അസി. എൻജിനീയർ കെ. സുനിൽ കുമാറിന് സസ്പെൻഷൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടപടി തുടരുന്നു. രണ്ടാമത്തെ ഉദ്യോഗസ്ഥനെതിരെയും നടപടി. കേസിൽ പ്രതിചേർത്ത ദേവസ്വം ബോർഡ് അസി. എൻജിനീയർ കെ. സുനിൽ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിപ്പട്ടികയിലെ വിരമിച്ച ഏഴ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും തിരുവനന്തപുരത്ത് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട് .
ദ്വാരപാലക ശിൽപങ്ങളിലേത് സ്വർണം പൊതിഞ്ഞ ചെമ്പ് തകിടുകളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെമ്പുതകിടുകൾ എന്ന് മാത്രമെഴുതിയ മഹസറുകളിൽ സാക്ഷിയായി ഒപ്പിട്ടയാളാണ് സുനിൽകുമാർ. 2019 സെപ്റ്റംബർ 11ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽനിന്ന് ശിൽപങ്ങൾ തിരികെ വാങ്ങുമ്പോൾ തൂക്കം നോക്കാതെ പേരിനുമാത്രം മഹസർ തയാറാക്കിയത് സുനിൽ കുമാറാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. കേസിൽ പ്രതിയായതിന് പിന്നാലെയാണ് സസ്പെൻഷൻ. 2019ലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ഹരിപ്പാട് ദേവസ്വം കമീഷണറുമായ ബി. മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.