വത്തിക്കാൻ: പൊന്തിഫിക്കൽ സ്വിസ് സൈന്യത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഉപസംഹാരത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ആശംസകൾ അർപ്പിച്ചുകൊണ്ട്, അഭിവാദ്യം ചെയ്തു. ‘അതിമനോഹരമായ ചടങ്ങായിരുന്നു നടന്നതെ’ന്നു പറഞ്ഞ പാപ്പാ, ഇതിനു അടിസ്ഥാനമായ വിശ്വാസത്തിനും ജീവനും കാരണഭൂതനായ ദൈവത്തിനു പ്രത്യേകം നന്ദിയർപ്പിച്ചു.
ചടങ്ങിൽ സന്നിഹിതരായിരുന്ന ഏവരെയും അഭിവാദ്യം ചെയ്ത പാപ്പാ, പ്രത്യേകമായി സൈനികരുടെ കുടുംബാംഗങ്ങളെ നന്ദിയോടെ അനുസ്മരിച്ചു. വളരെ പ്രത്യേകമായി ഈ ചടങ്ങു സംഘടിപ്പിച്ചതിനു അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഈ സത്യപ്രതിജ്ഞാചടങ്ങു, ആധുനിക ലോകത്തിനു വലിയ സാക്ഷ്യം നല്കുന്നതാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി.അച്ചടക്കം, ത്യാഗമനോഭാവം, വിശ്വാസജീവിതം എന്നീ പുണ്യങ്ങൾ ഇന്നത്തെ യുവതലമുറക്ക് പകർന്നു കൊടുക്കുന്നതിനും, അപ്രകാരം ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട്, അപരനെ സേവിക്കുവാനും, അവരെ പറ്റി ചിന്തിക്കുവാനും, ഈ ചടങ്ങു പ്രചോദനം നൽകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പരിശുദ്ധ സിംഹാസനത്തിന്റെ പേരിൽ, അംഗങ്ങൾ നൽകുന്ന അകമഴിഞ്ഞ സേവനത്തിനു പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. തുടർന്ന് തന്റെ അപ്പസ്തോലിക ആശീർവാദവും പാപ്പാ നൽകി.