വത്തിക്കാൻ: വ്യാവസായിക വിപ്ലവകാലത്ത് ലിയോ പതിമൂന്നാമൻ എഴുതിയ ചാക്രികലേഖനം, “റേരും നൊവാരും”, സമൂഹത്തിൽ സൃഷ്ടിച്ച നവമായ മാറ്റങ്ങളെ ഓർമ്മപെടുത്തിക്കൊണ്ട്, ആഗോളതലത്തിൽ, സഭയുടെ ജനകീയ മുന്നേറ്റ പ്രസ്ഥാന യോഗത്തിൽ സംബന്ധിക്കുന്നവരെ ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി, പ്രാദേശിക സമയം വൈകുന്നേരം അഭിസംബോധന ചെയ്യുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
ചാക്രികലേഖനത്തിന്റെ ശീർഷകം അർത്ഥമാക്കുന്നതുപോലെ, നിർമ്മിത ബുദ്ധിയും, സാങ്കേതിക വിദ്യകളും അരങ്ങുതകർക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, പുതിയ കാര്യങ്ങളെ നോക്കുവാനും, അവയിൽ നിന്നും ആരംഭിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
ഭൂമി, പാർപ്പിടം, ജോലി എന്നിവ പവിത്രമായ അവകാശങ്ങളാണെന്നും, അതിനുവേണ്ടി പോരാടുവാൻ ജനകീയ മുന്നേറ്റ പ്രസ്ഥാനങ്ങൾ നടത്തുന്ന അക്ഷീണമായ പരിശ്രമങ്ങളെ, തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പാ പിന്തുണച്ചതുപോലെ, താനും പിന്തുണയ്ക്കുന്നുവെന്നു പാപ്പാ പറഞ്ഞു. “ഞാൻ നിങ്ങളോടൊപ്പമുണ്ട്” എന്ന് പറയുന്നതുകേൾക്കുവാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ” എന്ന ചോദ്യവും പാപ്പാ ഉന്നയിച്ചു.
“കുടിയിറക്കപ്പെട്ടവന് വേണ്ടി ഭൂമിയും പാർപ്പിടവും ജോലിയും ആവശ്യപ്പെടുന്നത് ഒരു “പുതിയ കാര്യം” ആണോ? സാമ്പത്തിക സുരക്ഷിതത്വവും സുഖപ്രദമായ വീടും ഉള്ളവർ ഈ ആവശ്യങ്ങൾ അല്പം കാലഹരണപ്പെട്ടതായി കണക്കാക്കിയേക്കാം. എന്നാൽ പ്രാന്തപ്രദേശങ്ങളിൽ നിന്ന്, കാര്യങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നു. അതിർത്തികളിൽ നിന്ന് കാണുന്ന പുതിയ കാര്യങ്ങളും നിങ്ങളുടെ പ്രതിബദ്ധതയും പ്രതിഷേധത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് പരിഹാരങ്ങൾ തേടുന്നു.”, പാപ്പാ എടുത്തു പറഞ്ഞു.
വിശക്കുന്നവർക്ക് ഭക്ഷണം നൽകാനും, ഭവനരഹിതർക്ക് അഭയം നൽകാനും, തകർന്നവരെ രക്ഷിക്കാനും, കുട്ടികളെ പരിപാലിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ഭൂമി ലഭ്യമാക്കാനും ,വീടുകൾ പണിയാനും, സഹകരണ സംഘങ്ങളും പ്രവർത്തന കൂട്ടായ്മകളും രൂപീകരിക്കുമ്പോൾ, അവർ പ്രത്യയശാസ്ത്രം നിർമ്മിക്കുകയല്ല, മറിച്ച് അവർ യഥാർത്ഥത്തിൽ സുവിശേഷത്തിൽ ജീവിക്കുകയാണെന്ന് ഓർക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
തന്റെ സ്വന്തം മുഖം ദരിദ്രരുടെ മുഖങ്ങളിലും മുറിവുകളിലും മറഞ്ഞിരിക്കുന്നുവെന്ന യേശുവിന്റെ വാക്കുകളാണ്, ഇത്തരം പ്രസ്ഥാനങ്ങളുടെ ശക്തിയെന്നും പാപ്പാ കൂട്ടിച്ചേർത്തു. ജനകീയ പ്രസ്ഥാനങ്ങൾ സ്നേഹത്തിനായുള്ള ആഗ്രഹത്താൽ പ്രചോദിതരാകുന്നുവെന്നും, ഇതിനു പെറുവിലെ ഒരു പ്രേഷിത മെത്രാൻ എന്ന നിലയിൽ ഏറെ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. മറ്റുള്ളവരോടുള്ള കരുതലിലും അനുരഞ്ജനത്തിലും അധിഷ്ഠിതമായ ഐക്യദാർഢ്യത്തിന്റെ മഹത്തായ അത്ഭുതം ഈ പ്രസ്ഥാനങ്ങൾ സഫലമാക്കുന്നുവെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.
കൂടുതൽ ആഗോളവൽക്കരിക്കപ്പെടുന്ന ഒരു ലോകത്ത് ജനകീയ പ്രസ്ഥാനങ്ങളുടെ പ്രതിബദ്ധത കൂടുതൽ അനിവാര്യമാണെന്ന് പറഞ്ഞ പാപ്പാ, അല്ലാത്തപക്ഷം, വർദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിലേക്കും അസമത്വത്തിലേക്കും നയിക്കുകയും ആഗോള പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യുമെന്നു, ബനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട് ഓർമ്മപ്പെടുത്തി.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്റെ മുൻഗാമിയായ ലിയോ പതിമൂന്നാമൻ പാപ്പാ റേരും നോവാരും ചാക്രികലേഖനം എഴുതിയപ്പോൾ, അദ്ദേഹം വ്യാവസായിക സാങ്കേതികവിദ്യയിലോ പുതിയ ഊർജ്ജ സ്രോതസ്സുകളിലോ ശ്രദ്ധ കേന്ദ്രീകരിച്ചില്ല, മറിച്ച് തൊഴിലാളികളുടെ അവസ്ഥയിലാണ് ഊന്നൽ നൽകിയതെന്നും, ഇവിടെയാണ് അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സുവിശേഷ ശക്തിയെന്നും പാപ്പാ പറഞ്ഞു.
അക്കാലത്തെ ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവസ്ഥയിലായിരുന്നു പ്രധാന ശ്രദ്ധ. അതിജീവനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ദൈനംദിന പോരാട്ടങ്ങളിൽ സഭയുടെ പങ്ക് ഏറെ പ്രധാനമെന്ന് പറഞ്ഞ ആദ്യ പാപ്പായാണ് ലിയോ പതിമൂന്നാമനെന്നും പാപ്പാ എടുത്തു പറഞ്ഞു.
സമൂഹത്തിലെ വിവിധ പ്രശ്നങ്ങളെയും പാപ്പാ ചൂണ്ടിക്കാട്ടി. “വലിച്ചെറിയുന്ന സംസ്കാരം” ഉയർത്തുന്ന ചൂഷണങ്ങളെയും, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടാതെ പാർശ്വവത്ക്കരിക്കപ്പെടുന്നവരെയും, കാലാവസ്ഥാ പ്രതിസന്ധി ദുരിതങ്ങൾ വിതയ്ക്കുന്നവരെയും, മയക്കുമരുന്നു ഭവിഷ്യത്തുകളാൽ ദുരിതമനുഭവിക്കുന്നവരെയും, സുരക്ഷാരഹിതമായ സാഹചര്യത്തിൽ കഴിയുന്നവരെയും പാപ്പാ പ്രത്യേകം പരാമർശിച്ചു.
രാജ്യങ്ങൾക്ക് അവരുടെ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശവും കടമയും ഉണ്ട്, പക്ഷേ അഭയം നൽകാനുള്ള ധാർമ്മിക ബാധ്യതയാൽ ഇത് സന്തുലിതമാക്കണമെന്നു പാപ്പാ അഭ്യർത്ഥിച്ചു. “കഴിഞ്ഞ നൂറ്റാണ്ടിൽ പഴയ തൊഴിലാളി സംഘങ്ങൾ നിർത്തലാക്കപ്പെട്ടു, മറ്റൊരു സംരക്ഷക സംഘടനയും അവയുടെ സ്ഥാനം ഏറ്റെടുത്തില്ല”എന്നുള്ള ലിയോ പതിമൂന്നാമന്റെ വാക്കുകൾ ഇന്നും സത്യമായി തുടരുന്നുവെന്നു പാപ്പാ ഓർമ്മിപ്പിച്ചു.
ധാർമ്മിക ശൂന്യത അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ, ജനകീയ പ്രസ്ഥാനങ്ങൾ, നല്ല മനസ്സുള്ള ആളുകൾ, ക്രിസ്ത്യാനികൾ, വിശ്വാസികൾ, സർക്കാരുകൾ എന്നിവർ ആ ശൂന്യത നികത്താൻ അടിയന്തിരമായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നു ഓർമ്മിപ്പിക്കുകയും, ഏവരെയും ക്ഷണിക്കുകയും ചെയ്തു.
