വത്തിക്കാൻ : ആംഗ്ലിക്കൻ സഭാസമൂഹത്തിൻറെ പുതിയ അദ്ധ്യക്ഷയും കാൻറർബറിയുടെ ആർച്ചുബിഷപ്പും ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട സാറാ മല്ലല്ലിക്ക് ക്രൈസ്തവൈക്യപരിപോഷണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ് ആശംസകൾ നേർന്നു.
കാൻറർബറിയുടെ നൂറ്റിയാറാമത്തെ ആർച്ച്ബിഷപ്പായിട്ടാണ് സാറാ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ ആർച്ചുബിഷപ്പ് പ്രസ്തുത സഭയുടെ പരമാദ്ധ്യക്ഷസ്ഥാനത്തെത്തുന്നത്. ആർച്ച്ബിഷപ്പ് ജസ്റ്റിൻ വ്വെൽബി 2024 നവംബറിൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സാറാ മല്ലല്ലി തൽസ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
ബ്രിട്ടൻറെ രാജാവ് ചാൾസ് മൂന്നാമൻ ഒക്ടോബർ 3-നാണ് ഇതിന് അംഗീകാരം നല്കിയത്. 2026 മാർച്ച് 25-നായിരിക്കും കാൻറർബറി കത്തീദ്രലിൽ വച്ച് സ്ഥാനാരാഹോണ ചടങ്ങ്. ലോകത്തിലെ എട്ടരക്കോടി ആംഗ്ലിക്കൻ സഭാവിശ്വാസികളെ നയിക്കുകയെന്ന ദൗത്യമാണ് ആർച്ച്ബിഷപ്പ് സാറയിൽ നിക്ഷിപ്തമായിരിക്കുന്നത്.
ആംഗ്ലിക്കൻ സഭയും കത്തോലിക്കാസഭയും തമ്മിൽ ഏതാണ്ട് 60 വർഷമായി നടന്നുവരുന്ന ദൈവിജ്ഞാനീയ സംഭാഷണത്തിലുള്ള പുരോഗതി കർദ്ദിനാൾ കോഹ് തൻറെ ആശംസാ സന്ദേശത്തിൽ അനുസ്മരിക്കുന്നു. ഭാവിയിലും ഈ യാത്ര തുടരാൻ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുന്നു.
ഇംഗ്ലണ്ടിൽ മുഖ്യ നഴിസിംഗ് ഓഫീസറായി ജോലിചെയ്തിരുന്ന 63 വയസ്സു പ്രായമുള്ള സാറ മല്ലല്ലി 2006-ൽ പൗരോഹിത്യം സ്വീകരിക്കുകയും 2018-ൽ മെത്രാനായി അഭിഷിക്തയാകുകയും ചെയ്തു. വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ ആർച്ച്ബിഷപ്പ് സാറയുടെ ഭർത്താവ് എമൊൺ മല്ലല്ലിയാണ്.