ന്യൂഡൽഹി : എ.ഐ.സി.സി (ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) ‘ടാലൻ്റ് ഹണ്ട് നോഡൽ കോർഡിനേറ്റർ’ ആയി നിയമിച്ചതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. പുതിയ സ്ഥാനം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. പാർട്ടി നൽകുന്ന ചുമതലകൾ നിർവഹിക്കും. എവിടെ ആണെങ്കിലും പോയി പ്രവർത്തിക്കും.
നോർത്ത് ഈസ്റ്റിൽ പ്രവർത്തിക്കാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഈ അവസരത്തെ അങ്ങനെ കാണുന്നു. എവിടെ പ്രവർത്തിച്ചാലും കേരളത്തിൽ കാണുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.അരുണാചല്‍ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് എ.ഐ.സി.സി പുറത്തിറക്കി. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയും ജോര്‍ജ് കുര്യന് കേരളത്തിന്റെ ചുമതലയും നല്കി. കെപിസിസി പുനസംഘടനയില്‍ പ്രതിഷേധം അറിയിച്ചവരെ എഐസിസി പരിഗണിക്കുകയായിരുന്നു.
കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്. 13 ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കെപിസിസി ജംബോ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്.
ചാണ്ടി ഉമ്മനെ ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പുറത്തുവിട്ട ജംബോ കമ്മിറ്റിയില്‍ അവസാനവട്ടം അദ്ദേഹത്തെ തഴഞ്ഞുവെന്നായിരുന്നു പരാതി. അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെ പ്രതികരിച്ചതാണ് ചാണ്ടി ഉമ്മനെ തഴയാന്‍ ഇടയാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു

