പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തി. നരേന്ദ്രമോദി വോട്ടിന് വേണ്ടി എന്തും ചെയ്യുന്നുവെന്ന് രാഹുൽ ആരോപിച്ചു.
നിങ്ങളുടെ വോട്ടിന് പകരമായി നരേന്ദ്ര മോദിയോട് നൃത്തം ചെയ്യാൻ പറഞ്ഞാൽ അദ്ദേഹം വേദിയിൽ നൃത്തം ചെയ്യും. മുസാഫർപൂരിൽ ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിനൊപ്പം സംയുക്ത റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയിലെ മലിനമായ യമുനാനദിയില്‍ ഭക്തര്‍ പ്രാര്‍ഥിക്കുമ്പോള്‍, പ്രധാനമന്ത്രി ‘പ്രത്യേകമായി നിര്‍മിച്ച’ കുളത്തില്‍ മുങ്ങിക്കുളിച്ചെന്ന് ഛാഠ് പൂജയേക്കുറിച്ച് പരാമര്‍ശിച്ച് രാഹുല്‍ പരിഹസിച്ചു. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ പോയി. അദ്ദേഹത്തിന് വേണ്ടത് നിങ്ങളുടെ വോട്ടുകള്‍ മാത്രമാണ്, രാഹുല്‍ പറഞ്ഞു.
നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഉപയോഗിച്ച് ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്നും സംസ്ഥാനത്ത് ഇരുപതുകൊല്ലം ഭരണത്തിലിരുന്നിട്ടും പിന്നാക്കവിഭാഗക്കാര്ക്കുവേണ്ടി നിതീഷ് യാതൊന്നും ചെയ്തില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

