മൂന്നാർ: ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മുന്നാറിൻ്റെ നൂറുവർഷം മുമ്പുള്ള ചരിത്രവും മൂന്നാർ കേന്ദ്രമായി നടന്ന കർമ്മലീത്ത മിഷനറിമാരുടെ പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ചരിത്ര പുസ്തകം മൂന്നു ഭാഷകളിൽ പുറത്തിറങ്ങി. “മൂന്നാർ ബസിലിക്ക; ആദ്യകാല മിഷനറി ലിഖിതങ്ങളിൽ”എന്ന പുസ്തകം മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കർമ്മലീത്ത സഭയുടെ സ്പെയിനിലെ നവാറ പ്രൊവിൻസിൽ നിന്നുള്ള ഫാ. അൽഫോൻസ് മരിയ ഒ.സി.ഡി. 1893ൽ വരാപ്പുഴ രൂപതയിൽ മിഷനറിയായി എത്തി. 1894ൽ മൂന്നാറിൽ അദ്ദേഹം പ്രവർത്തനമാരംഭിച്ചു. അദ്ദേഹവും തുടർന്നുവന്ന മിഷനറിമാരും സ്പാനിഷ് – ഫ്രഞ്ച് ഭാഷകളിൽ എഴുതിയ കുറിപ്പുകളും കത്തുകളും യാത്രാവിവരണങ്ങളുമാണ് മൂന്നു ഭാഷകളിൽ ഇറങ്ങിയിട്ടുള്ള പുസ്തകത്തിൻ്റെ ഉള്ളടക്കം. ഫാ അൽഫോൻസ് മരിയ, ഫാ. ബ്ലാസ്, ഫാ. സലുസ്റ്റ്യാനോ, ഫാ. എമിലിയോ, ബിഷപ് ബൊനെവെഞ്ചൂറ അരാന , ഫാ. ജുവാൻ, ബിഷപ് അബ്രോസ്, ഫാ. മരിയാൻ എന്നിവരുടെ ലേഖനങ്ങളാണ് സമാഹരിച്ചിട്ടുള്ളത്.
വനവും വന്യജീവികളും, മലനിരകൾ നിറഞ്ഞ പ്രകൃതിയും തണ്ണുപ്പുള്ള കാലാവസ്ഥയും, തേയില കൃഷി, മൂന്നാറിലെ പ്രളയം, മലമ്പനി, റോഡുകളുടെ നിർമ്മാണം എന്നിവയൊക്കെ വിശദീകരിക്കുന്ന കുറിപ്പുകൾ പുസ്തകത്തിലുണ്ട്. ഒപ്പം ഒരു നൂറ്റാണ്ടിനുമുൻപുള്ള മൂന്നാറിൻ്റെ ചിത്രങ്ങളും. കർമ്മലീത്ത സഭയുടെ പ്രസിദ്ധീകരണങ്ങളായ “എൽ മോന്തേ കാർമെലോ, ലാ ഓമ്പ്രോ മാക്സിമ, എൽ കാർമെൻ” എന്നിവയിൽ വന്ന ലേഖനങ്ങൾ സ്പെയിനിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന വിജയപുരം രൂപതാംഗം ഫാ അനോഷ് അബ്രഹാമാണ് കണ്ടെത്തിയത്. ഫാ. അനോഷിനൊടൊപ്പം ചരിത്രകാരനും വിജയപുരം രൂപത കോർപ്പറേറ്റ് മാനേജരുമായ ഫാ. ഡോ. ആൻ്റണി പാട്ടപ്പറമ്പിൽ അധ്യാപകനായ സോജൻ ജി. മൂന്നാർ എന്നിവർ മുന്നു ഭാഷകളിൽ അമൂല്യചരിത്ര ശേഷിപ്പുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള പുസ്തകങ്ങൾ തയ്യാറാക്കി.
1898ൽ മൂന്നാറിൽ പുല്ലുകൊണ്ട് മേഞ്ഞ പള്ളി ഫാ. അൽഫോൻസ് മരിയയുടെ നേതൃത്വത്തിൽ ഉണ്ടാക്കി. 1938ൽ അത് ഇന്നത്തെ രീതിയിൽ നിർമ്മിച്ചു. 2024 ൽ മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയത്തെ ബസിലിക്കാ പദവിയിലേക്ക് പോപ്പ് ഫ്രാൻസിസ് ഉയർത്തി. ഹൈറേഞ്ചിലെ പതിനാല് ഇടവകകളും നാൽപ്പതിലധികം കരിശു പള്ളികളും ഈ ദേവാലയത്തിൽ നിന്ന് ജന്മം കൊണ്ടവയാണ്. 1930 ൽ വരാപ്പുഴ അതിരുപതയിൽ നിന്ന് വേർപിരിഞ്ഞ് വിജയപുരം രൂപത ഉണ്ടായപ്പോൾ മൂന്നാറിലെ മിഷനറിയായിരുന്ന ബൊനവെഞ്ചുറ അരാനയെ പ്രഥമ മെത്രാനായി നിയമിച്ചതും ചരിത്രം.
പ്രണത ബുക്സാണ് ഒരേ സമയം മൂന്ന് ഭാഷകളിൽ ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കെ. ഡി . എച്ച് . പി . കമ്പനി മാനേജിംഗ് ഡയറക്ടർ മാത്യു എബ്രഹാം ബസിലിക്ക ഡയറക്ടർ ഫാദർ മൈക്കിൾ വലയിഞ്ചിയിലിന് ഇംഗ്ലീഷിൽ രചിച്ച പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർ പറമ്പിൽ മൂന്നാർ പ്രസ്ക്ലബ് പ്രസിഡൻ്റ് സാജു ആലയ്ക്കാപള്ളിക്ക് മലയാളത്തിൽ രചിച്ച പുസ്തകവും ഫാദർ ജോസഫ് മീനായിക്കോടത്ത് ഇടവക സെക്രട്ടറി ശ്രീ. ചന്ദ്രന് തമിഴിൽ രചിച്ച പുസ്തകവും നൽകി പ്രകാശനം ചെയ്തു.
പുസ്തകത്തെക്കുറിച്ച് പ്രണത ബുക്ക്സ് കൊച്ചിയുടെ എം ഡി യും എറണാകുളം ലൈബ്രററി കൗൺസിൽ പ്രസിഡൻ്റുമായ ഷാജി ജോർജും ചപ്പാത്ത് സെൻ്റ് ആൻ്റണീസ് ദേവാലയ വികാരി ഫാദർ സുരേഷ് ആൻ്റണിയും ഇടവകാംഗങ്ങൾക്ക് വിശദീകരണം നൽകി.
തുടർന്ന് ദേവാലയത്തോടെ അനുബന്ധിച്ചുള്ള ഫാ. അൽഫോൻസ് മെമ്മോറിയൽ ഹാളിൽ പുസ്തക അവലോകനവും, സൗഹൃദ സദസും നടത്തപ്പെടുന്നു. മൂന്നാറിന്റെ സാമൂഹ്യ- രാഷ്ട്രീയ- സംസ്കാരിക മേഖലയിലെ നിരവധിപേർ പങ്കെടുത്തു. മൂന്നാർ ഡി.വൈ.എസ്.പി എസ് .ചന്ദ്രകുമാർ വിശിഷ്ടാതിഥിയായിരുന്നു. കെ. ഡി .എച്ച് .പി കമ്പനി വൈസ് പ്രസിഡൻ്റ് മോഹൻ സി .വർഗീസ് , മാനേജർ പ്രമോദ് കൃഷ്ണ , പ്രസ് ക്ലബ്, ലയൺസ് ക്ലബ് ഭാരവാഹികൾ , മൈമൂന്നാർ മൂവ്മെൻ്റ്, ഗ്രീൻസ് മൂന്നാർ, വ്യാപാരി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ , വിവിധ സഭാ വൈദീകർ , സന്യസ്തർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ വിജയം വരിച്ചവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ചരിത്ര പുസ്തക രചയിതാക്കളായ ഡോ. ആൻ്റണി പാട്ടപ്പറമ്പിൽ , സോജൻ ജി മൂന്നാർ , ബസിലിക്ക റക്ടർ ഫാദർ മൈക്കിൾ വലയിഞ്ചിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.