വത്തിക്കാന് : സംവാദങ്ങളിലൂടെയും സഹകരണത്തിലൂടെയും സമാധാനത്തിനായി പ്രവർത്തിക്കാൻ ഹൈന്ദവരെയും ക്രൈസ്തവരെയും ആഹ്വാനം ചെയ്തും, കുടുംബങ്ങളിലും സമൂഹങ്ങളിലും ദീപാവലിയെന്ന പ്രകാശത്തിന്റെ ഉത്സവം സന്തോഷവും ഐക്യവും സമാധാനവും കൊണ്ടുവരട്ടെയെന്ന ആശംസയേകിയും മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി.
2025 ഒക്ടോബർ 20-ന് ലോകമെങ്ങുമുള്ള ഹൈന്ദവരുൾപ്പെടുന്ന വിവിധ ജനസമൂഹങ്ങൾ ദീപാവലി ആഘോഷത്തിനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് ഇത്തരമൊരു സന്ദേശം നൽകിയത്.
മറ്റു മതവിശ്വാസങ്ങളിലുള്ളവരുമായി സംവാദങ്ങൾക്കും സഹകരണത്തിനും ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നതും, 1965 ഒക്ടോബർ 28-ന് പുറത്തിറങ്ങിയതുമായ “നോസ്ത്ര എത്താത്തെ” (Nostra aetate) എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയുടെ അറുപതാം വാർഷികം ആഘോഷിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ്, സമാധാനസ്ഥാപനത്തിനായി വത്തിക്കാൻ ഡികാസ്റ്ററി ഏവരെയും പ്രത്യേകമായി ക്ഷണിച്ചത്.
ചരിത്രപരമായ പ്രാധാന്യമേറെയുള്ള ഈ രേഖ, കഴിഞ്ഞ അറുപത് വർഷങ്ങളിൽ സമാധാനത്തിനുള്ള പരിശ്രമത്തിന്റെ കൂടി ഭാഗമായി മതാന്തരസംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഏറെ സഹായകരമായിട്ടുണ്ടെന്ന് ഡികാസ്റ്ററി അദ്ധ്യക്ഷൻ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
നോസ്ത്ര എത്താത്തെയുടെ ഡയമണ്ട് ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ, സമാധാനത്തിനായുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ, ക്രൈസ്തവർക്കും ഹൈന്ദവർക്കും മറ്റ് മതവിശ്വാസികൾ ഉൾപ്പെടെ എല്ലാവർക്കും ഡിക്കസ്റ്ററി ആഹ്വാനം നൽകി.
മനുഷ്യർക്കും ജനതകൾക്കുമിടയിൽ ഐക്യവും കാരുണ്യവും പ്രോത്സാഹിപ്പിക്കാനും, എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ കിരണത്തെ പ്രതിഫലിപ്പിക്കുന്ന, “മറ്റു മതങ്ങളിലെ സത്യവും വിശുദ്ധവുമായവയെ” നിരസിക്കാതിരിക്കാനും”, “അവരുടെ ജീവിതരീതികളെയും ഉദ്ബോധനങ്ങളെയും ആദരപൂർവ്വം” പിന്തുണയ്ക്കാനും നോസ്ത്ര എത്താത്തെ നൽകുന്ന ക്ഷണം കർദ്ദിനാൾ തന്റെ സന്ദേശത്തിൽ പരാമർശിച്ചു.
ഇന്നത്തെ സമൂഹത്തിൽ മതാന്തരസംവാദങ്ങൾ മുൻപെന്നത്തേതിനേയുംകാൾ ആവശ്യമുള്ളതാണെന്ന് ഓർമ്മിപ്പിച്ച ഡികാസ്റ്ററി അദ്ധ്യക്ഷൻ, അത് ഏവരിലും ഐക്യത്തിന്റെയും ഒരുമയുടെയും വിത്തുകൾ വിതയ്ക്കുന്നത് തുടരണമെന്നും, പ്രത്യാശയുടെ അടയാളമായിത്തീണമെന്നും എഴുതി.
ഒരു ജനതയായിരിക്കാൻ വേണ്ടി, സംവാദങ്ങളിലൂടെയും പരസ്പരമുള്ള കണ്ടുമുട്ടലുകളിലൂടെയും ബന്ധങ്ങളുടെ പാലങ്ങൾ പണിയാൻ, 2025 മെയ് എട്ടിന് നൽകിയ “ഉർബി എത് ഓർബി” (Urbi et Orbi) സന്ദേശത്തിലൂടെ ലിയോ പതിനാലാമൻ പാപ്പാ ആവശ്യപ്പെട്ടത് കർദ്ദിനാൾ കൂവക്കാട് ഉദ്ധരിച്ചു.
മനുഷ്യാന്തസ്സും പൊതുനന്മയും കണക്കിലെടുത്ത് എല്ലാവരും പരസ്പരസംവാദത്തിന്റെ ഒരു സംസ്കാരം വളർത്തിയെടുക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ലിയോ പതിനാലാമൻ പാപ്പായെ ഉദ്ധരിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.
കുട്ടികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ ജീവന്റെയും വിശ്വാസത്തിന്റെയും പഠനക്കളരിയായ കുടുംബങ്ങൾക്കുള്ള ഉത്തരവാദിത്വവും, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് മതപരമ്പര്യങ്ങൾക്കുള്ള കടമയും, സമാധാനപൂർണമായ സഹവാസത്തെക്കുറിച്ചുള്ള ചിന്തകൾ ഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാധ്യമങ്ങൾക്കുമുള്ള പങ്കും കർദ്ദിനാൾ തന്റെ സന്ദേശത്തിൽ സൂചിപ്പിച്ചു.
ഹൈന്ദവരും ക്രൈസ്തവരും, മറ്റു മതവിശ്വാസികളും സന്മനസ്സുള്ള ഏവരും ചെറുതും വലുതുമായ ശ്രമങ്ങളിലൂടെ നമ്മുടെ ഭവനങ്ങളിലും സമൂഹങ്ങളിലും സമാധാനം വളർത്താൻ പരിശ്രമിക്കണമെന്നും കർദ്ദിനാൾ കൂവക്കാട് ആഹ്വാനം ചെയ്തു.