വത്തിക്കാൻ : നവംബർ മാസം ഇരുപത്തിയേഴുമുതൽ ഡിസംബർ 4 വരെ തുർക്കിയിലേക്കും, ലെബനനിലേക്കുമുള്ള ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലികയാത്രയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും പുറത്തുവിട്ടു.
നിഖ്യ കൗൺസിലിന്റെ 1700 മത് വാർഷികത്തോടനുബന്ധിച്ചാണ് പാപ്പാ തുർക്കിയിലേക്ക് അപ്പസ്തോലികസന്ദർശനം നടത്തുന്നത്. ഏഷ്യയെയും, യൂറോപ്പിനെയും തമ്മിൽ കൂട്ടിയോജിപ്പിക്കുന്നതും, മനുഷ്യരെയും , ദൈവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലവും പ്രതിനിധീകരിക്കുന്ന, ഡാർഡനെല്ലസ് പാലത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വൃത്തമാണ് ഔദ്യോഗിക ചിഹ്നം.
പാലത്തിനടിയിൽ, തിരമാലകൾ സ്നാന ജലത്തെയും ഇസ്നിക് തടാകത്തെയും എടുത്തു കാണിക്കുന്നു. വലതുവശത്ത് ജൂബിലി 2025 ന്റെ കുരിശും, മുകളിൽ ഇടതുവശത്ത് മൂന്ന് ഇഴചേർന്ന വളയങ്ങൾ പരിശുദ്ധ ത്രിത്വത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.
“ഒരു കർത്താവ്, ഒരു വിശ്വാസം, ഒരു സ്നാനം” എന്ന എഫേസൂസിലെ സഭയ്ക്കെഴുതപ്പെട്ട ലേഖനത്തിലെ വചനങ്ങളാണ് ആപ്തവാക്യം . ചിഹ്നത്തിലെ വൃത്തം ദൈവത്തിന്റെ ഏകത്വത്തെയും, പാലം ആളുകളെ ഒന്നിപ്പിക്കുന്ന ഒരു വിശ്വാസത്തെയും, തിരമാലകൾ ദൈവമക്കൾക്ക് പുതിയ ജീവൻ നൽകുന്ന സ്നാനത്തെയും പ്രതീകപ്പെടുത്തുന്നു. കിഴക്കും പടിഞ്ഞാറും തമ്മിൽ സാഹോദര്യവും സംഭാഷണവും കെട്ടിപ്പടുക്കാൻ ഇത് നമ്മെ ക്ഷണിക്കുന്നുവെന്നും വത്തിക്കാൻ വാർത്താകാര്യാലയം അറിയിച്ചു.
ലെബനനിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന ഔദ്യോഗിക ആപ്തവാക്യം, “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ” എന്നുള്ളതാണ്. ലെബനൻ ജനതയെ ആശ്വസിപ്പിക്കുക, എല്ലാ സമൂഹങ്ങൾക്കിടയിലും സംഭാഷണം, അനുരഞ്ജനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നത് ഈ വാക്യം വ്യക്തമാക്കുന്നു.
ഔദ്യോഗിക ചിഹ്നത്തിൽ പരിശുദ്ധ പിതാവ് തന്റെ വലതുകരം ഉയർത്തി ആശീർവദിക്കുന്നു. സമാധാനത്തെ പ്രതീകപ്പെടുത്തുന്ന ഒരു പ്രാവും ലെബനന്റെ വിശ്വാസത്തിന്റെയും മതാന്തര ഐക്യത്തിന്റെയും സമ്പന്നമായ ചരിത്രത്തെ പ്രതിനിധീകരിക്കുന്ന ഒരു ദേവദാരു മരവും അതിനിടയിൽ ചീത്രീകരിച്ചിരിക്കുന്നു.
വലതുവശത്ത് 2025 ജൂബിലി ലോഗോയിൽ നിന്നുള്ള ഒരു നങ്കൂരത്തിന്റെ രൂപത്തിലുള്ള ഒരു കുരിശുണ്ട്, ഇത് ക്രിസ്തുവിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഉറച്ച പ്രത്യാശയെ സൂചിപ്പിക്കുന്നു. ആഴത്തിലുള്ള നീല, മൃദുവായ പിങ്ക്, പച്ച, ഇളം നീല എന്നീ നിറങ്ങൾ ശാന്തതയെ പ്രകടിപ്പിക്കുന്നു, ലെബനന്റെ സമാധാനത്തിനായുള്ള ആഗ്രഹം പ്രതിഫലിപ്പിക്കുന്നതിന് വെള്ളയാൽ ഇവയെല്ലാം ഏകീകരിക്കപ്പെടുന്നു.

