ന്യൂഡൽഹി: സെപ്റ്റംബറിൽ കയറ്റുമതി രംഗത്ത് 6.7 ശതമാനം വളർച്ചയുമായി ഇന്ത്യ. ഇതേ കാലയളവിൽ, യു.എസിലേക്കുള്ള കയറ്റുമതിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായും കേന്ദ്ര വാണിജ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
അതെ സമയം യു.എ.ഇ, ചൈനീസ് വിപണികൾ പിന്തുണച്ചതാണ് ഇന്ത്യയ്ക്ക് തുണയാണത് .സെപ്റ്റംബറിൽ രാജ്യത്ത് നിന്നുള്ള ആകെ കയറ്റുമതി 6.74 ശതമാനം വളർച്ച രേഖപ്പെടുത്തി 36.38 ദശലക്ഷം ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 34.08 ദശലക്ഷം ഡോളറായിരുന്നു. ആകെ ഇറക്കുമതി 16.6 ശതമാനം ഉയർന്ന് 68.53 ദശലക്ഷം ഡോളറായി. കഴിഞ്ഞ വർഷം ഇതേസമയം 58.74 ദശലക്ഷം ഡോളറായിരുന്നു.
ഓഗസ്റ്റ് 27ന് പൂർണതോതിൽ നിലവിൽ വന്ന 50 ശതമാനം യു.എസ് താരിഫിന്റെ ആഘാതം വ്യക്തമാക്കുന്നതാണ് സെപ്റ്റംബറിലെ കണക്കുകൾ. വിവിധ സേവനങ്ങളുടെ കയറ്റുമതിയിൽ അഞ്ചുശതമാനം ഇടിവ് രേഖപ്പെടുത്തി 30.82 ദശലക്ഷം ഡോളറായി. മുൻവർഷം ഇതേസമയം 32.60 ദശലക്ഷം ഡോളറായിരുന്നു.