വത്തിക്കാൻ : തെക്കെ അമേരിക്കൻ നാടായ ചിലിയുടെ രാഷ്ട്രപതി ഗബ്രിയേൽ ബോറിക് ഫോണ്ട് ലിയൊ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തി.
ഒക്ടോബർ 13-ന് തിങ്കളാഴ്ചയാണ് പ്രസിഡൻറ് ബോറിക് ഫോണ്ട് വത്തിക്കാനിലെത്തി പാപ്പായെ സന്ദർശിച്ചത്.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം അദ്ദേഹം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിനും രാഷ്ട്രങ്ങളും അന്താരാഷ്ടട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗറുമായും സംഭാഷണത്തിലേർപ്പെട്ടു.
പരിശുദ്ധസിംഹാസനവും ചിലിയും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങളിൽ ഇരുവിഭാഗവും സംതൃപ്തി പ്രകടിപ്പിച്ചു. ചിലിയുടെ വിവിധ മേഖലകളിൽ സഭയേകുന്ന സംഭാവനകൾ, അന്നാടിൻറെ സാമൂഹ്യരാഷ്ട്രീയാവസ്ഥകൾ, വിശിഷ്യ ദാര്യദ്യത്തിനെതിരായ പോരാട്ടം, കുടിയേറ്റ പ്രതിഭാസം, നൈതിക പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.