വാഷിംഗ്ടൺ: പ്രതിഷേധങ്ങൾക്കിടെ യുഎസിൽ ഷട്ട്ഡൗൺ നിലവിൽ വന്നു.സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്ന് വിശേഷിപ്പിക്കുന്നത്.
1981 ന് ശേഷം പതിനഞ്ചാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 ഷട്ട്ഡൗണിൽ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഇനിമുതൽ അത്യാവശ്യ സർവീസുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക . നേരത്തേ യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതിൽ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിൽ ധാരണയിൽ എത്തിയില്ല. ഇതിന് ശേഷം ചർച്ചകൾ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം സെനറ്റിൽ ഒരു താത്ക്കാലിക ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഡെമോക്രാറ്റുകളുടെ പിന്തുണ ഇതിനും കിട്ടിയില്ല . ഇതോടെ ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു .