തിരുവനന്തപുരം: മകൻ വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവച്ചെന്നും അദ്ദേഹം ഡൽഹിയിൽ പോയത് കേസുകൾ ഒതുക്കിത്തീർക്കാനാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സമൻസിനെ തുടർന്ന് വിവേക് ഹാജരായോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങൾ ഇഡി വ്യക്തമാക്കണം എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
വിവേക് കിരണിന് സമൻസ് അയച്ചിട്ടും ഇഡി തുടർനടപടി എടുക്കാത്തത് സെറ്റിൽമെന്റെന്ന് യുഡിഎഫ് ആക്ഷേപം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ഡീലിൻറെ ഭാഗമായെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. സമൻസിൽ മുഖ്യമന്ത്രിയോ മകനോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
വിവേക് കിരണിന് ഇഡി അയച്ച സമൻസ് മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ് പ്രതിപക്ഷം. സിപിഎം-ബിജെപി സെറ്റിൽമെൻറിൻറെ തെളിവായാണ് സമൻസിലെ തുടർനടപടി നിലച്ചത് എന്നാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. പൂരം കലക്കൽ, തൃശൂരിലെ ബിജെപി ജയം മുതൽ മുഖ്യമന്ത്രി അമിത് ഷാ കൂടിക്കാഴ്ച വരെ ഡീലിൻറെ ഭാഗമെന്നാണ് യുഡിഎഫ് ആക്ഷേപം.
സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ കേസുകൾ ഉന്നതരിലേക്കെത്താത്തത് ബിജെപിയുടെയും കൈ പൊള്ളിച്ചിരുന്നത്. സമൻസിലെ ഡീൽ ആരോപണത്തിൽ വീണ്ടും ബിജെപി പ്രതിരോധത്തിലായി.