ന്യൂഡൽഹി: അമേരിക്കയുടെ തുടർച്ചയായ സമ്മർദത്തിനിടയിലുംഇന്ത്യയിലേക്കുള്ള റഷ്യൻ അസംസ്കൃത എണ്ണയുടെ ഇറക്കുമതി തുടരുന്നു. സെപ്റ്റംബറിലും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയാണ് മുന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇറക്കുമതിയിൽ നേരിയ കുറവുണ്ടായിട്ടുണ്ടെന്ന് ആഗോളതലത്തിൽ എണ്ണ നീക്കം സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്യുന്ന കെപ്ലറിൻ്റെ റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക ചുമത്തിയ പിഴ തീരുവയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന തുടർച്ചയായുള്ള സമ്മർദവും അവഗണിച്ചാണ് ഇന്ത്യ എണ്ണയെത്തിക്കുന്നത്.
സെപ്റ്റംബറിൽ രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നും റഷ്യയിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 33.8 ശതമാനം വരെയാണ് ഇറക്കുമതി ചെയ്യുന്നത്. 2025 ഏപ്രിലിലെ 40.26 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്.
അതേസമയം മധ്യേഷ്യയിലെ പരമ്പരാഗത രാജ്യങ്ങളിൽ നിന്നുള്ള മൊത്തം ഇറക്കുമതി 44 ശതമാനം വരും. ഇറാഖിൽ നിന്ന് 18.7 ശതമാനം, സൗദി അറേബ്യയിൽ നിന്ന് 12.8 ശതമാനം, യുഎഇയിൽ നിന്ന് 12.6 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. എണ്ണ സ്രോതസ് വിപുലപ്പെടുത്താനും ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്.
സെപ്റ്റംബറിൽ നൈജീരിയ 4.9 ശതമാനം, അങ്കോള 2.7 ശതമാനം എന്നിങ്ങനെ എണ്ണയെത്തിച്ചിരുന്നു. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 4.3 ശതമാനമാണ്. അതേസമയം അമേരിക്കയുടെ സമ്മർദം ഫലിക്കുന്നില്ലെന്ന് പറയാനാകില്ലെന്ന് കെപ്ലർ പറയുന്നു.
റഷ്യയിൽ നിന്നുള്ള ചരക്ക് വരവിൽ കുറവുണ്ടായിട്ടുണ്ടെന്നത് കണക്കുകളിൽ വ്യക്തമാണ്. ഏകദേശം 15.98 ലക്ഷം വീപ്പ എണ്ണയാണ് ദിവസവും റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതെന്നാണ് കണക്ക്. ഓഗസ്റ്റിനെ അപേക്ഷിച്ച് പത്ത് ശതമാനം വരെ കുറവാണിത്. അമേരിക്കൻ സമ്മർദ്ദത്തിൽ ഇന്ത്യൻ എണ്ണ കമ്പനികൾ ഇറക്കുമതി ചെയ്യുന്ന സ്രോതസ്സുകൾ വിപുലമാക്കാനും ഇടയായിട്ടുണ്ട് എന്ന് കെപ്ലർ റിപ്പോർട്ട് ചെയ്യുന്നു.