ഖാർതൂം: നിരവധി വർഷങ്ങളായി സായുധസംഘർഷങ്ങൾ തുടരുന്ന സുഡാനിലെ ജനങ്ങൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും, ഈ അവസ്ഥയെ തരണം ചെയ്യാൻ രാജ്യത്തിന് അന്താരാഷ്ട്രസമൂഹത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ശിശുക്ഷേമനിധി (UNICEF), അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണർ (UNHCR), ലോകഭഷ്യപദ്ധതി (WFP), കുടിയേറ്റകാര്യങ്ങൾക്കായുള്ള അന്താരാഷ്ട്ര സംഘടന (IOM) എന്നീ ഐക്യരാഷ്ട്രസഭാസംഘടനകൾ ഒക്ടോബർ 23 വ്യാഴാഴ്ച പുറത്തുവിട്ട സംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു.
ഏതാണ്ട് തൊള്ളായിരം ദിവസങ്ങൾക്കിപ്പുറവും തുടരുന്ന കടുത്ത പോരാട്ടങ്ങളും മാനവികാവകാശലംഘങ്ങളും, വർദ്ധിച്ചുവരുന്ന പട്ടിണിയും, അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമവും അഭിമുഖീകരിക്കുന്ന സുഡാനിലെ ഒന്നരക്കോടി കുട്ടികൾ ഉൾപ്പെടെ മൂന്ന് കോടിയോളം ആളുകൾക്ക് അടിയന്തിരമായി മാനവികസഹായം ആവശ്യമാണെന്ന് സംഘടനകൾ തങ്ങളുടെ പ്രസ്താവനയിൽ എഴുതി.
സുഡാൻ നേരിടുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഗുരുതരമായ പ്രതിസന്ധികളിൽ ഒന്നാണെന്ന് ഓർമ്മിപ്പിച്ച ഐക്യരാഷ്ട്രസഭാസംഘടനകൾ, രാജ്യത്ത് ഏതാണ്ട് ഒരു കോടിയോളം (തൊണ്ണൂറ്റിയാറ് ലക്ഷത്തിലധികം) ആളുകൾ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുകയെന്നും അവരിൽ നല്ലൊരു ശതമാനവും ദുരിതപൂർണ്ണമായ അവസ്ഥയിൽ ക്യാമ്പുകളിലാണ് കഴിയുന്നതെന്നും വ്യക്തമാക്കി.
സുഡാനിലെ കടുത്ത സംഘർഷങ്ങൾ അവിടെയുള്ള ആരോഗ്യശുശ്രൂഷാമേഖല, വിദ്യാഭ്യാസമേഖല തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ തകർത്തുവെന്നും, രാജ്യത്തെ ഒരുകോടി എഴുപത് ലക്ഷം കുട്ടികളിൽ ഒരുകോടി നാൽപ്പത് ലക്ഷത്തോളം വരുന്ന ബഹുഭൂരിപക്ഷം കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭ്യമാകുന്നില്ലെന്നും സംഘടനകൾ തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ വർഷം സുഡാന്റെ നിരവധി പ്രദേശങ്ങളിൽ കടുത്ത ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും, ഇപ്പോഴും രാജ്യത്തെ ഭഷ്യസുരക്ഷ തികച്ചും പ്രതിസന്ധിയിലാണെന്നും, കുട്ടികളാണ് ഇതിന്റെ കൂടുതൽ ദോഷഫലങ്ങൾ അനുഭവിക്കുന്നതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.
രാജ്യത്തെ സംഘർഷങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, കുട്ടികളുടെയും സാധാരണ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും, തടസ്സങ്ങളില്ലാതെ മാനവികസഹായമെത്തിക്കാനുള്ള സാദ്ധ്യതകൾ ഉറപ്പാക്കണമെന്നും, കുടിയിറക്കപ്പെട്ടവരുടെ പ്രശ്നപരിഹാരത്തിന് നടപടികൾ വേണമെന്നും സംഘടനകൾ തങ്ങളുടെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
