പക്ഷം / ബിജോ സില്‍വേരി
കായിക രംഗത്ത് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് ഇല്ലാതെ പെരുമാറിയ സംഭവങ്ങളും കളിക്കളത്തില്‍ ഭരണാധികാരികള്‍ ഇടപെട്ട സംഭവങ്ങളും ധാരാളമുണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന് മത്സരങ്ങള്‍. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കുന്ന സംഭവം എങ്ങും കേട്ടുകേള്‍വിയില്ലാത്തതാണ്. കലാശക്കളിയില്‍ പാക്കിസ്ഥാനെ 5 വിക്കറ്റുകള്‍ക്കു പരാജയപ്പെടുത്തിയ ഇന്ത്യ, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാനായ മൊഹ്സിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചു. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനും പാക്കിസ്ഥാന് മന്ത്രിയുമാണ് മൊഹ്സിന്‍ നഖ് വി. ഇതോടെ നഖ് വി ട്രോഫിയും മെഡലുകളുമായി കളിക്കളത്തില്‍ നിന്നു പോകുകയായിരുന്നു.
ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. പാക്കിസ്ഥാനാകട്ടെ 3 മത്സരങ്ങള്‍ തോറ്റ ടീമാണ്. ജയിച്ച ടീമിന് ട്രോഫി കിട്ടിയില്ലെന്നു മാത്രമല്ല, തോറ്റ ടീമിന്റെ ബോര്‍ഡ് ചെയര്മാന് ട്രോഫി കൊണ്ടു പോകുകയും ചെയ്തു.
ടൂര്‍ണമെന്റില്‍ വിജയപരാജയങ്ങള്ക്കുമപ്പുറത്ത് ഏറ്റവും ചൂടേറിയ വിഭവമായിരുന്നു ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദം. എല്ലാത്തിന്റേയും തുടക്കം അവിടെയായിരുന്നു. പാക് താരങ്ങള്‍ക്ക് മത്സരശേഷം കൈ കൊടുക്കാതിരുന്ന ഇന്ത്യന്‍ താരങ്ങളെ പലരും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും ഇന്ത്യന്‍ ദേശീയത സിരകളില്‍ വല്ലാത്ത ചൂടോടെ ഒഴുകിയവരായിരിക്കും അതിനു പിന്നില്‍. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചത്. ഇന്ത്യയുടെ നിലവിലുള്ള കളിക്കാരോ മുന്‍ താരങ്ങളോ ഇതേകുറിച്ച് ഒന്നും ഉരിയാടിയില്ല. ഭയവും വിധേയത്വവും അവരെ മൗനികളാക്കി എന്നു പറയാം.
ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഇന്ത്യ-പാക് പോരാട്ടം നടന്ന മത്സരമാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ടോസ് ഇടുന്ന സമയവും മത്സരശേഷവും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമും പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയില്ല. ടോസിങ്ങിനായി എത്തിയപ്പോള്‍ പാക് നായകന് സല്മാന് അഗ, സൂര്യകുമാര്‍ യാദവിനെ നോക്കുകയും സൗഹൃദം പങ്കിടാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന് അതിനു തയ്യാറായില്ല. മത്സരശേഷം ഇന്ത്യന്‍ താരങ്ങളെ കാത്ത് കുറച്ചുനേരം പാക്കിസ്ഥാന് താരങ്ങള്‍ മൈതാനത്ത് നിന്നെങ്കിലും ഡ്രസിംങ് റൂമില്‍ നിന്ന് ആരും വന്നില്ല. മത്സരത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തേക്കാള്‍ പാക്കിസ്ഥാന് താരങ്ങള്‍ക്കും പാക്കിസ്ഥാന്‍കാര്‍ക്കും അപമാനകരമായത് ഈ സംഭവമായിരിക്കും. സൂപ്പര്‍ഫോര്‍ മത്സരത്തിലും ഫൈനലിലും ഇത് ആവര്‍ത്തിച്ചു.
ഗ്രൂപ്പിലെ പാക്കിസ്ഥാന് – യുഎഇ മത്സരത്തില്‍ പാക് ടീം മനഃപൂര്‍വം വൈകി എത്തി പ്രതിഷേധം അറിയിച്ചു. പാക് ടീം മത്സരം ബഹിഷ്കരിക്കുകയാണോ എന്ന ആശങ്ക നിഴലിച്ചിരുന്നു. ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്ക് ആരംഭിക്കേണ്ട മത്സരം ഒരുമണിക്കൂര്‍ വൈകി രാത്രി 9 മണിക്കാണ് ആരംഭിച്ചത്. പാക്കിസ്ഥാന്റെ ഈ പ്രവര്‍ത്തി വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിലെ വിജയത്തിനുശേഷം സൂര്യകുമാര്‍ യാദവ് സമ്മാനദാനച്ചടങ്ങില്‍ നടത്തിയ ‘പഹല്‍ഗാം പരാമര്‍ശം’ വിവാദത്തിന് കൂടുതല്‍ എരിവു പകരുന്നതായി. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൂര്യകുമാര്‍ യാദവ് കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തുകയും അദ്ദേഹത്തിന് പിഴശിക്ഷ വിധിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയമായ പ്രസ്താവനയാണെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് പരാതി നല്‍കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിനെ കുറിച്ച് പരാമര്‍ശിച്ചത് പെരുമാറ്റച്ചട്ടലംഘനമാണെന്നായിരുന്നു ഐസിസിയുടെ കണ്ടെത്തല്‍.
സൂപ്പര്‍ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാന്, വിവാദത്തിന് പുതിയ മുഖം നല്കി. പാക് താരം ഹാരിസ് റൗഫ,് ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന് വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചു. അര്‍ധസെഞ്ചുറി നേടിയശേഷം പാക് ഓപ്പണറായ സാഹിബ്സാദ ഫര്ഹാനാകട്ടെ ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്നതുപോലെ അഭിനയിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ എന്നും വാശിയേറിയതും ഇരുരാജ്യങ്ങള്‍ക്കും അഭിമാനപ്രശ്നവുമായിരുന്നു. ഇംഗ്ലണ്ട്- ഓസ്ട്രേലിയ ആഷസ് ടെസ്റ്റ്, ബ്രസീല്‍-അര്‍ജന്റീന ഫുട്ബോള്‍ മത്സരം എന്നിവയിലും സമാനമായ കാര്യങ്ങളുണ്ടെങ്കിലും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാത്തുസൂക്ഷിക്കാന്‍ ഈ രാജ്യങ്ങളെല്ലാം ശ്രമിച്ചിട്ടുണ്ട്.
വിവാദങ്ങള്‍ കളിക്കളത്തില്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. കാല്‍പന്തിലെ ദൈവമെന്ന് വിശേഷിപ്പിക്കപ്പെട്ട അര്‍ജന്റീനയുടെ ഡീഗോ മറഡോണ 1986 ലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ കൈകൊണ്ട് പന്ത് ഗോള്‍വലയിലേക്ക് തട്ടിയിട്ടു. ഇംഗ്ലണ്ട് താരങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെടുകയും ചെയ്തു. ‘ദൈവത്തിന്റെ കൈ’ എന്നാണ് ഈ ഗോള്‍ പിന്നീട് വിശേഷിപ്പിക്കപ്പെട്ടത്.
കായിക രംഗത്തെ കറുത്ത അധ്യായമായി ‘ദൈവത്തിന്റെ കൈ’ ഇന്നും ഓര്‍മിക്കപ്പെടുന്നു. ഒരു കാലത്ത് ടെന്നീസിലെ സൂപ്പര്‍താരമായിരുന്ന ജോണ്‍ മക്എന്റോയുടെ കളിക്കളത്തിലെ പെരുമാറ്റം എന്നും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. അമ്പയര്‍മാരുമായി തര്‍ക്കിക്കല്‍, മോശം ഭാഷ ഉപയോഗിക്കല്‍, ടെന്നീസ് റാക്കറ്റ് വലിച്ചെറിയല്‍ എന്നിവ മക്എന്റോയുടെ മുഖമുദ്രകളായിരുന്നു. അദ്ദേഹത്തിന്റെ കായികപ്രഭാവത്തിന് മങ്ങലേല്‍പ്പിച്ച സംഭവങ്ങളായിരുന്നു ഇതെല്ലാം. 2006 ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ നായകന് സിനദിന്‍ സിദാന് ഇറ്റലിയുടെ മാര്‍ക്കോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ടു. ലോകകപ്പ് കിരീടം ഉറപ്പിച്ചെത്തിയ ഫ്രഞ്ച് പടയ്ക്ക് വലിയ തിരിച്ചടിയായി ഈ സംഭവം. സിനദിന്‍ സിദാനെ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. മത്സരം ഫ്രാന്‍സ് തോല്‍ക്കുകയും ചെയ്തു. 1982-83ല്‍ പെര്‍ത്തില്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഡെന്നീസ് ലില്ലിയും പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദും തമ്മില്‍ നടന്ന വാക്പോര് കയ്യാങ്കളിയുടെ വക്കിലെത്തിയ സംഭവവും ഓര്‍മിക്കാം. ക്രിക്കറ്റ് ബാറ്റുമായി ഡെന്നീസ് ലില്ലിക്കെതിരേ പാഞ്ഞടുത്ത മിയാന്‍ദാദിനെ അംപയര്‍മാരും മറ്റു കളിക്കാരും പാടുപെട്ടാണ് നിയന്ത്രിച്ചത്. ഐപിഎല്‍ മത്സരത്തിനിടെ കേരളത്തിന്റെ എസ്. ശ്രീശാന്തിനെ ഹര്‍ഭജന്‍സിങ് മര്‍ദിച്ചതും മറക്കാന്‍ കഴിയില്ല.
പക്ഷപാതമായി പെരുമാറുന്ന റഫറിമാര്‍, വ്യാജപരുക്ക് അഭിനയിക്കുന്ന കളിക്കാര്‍, ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവര്‍, എതിരാളികളെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇവരെല്ലാം സ്പോര്‍ട്സ്മാന്‍സ്പിരിറ്റ് നഷ്ടപ്പെടുത്തുന്നവരാണ്.
രാഷ്ട്രീയവത്ക്കരിക്കപ്പെട്ട് വിവാദമായ ഒരു ഒളിമ്പിക്സും നമുക്ക് മുന്നിലുണ്ട്. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്സായിരുന്നു അത്. നാസി ഭരണകൂടം അവരുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനും ജര്‍മന്‍ അത്ലറ്റിക് വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഗെയിംസിനെ ഉപയോഗിച്ചു. ഈ ഒളിമ്പിക്സില്‍ നാല് സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ആഫ്രിക്കന്‍ അമേരിക്കന്‍ അത്ലറ്റ് ജെസ്സി ഓവന്‍സിനെ അഭിനന്ദിക്കുകയോ ഹസ്തദാനം ചെയ്യാനോ ഹിറ്റ്ലര്‍ തയ്യാറായില്ല. റഫറിമാരും ജഡ്ജിമാരും ജര്‍മന്‍ അത്ലറ്റുകളോട് പക്ഷപാതപരമായി പെരുമാറിയതായും ആരോപണമുണ്ടായി. ചില ജര്‍മന്‍ അത്ലറ്റുകള് മെഡല്‍ ദാന ചടങ്ങുകളില്‍ ‘ഹിറ്റ്ലര്‍ സല്യൂട്ട്’ ഉപയോഗിച്ചു. ഏതാണ്ട് ഈ സംഭവത്തിന് തുല്യമായിരുന്നു ഏഷ്യാകപ്പിലെ ഇന്ത്യയുടേയും പാക്കിസ്ഥാന് താരങ്ങളുടേയും പെരുമാറ്റം. ശശി തരൂര്‍ ചൂണ്ടിക്കാട്ടിയതുപോലെ, രാഷ്ട്രീയമായ എതിര്‍പ്പുകളുണ്ടെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ കളിക്കില്ലെന്ന് തീരുമാനമെടുക്കാം. അല്ലാതെ കളിക്കളത്തിലെ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് ന്യായീകരണമൊന്നുമില്ല.
കായികതാരങ്ങളെയും പരിശീലകരെയും മത്സരം നിയന്ത്രിക്കുന്നവരേയും ഫെയര്പ്ലേയുടേയും സ്പോര്‍ട്സ്മാന്‍ഷിപ്പിനെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നത് കായികരംഗത്ത് ഒരു മികച്ച സംസ്കാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന് താരങ്ങള്‍ക്ക് കൈകൊടുക്കരുതെന്ന് നിര്‍ദേശിച്ചത് ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീറാണത്രേ. ബിജെപിയുടെ ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എംപിയാണ് ഗൗതം ഗംഭീര്‍. സൂര്യകുമാര്‍ യാദവ് വിശദീകരിച്ച, ‘സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനപ്പുറത്ത് ചില കാര്യങ്ങളുണ്ട്’ എന്നതും ആശാന്റെ സംഭാവനയായിരിക്കാന് സാധ്യതയുണ്ട്.