വത്തിക്കാൻ: ഒക്ടോബർ മാസം അഞ്ചാം തീയതി ഞായറാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പാ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ സമാപിക്കുന്ന, കുടിയേറ്റക്കാരുടെയും, അഭയാർത്ഥികളുടെയും ജൂബിലി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി, എത്യോപ്യയിൽ നിന്നുള്ള 44 അഭയാർത്ഥികൾ കൂടി മാനുഷിക ഇടനാഴികൾ വഴിയായി ഇറ്റലിയിൽ എത്തി.
സാന്ത് എജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിൽ, ഇറ്റാലിയൻ മെത്രാൻ സമിതിയുമായി ചേർന്ന്, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി ധാരണയിലാണ് ഈ മാനുഷിക ഇടനാഴികൾ പ്രവർത്തിച്ചത്. എത്തിയ അഭയാർത്ഥികളിൽ കൂടുതൽ ആളുകളും സുഡാനിൽ നിന്നും ഉള്ളവരാണ്.
രണ്ടര വർഷമായി നീണ്ടു നിൽക്കുന്ന ആഭ്യന്തര യുദ്ധത്തിൽ, 12 ദശലക്ഷം ആളുകളെ കുടിയൊഴിപ്പികുകയും, 4 ദശലക്ഷത്തിലധികം ആളുകളെ എത്യോപ്യ പോലുള്ള അയൽ രാജ്യങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഇരകളായ 17 സോമാലിയൻ വംശജരും, അഭയാർഥികളുടെ കൂട്ടത്തിൽ ഇറ്റലിയിൽ എത്തിച്ചേർന്നു.
ഏറെ വികാരഭരിതമായിരുന്നു, വിമാനത്താവളത്തിലെ സ്വീകരണം. അവിടെനിന്നും ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലേക്ക് അഭയാർത്ഥികളെ കൊണ്ടുപോയി. പ്രധാനമായും, ഇറ്റാലിയൻ ഭാഷാ പഠനവും, മുതിർന്നവർക്ക് ജോലിയും, പ്രായപൂർത്തിയാകാത്തവർക്ക് സ്കൂൾ വിദ്യാഭ്യാസവുമാണ് മാനുഷിക ഇടനാഴികൾ ലക്ഷ്യം വയ്ക്കുന്നത്. 8,600-ലധികം അഭയാർത്ഥികളെ ഇതിനോടകം ഈ ശൃംഖലയിലൂടെ യൂറോപ്പിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.