ശബരിമല: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സം ഘം (എസ്ഐടി). രാത്രി പതിനൊന്ന രയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുളിമാത്തെ വീട്ടിൽനിന്നു കസ്റ്റഡിയി ലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എ എസ് പി. ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
2019ൽ ശബരിമല ശ്രീകോവിലിനിരുഭാഗത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിൻറെ കട്ടിളയിലെയും പാളികൾ കൊണ്ടുപോയി സ്വർണം കവർന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തന്നെ പോറ്റിയുടെ പങ്ക് വ്യക്തമായിരുന്നു. ബുധനാഴ്ച ദേവസ്വം ആസ്ഥാനത്തെത്തി വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിനു പിന്നാലെയാണ് വ്യാഴാഴ്ച അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തത്.
തനിക്ക് ലഭിച്ചത് ചെമ്പുപാളികളാണെന്ന് പറഞ്ഞ് ചോദ്യം ചെയ്യലുമായി ആദ്യം വേണ്ടത്ര സഹകരിക്കാതിരുന്ന പോറ്റി അന്വേഷണ സംഘം തെളിവുകൾ നിരത്തിയതോടെ വ്യക്തമായ ഉത്തരങ്ങൾ നൽകിയെന്നാണ് വിവരം. അതേസമയം, നടപടിക്രമങ്ങൾ പാലിക്കാതെയാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് രംഗത്തുവന്നതോടെ വീട്ടിലേക്ക് ഫോൺ വിളിക്കാൻ അന്വേഷണ സംഘം അനുവദിച്ചു.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബി. മുരാരി ബാബു, അസിസ്റ്റൻറ് എൻജിനീയർ കെ. സുനിൽ കുമാർ, 2019ൽ വിരമിച്ച മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു, 2020ൽ വിരമിച്ച മുൻ സെക്രട്ടറി എസ്. ജയശ്രീ, 2021ൽ വിരമിച്ച മുൻ തിരുവാഭരണം കമീഷണർ ആർ.ജി. രാധാകൃഷ്ണൻ, മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ. രാജേന്ദ്രൻ നായർ, 2022ൽ വിരമിച്ച മുൻ എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാർ, 2024ൽ വിരമിച്ച അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാർ, മുൻ എക്സിക്യൂട്ടിവ് ഓഫിസർ വി .എസ്. രാജേന്ദ്ര പ്രസാദ്, 2019ലെ ദേവസ്വം ബോർഡ് തുടങ്ങിയവരാണ് മറ്റ് പ്രതികൾ.