കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം സ്വർണക്കവർച്ചയിൽ ഗൂഢാലോചന നടന്നതായിട്ടുള്ള എസ്ഐടിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഇടപെടൽ . കേസ് നവംബർ 15 ന് വീണ്ടും പരിഗണിക്കും .
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാനും ഹൈക്കോടതി തീരുമാനിച്ചു. നിലവിലെ കേസിലെ കക്ഷികളെ പുതിയ കേസിൽ ഒഴിവാക്കും. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപാളി കോടതിയുടെ അനുമതിയില്ലാതെ അഴിച്ചുമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് ഹൈക്കോടതി ആദ്യം കേസെടുത്തിരുന്നത്.
ആദ്യത്തെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്നിവർ കക്ഷികളാണ്.
പുതിയ കേസിൽ സർക്കാർ, വിജിലൻസ്, ദേവസ്വം ബോർഡ് എന്നിവ മാത്രം കക്ഷികളാകുമെന്നാണ് റിപ്പോർട്ട്.കോടതിയിൽ നേരിട്ട് ഹാജരായി എസ്പി എസ് ശശിധരനാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിച്ചത്. അടച്ചിട്ട മുറിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിച്ചത്.