കോഴിക്കോട്: വംശഹത്യ നേരിടുന്ന പലസ്തീന് പിന്തുണ നൽകുന്ന കേരളത്തിന് നന്ദി അറിയിച്ച് പലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേഷ്. കേരളത്തിന്റെ മനുഷ്യത്വത്തിന്റെ ശബ്ദം അതിർത്തി കടന്ന് എത്തുന്നതായും എൽഡിഎഫ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസിൽ അബ്ദുല്ല അബു ഷാവേഷ് പറഞ്ഞു.
ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ എല്ലാവരും സമൂഹമാധ്യമങ്ങളിൽ പലസ്തീൻ അനുകൂല പോസ്റ്റുകൾ തുടർച്ചയായി ഇടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പലസ്തീനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. യുഎന്നിൽ ഇന്ത്യ പലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇനിയും ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനികളുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഴയ ചരിത്രം മറച്ചുവെച്ച് പുതിയ സംഭവങ്ങൾ മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. പലസ്തീന്റെ അസ്ഥിത്വം ആർക്കും അവഗണിക്കാനാവില്ല- അബു ഷാവേഷ് പറഞ്ഞു.