ന്യൂഡൽഹി: ദീപാവലി സമ്മാനമായി തന്റെ ജീവനക്കാർക്ക് കമ്പനി ഉടമ നൽകിയത് പുതുപുത്തൻ കാറുകൾ. ചണ്ഡീഗഢിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയാണ് 51 കാറുകൾ നൽകിയത്. പഞ്ച്കുളയിലെ മിറ്റ്സ് (MITS) ഹെൽത്ത്കെയറിൻ്റെ സ്ഥാപകനും ചെയർമാനുമായ എം കെ ഭാട്ടിയ ഇതിലൂടെ കയ്യടി നേടിയിരിക്കുകയാണ്.
സ്കോർപിയോ ഉൾപ്പെടെയുള്ള എസ്യുവികളാണ് ജീവനക്കാർക്ക് ഇദ്ദേഹം സമ്മാനിച്ചത്. തുടർച്ചയായ മൂന്നാം വർഷമാണ് അദ്ദേഹം സഹപ്രവർത്തകർക്ക് കാറുകൾ സമ്മാനമായി നൽകുന്നത്. ‘അവരെ ഞാൻ ഒരിക്കലും ജീവനക്കാരെന്ന് വിളിച്ചിട്ടില്ല, അവർ എന്റെ ജീവിതത്തിലെ റോക്ക് സ്റ്റാർ സെലിബ്രിറ്റികളാണ്.
ഞങ്ങളുടെ യാത്രയിലെ ഓരോ രംഗവും ഒരു ബ്ലോക്ക്ബസ്റ്ററാക്കി മാറ്റുന്ന താരങ്ങളാണ്. ഈ ദീപാവലി വളരെ പ്രത്യേകതയുള്ളതായിരിക്കും’, താക്കോൽ കൈമാറുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
എന്തിനാണ് ഇത്രയും വിലയേറിയ സമ്മാനങ്ങൾ എല്ലാ വർഷവും നൽകുന്നത് എന്ന് ചോദിച്ചപ്പോൾ, “എന്റെ സഹപ്രവർത്തകരാണ് എന്റെ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ നട്ടെല്ല്. അവരുടെ കഠിനാധ്വാനം, സത്യസന്ധത, സമർപ്പണം എന്നിവയാണ് ഞങ്ങളുടെ വിജയത്തിന്റെ അടിത്തറ. അവരുടെ പരിശ്രമങ്ങളെ തിരിച്ചറിയുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ ഏക ലക്ഷ്യം. അവരെ കൂടുതൽ പ്രചോദിപ്പിക്കുകയും ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്യും’, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.