ന്യൂഡല്‍ഹി: അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താന്‍ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചര്‍ച്ച തുടങ്ങി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഈജിപ്ഷ്യന്‍ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയത്.
നിരവധി പലസ്തീന് തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുന്ന ഒരു കൈമാറ്റ കരാറിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പലസ്തീനിയന്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു . സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവര്‍ അംഗീകരിച്ചിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോർമുല അനുസരിച്ച് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍ സമ്മതിച്ചതായി ഹമാസ് അറിയിച്ചു .നിരായുധീകരണവും ഗാസയുടെ ഭാവി ഉള്‍പ്പെടെ നിരവധി പ്രധാന തര്‍ക്ക വിഷയങ്ങള്ചർച്ചയ്ക്ക് വന്നിട്ടില്ല . വരും ദിവസങ്ങളില്‍ ബന്ദികളുടെ മോചനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
ഹമാസിനെ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ഗാസയില്‍ 67,160 പേര് കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്.