ഡോ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ
അല്പം ചരിത്രം
1985 കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ വികലമായി അവതരിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തോടുള്ള പ്രതികരണമായിട്ടാണ് 1987 മുതൽ പാലാരിവട്ടം പിഒസിയിൽ കെസിബിസി മാധ്യമകമ്മീഷന്റെ നേതൃത്വത്തിൽ അഖിലകേരള പ്രൊഫഷണൽ നാടകമേള നടത്തിത്തുടങ്ങിയത്. ഒരു വികലമായ നാടകത്തിനെതിരെ തെരുവിലിറങ്ങുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ഒക്കെ വേണം എന്ന വാദഗതിക്കു വിരുദ്ധമായി കലയെ കല എന്ന മാധ്യമത്തിലൂടെ തന്നെ പ്രതിരോധിക്കാനാണ് അന്ന് ഉത്തരവാദിത്തപ്പെട്ടവർ തീരുമാനിച്ചത്.
മാധ്യമ കമ്മീഷൻ തന്നെ ഒരു നാടകട്രൂപ്പ് ഉണ്ടാക്കണമെന്ന നിർദ്ദേശം പോലും ഉണ്ടായെങ്കിലും നന്മയെന്ന മൂല്യം ഉയർത്തിപിടിപ്പിക്കാനുതകുന്ന വിധത്തിൽ നാടകട്രൂപ്പുകളെ സജ്ജരാക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം.
അന്നു പ്രവർത്തിച്ചിരുന്ന നാടകസമിതികളെയും സംവിധായകരെയും നാടകകൃത്തുകളെയും പ്രത്യേകം പ്രത്യേകം വിളിച്ചുകൂട്ടി ചർച്ച ചെയ്തതിൽനിന്നും മാന്യമായി മുന്നോട്ടു പോകാനുതകുന്ന വിധത്തിൽ കുറച്ചു വേദികൾ കിട്ടുമെങ്കിൽ നാടകങ്ങൾ തയ്യാറാക്കാൻ അവർ സന്നദ്ധരാണെന്നറിഞ്ഞപ്പോൾ അത്തരം സമിതികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ചായി പിന്നത്തെ ചിന്ത. അതിന്റെ അനന്തരഫലമായി 1987 ഓഗസ്റ്റുമാസം സംഘടിപ്പിച്ച പ്രഥമ പ്രൊഫഷണൽ നാടകമത്സരത്തിൽ എട്ടു നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ 38 വർഷങ്ങളിലായി (കൊവിഡ്കാലത്തൊഴിച്ച്) തുടർച്ചയായി നടന്നുവരുന്ന നാടകമേളയുടെ 36-ാമത് അവതരണം കഴിഞ്ഞ സെപ്റ്റംബർ 19 മുതൽ 28 വരെ പിഒസി ഓഡിറ്റോറിയത്തിൽ അരങ്ങേറിയപ്പോൾ പ്രേഷകർക്കു വിരുന്നായി ഒൻപത് മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവുമടക്കം പത്തു നാടകങ്ങളായിരുന്നു ഉണ്ടായിരുന്നത്.

നാടകമേളയുടെ സംഘാടനം
കെസിബിസി മാധ്യമകമ്മീഷൻ സെക്രട്ടറി ഫാ. മിൽട്ടൻ കളപ്പുരയ്ക്കലിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കമാണ് നാടകമേളയ്ക്കായി നടന്നത്. ആദ്യമായി അവതരണത്തിനുള്ള രചനകൾ ക്ഷണിക്കുന്നു. ഇതേതുടർന്ന് വിദഗ്ദരായ ഒരു സെലക്ഷൻ കമ്മിറ്റി രചനകളെല്ലാം വായിച്ച് വിലയിരുത്തി മത്സരയോഗ്യമായ നാടകങ്ങൾ തിരഞ്ഞെടുത്ത്് സമിതികളെ അറിയിക്കുകയും അവർക്ക് അവതരിപ്പിക്കുന്നതിനുള്ള ദിവസം നറുക്കെടുപ്പിലൂടെ തീരുമാനിക്കുകയും ചെയ്യുന്നു.
ഇവിടെ അവതരണാനുമതി ലഭിച്ച നാടകങ്ങൾ മാത്രമാണ് ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച നാടകങ്ങൾ എന്ന അവകാശവാദം ഞങ്ങൾക്കില്ല. സമയത്ത് തയ്യാറാകാതിരിക്കുക, അവതരണാനുമതിക്കായി സമർപ്പിക്കപ്പെടാതിരിക്കുക, സംഘാടകർ പ്രഘോഷിക്കുന്ന മൂല്യബോധത്തോട് ചേർന്നുപോകാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ മികച്ച ചില നാടകങ്ങളെങ്കിലും ഇവിടെ തിരഞ്ഞെടുക്കപ്പെടാതെ പോയിട്ടുണ്ടാകാം. എന്നാൽ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങളെല്ലാം ധാർമ്മികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവയും മികച്ച സന്ദേശങ്ങൾ ശക്തമായി പ്രചരിപ്പിക്കുന്നവയും കുടുംബസമേതം ആസ്വാദകരെത്തുന്ന ഇടങ്ങളിൽ ധൈര്യപൂർവ്വം അവതരിപ്പിക്കാവുന്നവയും ആണെന്ന കാര്യത്തിൽ സംഘാടകർക്കുറപ്പുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ നാടകങ്ങളും ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ കുറേയധികം വേദികളിലേക്ക് ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നതാണ് മുൻകാല അനുഭവം.
കാലികപ്രസക്തമായ പ്രമേയങ്ങളും
ജീവസ്പർശിയായ അവതരണങ്ങളും
പൊതുസമൂഹം നിർബന്ധമായും ചർച്ച ചെയ്യേണ്ട വ്യത്യസ്തങ്ങളായ പ്രമേയങ്ങളുടെ സമ്മേളനംകൊണ്ട് സമ്പന്നമായിരുന്നു ഇത്തവണത്തെ നാടകങ്ങളെല്ലാം.
വള്ളുവനാട് ബ്രഹ്മയ്ക്കുവേണ്ടി ഹേമന്ത് കുമാർ രചിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്തവതരിപ്പിച്ച ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ ആണ് ഇത്തവണത്തെ മികച്ച നാടകം, മികച്ച സംവിധാനം തുടങ്ങിയ അവാർഡുകൾ കരസ്ഥമാക്കിയത്. ആശയവിനിമയത്തിന്റെ സൗന്ദര്യം എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ ഇതിന്റെ പ്രമേയത്തെ സംഗ്രഹിക്കാം. സംസാരത്തിലൂടെ ഉള്ളം തുറക്കാനും പുറത്തുവന്ന് വിമോചിതരാകാനും ഈ നാടകം ഏവരെയും നിർബന്ധിക്കും. വല്ലാത്തൊരു മൗനത്തിന്റെ പുറംതോടിനകത്ത് സ്വയം ഒളിക്കാനാഗ്രഹിച്ചൊരു മനുഷ്യൻ. സ്വർഗ്ഗസമാനമായിത്തീരേണ്ട തന്റെ കുടുംബത്തെയും സമൂഹത്തെയും തന്റെ സാമീപ്യം ഒന്നുകൊണ്ടുമാത്രം നരകമാക്കിത്തീർക്കുന്ന ഇടത്തിൽനിന്നും അയാൾ കയറിവരുന്ന മനോഹരദൃശ്യം അനുവാചകനെ ചലിപ്പിക്കും, ഹൃദയം തുറന്ന് സംസാരിക്കാൻ പ്രേരിപ്പിക്കും. അയാൾക്കു ചുറ്റും ജീവിക്കുന്ന നുണപറിച്ചിലുകളിലൂടെ പോലും സംഭാഷണം ഉത്സവമാക്കുന്ന ആ നാടും അനുവാചകനെ വിമോചനത്തിന്റെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തും. ആധുനിക മനഃശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന കൗൺസലിംഗ് എന്ന തെറാപ്പി ഇവിടെ നാമറിയാതെ തന്നെ നമ്മിൽ സംഭവിക്കുന്നു.

കാഞ്ഞിരപ്പിള്ളി അമലയുടെ ‘ഒറ്റ’ പറയുന്നത് ഒറ്റപ്പെട്ട തുരുത്തുകളായിപ്പോകുന്ന സാധാരണക്കാരന്റെ ജീവിക്കാനുള്ള പടവെട്ടിന്റെ കഥയാണ്. ഹേമന്ത് കുമാറിന് മികച്ച രചനയ്ക്കുള്ള അവാർഡ് നേടികൊടുത്ത ഇതാണ് മികച്ച രണ്ടാമത്തെ നാടകം. കോളജ് വിദ്യാർഥികളായ അഞ്ച് നടീനടൻമാരുടെ അരങ്ങേറ്റം ഈ നാടകത്തിന്റെ കരുത്തിനൊപ്പം മലയാള നാടകവേദിയുടെ ഭാവി കൂടിയാണ്. ഇന്നത്തെ സമൂഹം നേരിടുന്ന അതിഭീകരമായ ഒരു സാമൂഹ്യതിന്മയെ എങ്ങിനെ പ്രതിരോധിക്കണമെന്ന പാഠം വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് ഈ നാടകത്തിന്റെ ശക്തിയാണ്.
കോഴിക്കോട് സങ്കീർത്തനയുടെ ‘കാലം പറക്കണ്’ പ്രദീപ്കുമാർ കാവുംതറ രചിച്ച് രാജീവൻ മമ്മിള്ളി സംവിധാനം ചെയ്ത നാടകമാണ്. കുട്ടികൾക്കെന്തും കൊടുക്കാൻ വ്യഗ്രത കാട്ടുന്ന മാതാപിതാക്കൾക്കിടയിൽ യഥാർത്ഥത്തിൽ അവർക്ക് കൊടുക്കേണ്ടതും കൊടുക്കേണ്ടാത്തതുമായ കാര്യങ്ങളെപ്പറ്റിയുള്ള ഒരു വിചാരണയാണ് ഈ നാടകം. മൂന്നാം ക്ലാസുകാരിയായ ജാനിമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൂന്നാം ക്ലാസുകാരി തന്നെയായ ബേബി ഉത്തര എന്ന ബാലതാരം നമ്മെ അദ്ഭുതപ്പെടുത്തും.
ഉത്തരയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശത്തോടൊപ്പം ഇതിലെ അമ്മയുടെയും മുത്തശ്ശിയുടെയും വേഷങ്ങൾ അനശ്വരമാക്കിയ ജയലക്ഷ്മി ആണ് മികച്ച നടി. കുടുംബം എന്ന സമൂഹത്തിലെ അടിസ്ഥാനഘടകം എന്താണെന്നും എങ്ങനെയായിരിക്കണമെന്നും നിർവചിക്കുന്ന നാടകം സമൂഹത്തിൽ ഓരോരുത്തരുടെയും കടമകൾകൂടി വ്യാഖ്യനിച്ചു തരുന്നിടത്ത് കൂടുതൽ വിശാലമായ വായനയിലേക്ക് നമ്മെ നയിക്കുന്നു. കുട്ടികളും മാതാപിതാക്കളും മുത്തശീ മുത്തച്ഛന്മാരും ബന്ധുക്കളും അധ്യാപകരും എല്ലാം സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ സമൂഹനിർമിതിയിൽ ഉത്തരവാദിത്തപ്പെട്ട കടമകൾ നിർവ്വഹിക്കേണ്ടവരാണെന്ന സത്യം മറന്നുകൊണ്ടാണ് പലപ്പോഴും പലരും അവനവന്റേതായ സ്വാർത്ഥതയിലേക്ക് ചുരുങ്ങുന്നതെന്നും ഈ നാടകം ഓർമ്മിപ്പിക്കുന്നു.
ഇന്നത്തെ മലയാളിയുടെ വഴിവിട്ട പരക്കം പാച്ചിലുകളാണ് തൃശൂർ സദ്ഗമയയുടെ ‘സൈറൺ.’ ഹേമന്ത്കുമാറിന്റെ രചനയ്ക്കു മനോജ് നാരായണൻ സംവിധാനമൊരുക്കിയിരിക്കുന്നു. ഒരു പണിയും ചെയ്യാൻ താല്പര്യമില്ലെങ്കിലും വേഗം പണക്കാരനാകണമെന്നാഗ്രഹിക്കുന്നവർ, അതിനുവേണ്ടി എന്തു തട്ടിപ്പിലും ചെന്ന് തലവെയ്ക്കുന്നവർ ഇന്നത്തെ നമ്മുടെ സമൂഹത്തിലുണ്ടാകുമോ? പഴയകാല ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പുകളുടെ ആധുനിക പതിപ്പുകൾ അനുദിനമെന്നോണം റിപ്പോർട്ടു ചെയ്യപ്പെടുമ്പോഴും തട്ടിപ്പിനിരയാകാൻ ഇന്നും സമൂഹത്തിൽ ആളുണ്ടെന്ന തിരിച്ചറിവ് ഈ നാടകം നമ്മിലുണർത്തും. ഉള്ളിലുറങ്ങുന്ന ഒരു ചൂതാട്ട മനഃസ്ഥിതിയിലേക്കുകൂടി തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടിയാണ് ഈ നാടകം.
പപ്പേട്ടൻ സ്വാമിയും മകൻ വിധ്യാധരനും ഭാര്യ രേവതിയുമെല്ലാം നമുക്കിടയിൽ ജീവിക്കുന്നവർതന്നെ. ചന്ദ്രൻ എസ്. രാമൻ രചിച്ച് സജീവൻ മാടവന സംവിധാനം ചെയ്ത് തിരുവനന്തപുരം നടനകല അവതരിപ്പിച്ച ‘നിറം’ എന്ന നാടകത്തിലെ കുഞ്ഞാമ്പു, ചേന്നൻ എന്നീ ആദീവാസമൂപ്പൻമാർക്കു ജീവൻ നല്കിയ പുല്ലുച്ചിറ ബാബുവിന്റെ ഉജ്വലപ്രകടനം ഇത്തവണത്തെ മികച്ച നടനുള്ള അവാർഡിനർഹനാക്കി. കറുത്തവരും വെളുത്തവരും തമ്മിലുള്ള സംഘർഷവും ആദിവാസിയുടെ നീതിയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടവും എല്ലാമാണ് ഇതിന്റെ പ്രമേയം നീതിയ്ക്കുവേണ്ടി നിയമത്തെ മുറുകെ പിടിച്ചുകൊണ്ട് നീതി നിർവഹണ കോടതി വിധിയിലൂടെ തങ്ങളെത്തന്നെ തെളിയിക്കുന്നവരുടെ കഥ പറയുന്ന നാടകങ്ങളാണ് തിരുവനന്തപുരം അമ്മ തീയേറ്ററിന്റെ ‘ഭഗത്സിംഗ്’, തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’ എന്നിവയും അവസാനദിനം പ്രദർശന നാടകമായി അവതരിപ്പിച്ച തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ’യും. ‘ഭഗത്സിംഗി’ൽ കണ്ണൂർ വാസൂട്ടി വേഷമിട്ട അഡ്വ. ഭഗത്സിംഗ് അബലയായ ഒരു പെൺകുട്ടിക്ക് നീതി നടത്തികൊടുക്കാൻ പടപൊരുതുമ്പോൾ ‘സുകുമാരി’യിൽ മകനു നീതി നേടികൊടുക്കാൻ പോരാടുന്നത് വെറുമൊരു വീട്ടമ്മയായ സുകുമാരിയായിരുന്നു.

‘ലക്ഷ്മണരേഖ’യിൽ ആണധികാരത്തിന്റെ വേലിക്കെട്ട് പൊളിക്കാനാഗ്രഹിച്ച് അതിൽതന്നെ അകപ്പെട്ടുപോയ സീതാലക്ഷ്മി നിയമത്തിലാശ്രയിച്ചുകൊണ്ട് നീതിക്കുവേണ്ടിയുള്ള പോരാട്ടം നടത്തുന്നതും വിജയിക്കുന്നതും ഒറ്റയ്ക്കാണ്. ജോയിയെന്ന പ്രവാസിയുടെ ജീവിതത്തിലേക്ക് ഒറ്റദിവസംകൊണ്ടു വന്നുചേരുന്ന ദുരന്തങ്ങളും അവയെ സൃഷ്ടിച്ച സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരവുമാണ് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത’ അവതരിപ്പിക്കുന്നത്. ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന രണ്ടു പ്രകൃതക്കാരായ രണ്ടു മനുഷ്യരിലൂടെ ജീവിതത്തിലെ നന്മതിന്മകളുടെ സംഘർഷം അവതരിപ്പിക്കുന്നു കൊല്ലം അനശ്വരയുടെ ‘ആകാശത്തൊരു കടൽ.’
അവാർഡിനർഹരായ ഏവരെയും അനുമോദിക്കുന്നതിനോടൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയ ചിലരുടെ പേരുകളെങ്കിലും സൂചിപ്പിക്കാതിരുന്നാൽ ഈ വിവരണം അപൂർണമായിരിക്കും എന്നു തോന്നുന്നതിനാൽ മികച്ച അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച ചില പേരുകൾ കൂടി.
‘പകലിൽ മറഞ്ഞിരുന്നൊരാളി’ലെ ജോസിന് ജീവൻ പകർന്ന ജോൺസൺ ഐക്കര, ഐന്തറിൻ കുട്ടിക്കയും കുട്ടപ്പിയുമായി വേഷമിട്ട സജീവ് മാടവന, അമ്മയുടെ വേഷം ചെയ്ത സുധ ബാബു, ജൂലിയറ്റായ ലിജി എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. ‘ഒറ്റ’യിലെ ദമ്പതികൾക്കു ജീവൻ നല്കിയ ബിജു ജയാനന്ദൻ, സ്നേഹ എന്നിവരും ‘സൈറണി’ൽ അഭിനയിച്ച സതീഷ് കെ കുന്നത്തും ശിവനും സങ്കീർത്തനയിലെ അവാർഡു ജേതാക്കൾക്കു പുറമേ, സജി കാരാട്ട്, പ്രകാശ് മുതൂർ, സനൽ നെയ്യാറ്റിൻകര എന്നിവരും ‘ഭഗത്സിംഗി’ലെ കണ്ണൂർ വാസൂട്ടിയും ‘സുകുമാരി’യിലെ സന്ധ്യ കലാമണ്ഡലവും ‘ലക്ഷ്മണരേഖ’യിൽ വേഷമിട്ട ജലീൽ സംഘകേളിയും ശ്രീജ സംഘകേളിയും ‘വാർത്ത’യിലെ ഖാലീദ് കെടാമംഗലവും പ്രത്യേക പരാമർശം അർഹിക്കുന്ന അഭിനയ പ്രതിഭകൾ തന്നെ. എവിടെയും അവതരണയോഗ്യമായ ഏതാനും നാടകങ്ങളെ അടയാളപ്പെടുത്താനായി എന്ന ചാരിതാർത്ഥ്യത്തോടെ 36-ാമത് നാടകമേളയുടെ യവനിക താഴുമ്പോൾ പ്രൊഫഷണൽ നാടകവേദി ഊർജസ്വലതയോടെ തന്റെ പ്രയാണം തുടരുന്നു എന്നുതന്നെയാണ് ഞങ്ങൾ വിലയിരുത്തുന്നത്.