മെക്സിക്കോ: ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിൽപാൻസിംഗോ-ചിലപ രൂപതാംഗമായ ഫാ. ബെർട്ടോൾഡോ പാന്റലിയോണിനിന്റെ മൃതദേഹമാണ് ഇക്കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ഒക്ടോബർ 4 ശനിയാഴ്ച ഗുറേറോ സംസ്ഥാനത്ത് നിന്നാണ് വൈദികനെ കാണാതായത്. വൈദികന്റെ തിരോധാനത്തിൽ പോലീസ് അന്വേഷണം നടന്നുവരികയായിരിന്നു. രാജ്യത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മെസ്കാല പട്ടണത്തിലെ ഇടവക വികാരയായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് ഫാ. പാന്റലിയോണിന്റെ അകാല മരണം.
മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ചിൽപാൻസിംഗോ-ചിലപ ബിഷപ്പ് ജോസ് ഡി ജെസസ് ഗോൺസാലസ് ആവശ്യപ്പെട്ടു. രൂപത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ഗുറേറോ സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ ഓഫീസ് റിപ്പോർട്ട് ചെയ്തു. മെത്രാൻ എന്ന നിലയിലും, മുഴുവൻ രൂപത സമൂഹത്തിനും വേണ്ടിയും, ഈ പ്രവൃത്തികളിൽ നേരിട്ട് ഉൾപ്പെട്ടവരോട് ക്ഷമിക്കുകയാണെന്നും നീതി നടപ്പാക്കാൻ ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
ലോകത്ത് വൈദികർക്കു നേരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്നത് മെക്സിക്കോയിലാണ്. കഴിഞ്ഞ ജൂലൈയിൽ ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികൻ രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റിരിന്നു. വൈദികർക്ക് നേരെയുള്ള ആക്രമണങ്ങൾ നിരീക്ഷിക്കുന്ന കാത്തലിക് മൾട്ടിമീഡിയ സെന്ററിന്റെ കണക്കുകൾ പ്രകാരം 1990 മുതൽ ഇതുവരെ രാജ്യത്തു ഒരു കർദ്ദിനാളും ഏകദേശം 60 വൈദികരും കൊല്ലപ്പെട്ടിട്ടുണ്ട്. 2018 മുതൽ മാത്രം 12 വൈദികരാണ് രാജ്യത്തു ദാരുണമായി കൊല്ലപ്പെട്ടത്. ആഴ്ചയിൽ ശരാശരി 26 പള്ളികൾ ആക്രമിക്കപ്പെടുന്നതായും സെൻറർ വ്യക്തമാക്കിയിരിന്നു.