കൊച്ചി: പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളുമായി ബന്ധപ്പെട്ട ഹിജാബ് സംബന്ധിച്ച ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പെൺകുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. അതേസമയം സ്കൂളിനെതിരെ കൂടുതൽ നടപടികൾക്കൊന്നുമില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു.
ഇതേത്തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട ഹർജി കോടതി തീർപ്പാക്കിയത്.ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ നോട്ടീസിനെതിരെ സെൻ്റ് റീത്താസ് സ്കൂൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രശ്നം രമ്യമായി പരിഹരിച്ചുകൂടോയെന്ന് ജസ്റ്റിസ് വിജി അരുൺ ചോദിച്ചു.
പരാതി പിൻവലിക്കുകയാണെന്നും സ്കൂൾ മാറാൻ കുട്ടി ആഗ്രഹിക്കുന്നുവെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ക്രൈസ്തവർ സമൂഹം അസഹിഷ്ണുക്കളാണെന്ന് പറഞ്ഞിട്ടില്ല. അവർ രാജ്യത്ത് നിരവധി വിദ്യാലയങ്ങൾ നടത്തുന്നുണ്ട്. നിലവിലെസാഹചര്യം മനസിലാക്കുന്നു.
അതിൻ്റെ അടിസ്ഥാനത്തിൽ കുട്ടി ആ സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ വ്യക്തമാക്കി.കുട്ടി മറ്റൊരു സ്കൂളിലേക്ക് മാറാൻ തീരുമാനിച്ച സാഹചര്യത്തിൽ കേസ് ഇനി മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

