫോർമേഷന്റെ ഭാഗമായി സംഘടിപ്പിച്ച ഒത്തുവാസം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് നടന്നത്.
അതിരൂപതാ വികാരി ജനറൽ ഫാ. ജെൻസൺ പുത്തൻവീട്ടിൽ ആമുഖ പ്രഭാഷണം നടത്തി. ഉദ്ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ പിതാവ് ബഹുമാനപ്പെട്ട ഫാ. ആർതർ വൈദിക ജീവിതത്തെക്കുറിച്ച് നടത്തിയ പഠനത്തെ അധികരിച്ച് 12 ധ്യാനചിന്തകൾ പങ്കുവെച്ചു. അതിൽ പ്രധാനം, “ദൈവം നമ്മെ വിളിച്ചിരിക്കുന്നത് വിദഗ്ധരാകാനല്ല, വിശുദ്ധരാകാനാണ്” എന്ന ആശയമായിരുന്നു.തുടർന്ന്, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി റവ. ഫാ. ജിജു അറക്കത്തറ സിനഡിനെക്കുറിച്ചും സിനഡാനന്തര സഭയുടെ കാഴ്ചപ്പാടുകളെക്കുറിച്ചും പ്രഭാഷണം നടത്തി.
കപ്പുച്ചിൻ വൈദികനായ ഫാ. ബേണി വർഗീസ് വൈദികന് യേശുവുമായിട്ടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ആഴമായ ആവശ്യകതയെക്കുറിച്ച് ക്ലാസ്സെടുത്തു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകളിൽ വൈദികരുടെ ആത്മീയവും വ്യക്തിപരവുമായ ജീവിതത്തെക്കുറിച്ചും രൂപതയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സജീവമായ ചർച്ചകൾ നടന്നു.
ചർച്ചകളിൽ നിന്നുയർന്ന പ്രധാന ആശയങ്ങൾ ഗ്രൂപ്പ് ലീഡേഴ്സ് പൊതുവായി പങ്കുവയ്ക്കുകയും, പ്രധാനപ്പെട്ട വിഷയങ്ങൾ പൊതുചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു. അഡ്വക്കറ്റ് റവ. ഫാ. പോൾ എ. ജെ.യുടെ നന്ദി പ്രകാശനത്തോടെ രണ്ടു ദിവസത്തെ ഒത്തുവാസത്തിന് സമാപനമായി.

