ജയ്പൂർ: രാജസ്ഥാനിലെ സവായ് മാൻസിങ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ് . അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിലെ ഐസിയു വാർഡിലാണ് ഇന്നലെ അര്‍ധരാത്രിയോടെ തീപിടിത്തമുണ്ടായത്.
ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്. പരിക്കേറ്റവർ ചികിത്സയിലാണെന്നും ശ്വാസംമുട്ടല്‍ മൂലമാണ് രോഗികൾ മരിച്ചതെന്നും ഡോ ദീപക് മഹേശ്വരി പറഞ്ഞു.
ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച രോഗികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഐസിയുവിൽ നിന്ന് പെട്ടെന്ന് പുക ഉയരാൻ തുടങ്ങിയതായി രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി ആരും എത്തിയില്ല-ബന്ധുക്കൾ ആരോപിച്ചു .