വത്തിക്കാൻ :കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ജോസഫ് കബീലയ്ക്ക് (Joseph Kabila) വധശിക്ഷ വിധിച്ചതിൽ പ്രതിഷേധമറിയിച്ച് രാജ്യത്തെ കത്തോലിക്കാ മെത്രാൻസമിതി. വധശിക്ഷ സുവിശേഷമൂല്യങ്ങളോട് ചേർന്ന് പോകില്ലെന്നും, മുൻ പ്രസിഡന്റിന് വധശിക്ഷ നൽകുന്നത് രാജ്യത്ത് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമാകില്ലെന്നും മെത്രാൻസമിതി പ്രസ്താവിച്ചതായി ഒക്ടോബർ ഏഴിന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ജോസഫ് കബീലയ്ക്ക് വധശിക്ഷ വിധിക്കുന്ന തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്നും, ഇത് ഏവരെയും പിന്നോക്കം കൊണ്ടുപോകുന്ന നടപടിയാണെന്നും, ജീവന്റെ സംരക്ഷണത്തിനും, സുവിശേഷമൂല്യങ്ങൾക്കും എതിരായ നടപടിയാണെന്നും മെത്രാന്മാർ പ്രസ്താവിച്ചു.
വധശിക്ഷയും, അതിന് പിന്നിലെ പ്രതികാരയുക്തിയും സുവിശേഷവുമായി പൊരുത്തപ്പെട്ട് പോകുന്നതല്ലെന്നും, സമാധാനം, ദേശീയ ഐക്യം, രാജ്യത്തിന്റെ സമഗ്രത എന്നിവ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ, മുൻ പ്രസിഡന്റ് കബീലയ്ക്ക് കിൻഷാസയിലെ മിലിട്ടറി സുപ്രീം കോടതി, വധശിക്ഷ വിധിച്ചതിൽ തങ്ങൾ ഉത്കണ്ഠ രേഖപ്പെടുത്തുന്നുവെന്ന്, ലുബുമ്പാഷി (Lubumbashi) അതിരൂപതാദ്ധ്യക്ഷനും മെത്രാൻസമിതി പ്രസിഡന്റുമായ ആർച്ച്ബിഷപ് ഫുൾഗാൻസ് മുതേബ മുഗലൂ (H.G. Fulgence Muteba Mugalu) പ്രസ്താവിച്ചു.
ജീവന്റെ പവിത്രത അംഗീകരിക്കുന്ന കോംഗോയിലെ ഭരണഘടനയുമായി യോജിച്ചുപോകുന്നതല്ല വധശിക്ഷയെന്ന് മെത്രാൻസമിതി ഓർമ്മിപ്പിച്ചു. രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തി, സെപ്റ്റംബർ 30-നായിരുന്നു മുൻ പ്രസിഡന്റിനെ മിലിട്ടറി സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2001 മുതൽ 2019 വരെ ഭരണം നടത്തിയ ശേഷം രാജ്യം വിട്ട പ്രസിഡന്റ് കബീല, 2023-ലാണ് ഗിറില്ലകൾ കൈവശപ്പെടുത്തിയിരിക്കുന്ന കിഴക്കൻ പ്രദേശത്തുള്ള വടക്കൻ കിവുവിൽ (Northern Kivu) എത്തിയത്.
രാജ്യത്തെ രാഷ്ട്രീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, കഴിഞ്ഞ മുപ്പത് വർഷങ്ങളിലായി നിലനിൽക്കുന്ന യുദ്ധങ്ങളും അസ്ഥിരതകളും അവസാനിപ്പിക്കാനും, മുൻ പ്രസിഡന്റിനെയും, വിപ്ലവകാരികളെയും കൂടി ഉൾപ്പെത്തി ദേശീയതലത്തിൽ ചർച്ചകൾ നടത്തണമെന്ന് മെത്രാൻസമിതി ആവശ്യപ്പെട്ടു.