എഡിറ്റോറിയൽ / ജെക്കോബി
വിശദമായ പദ്ധതിരേഖ പുറത്തുവിടാതെയും സമഗ്രമായ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി ആഘാതപഠനങ്ങള്‍ നടത്താതെയും കടലോര നിയമസഭാ നിയോജകമണ്ഡലം കണക്കാക്കി സ്ട്രെച്ച് സ്ട്രെച്ചായി ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന തീരദേശ ഹൈവേ പദ്ധതിയില്‍, എറണാകുളം ജില്ലയിലെ വൈപ്പിന്‍-മുനമ്പം ഭാഗത്ത് 26 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികളും വസ്തുവിന്റെ മൂല്യനിര്‍ണയവും ഈമാസം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കിയിരിക്കുന്നു.
പദ്ധതി നടപ്പാക്കേണ്ട ഒന്‍പതു തീരദേശ ജില്ലകളില്‍ പലയിടത്തും കടലേറ്റവും തീരശോഷണവും അതിരൂക്ഷമായ മേഖലകളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇട്ട പിങ്ക് അതിര്‍ത്തിക്കല്ലുകള്‍ കടലെടുത്തുപോയിരിക്കെ, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി ചില പ്രത്യേക സ്ട്രെച്ചുകളില്‍ ഖണ്ഡംഖണ്ഡമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ രാഷ്ട്രീയം കേരളസമൂഹം വിശകലനം ചെയ്യേണ്ടതുണ്ട്.
മത്സ്യത്തൊഴിലാളികളെ പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നു വ്യാപകമായി കുടിയൊഴിപ്പിക്കുകയും കനത്ത പാരിസ്ഥിതിക നാശത്തിനു വഴിതെളിക്കുകയും ചെയ്യുന്ന തീരദേശ ഹൈവേ പദ്ധതിയില്‍ നിന്നു പിന്മാറണമെന്ന് സംസ്ഥാനത്തെ പ്രതിപക്ഷവും തീരദേശത്തെ ജനസമൂഹങ്ങളും ആവശ്യപ്പെട്ടിരുന്നു.
പിണറായി സര്‍ക്കാര്‍ എന്തുവന്നാലും നടപ്പാക്കുമെന്ന് കട്ടായം പറഞ്ഞിരുന്ന കെ-റെയില്‍ സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയെക്കാള്‍ വിനാശകരമാണിതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ദേശീയപാതയിലെ ഗതാഗതകുരുക്ക് കുറയ്ക്കാനും തീരദേശത്തെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കാനുമായി നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) നടത്തിയ പഠനരേഖ അംഗീകരിച്ചാണ് തിരുവനന്തപുരം പൊഴിയൂരില്‍ നിന്ന് കാസര്‍കോട് കുഞ്ചത്തൂര്‍ വരെ 625 കിലോമീറ്റര്‍ നീളുന്ന 6,500 കോടി രൂപയുടെ തീരദേശ ഹൈവേ പദ്ധതിക്ക് 2019 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷനും ചേര്‍ന്ന് നടപ്പാക്കേണ്ട പദ്ധതി പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം 2026-ല്‍ പൂര്‍ത്തിയാകേണ്ടതാണ്.
എന്നാല്‍ മലപ്പുറത്ത് പടിഞ്ഞാറെക്കരയില്‍ നിന്ന് ഉണ്ണ്യാല്‍ വരെയും മൊഹിയുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയും രണ്ടു റീച്ചുകളിലായി ആകെ 10.10 കിലോമീറ്റര്‍ റോഡും കോഴിക്കോട് ജില്ലയില്‍ ഒരു കിലോമീറ്റര്‍ വരുന്ന ഏലത്തൂര്‍-കോരപ്പുഴ പാലവുമാണ് ഈ പദ്ധതിയില്‍ ഇതുവരെ പൂര്‍ത്തിയായതായി പറയുന്നത്. വാസ്തവത്തില്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പണ്ടേ ആരംഭിച്ചിരുന്ന ഈ റോഡിന്റെയും പാലത്തിന്റെയും പണി തീരദേശ ഹൈവേയുടെ കണക്കില്‍ പെടുത്തിയതാണ്.
തീരദേശ ജനതയുടെ തൊഴിലും ജീവിതനിലവാരവും മെച്ചപ്പെടും, മത്സ്യവിപണനം കൂടുതല്‍ സുഗമമാകും, ഉപഭോക്താക്കള്‍ക്ക് ഫിഷിങ് ഹാര്‍ബറില്‍ അതിവേഗം എത്തിച്ചേരാനാകും, ബീച്ച് ടൂറിസം കേന്ദ്രങ്ങള്‍ വികസിക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളോടെയാണ് രാജ്യത്തെ ഏറ്റവും നീണ്ട സൈക്കിള്‍ ട്രാക്കും, 50 കിലോമീറ്റര്‍ ഇടവിട്ട് 12 ഇടങ്ങളിലായി സ്പെഷല്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഇ-ചാര്‍ജിങ് സ്റ്റേഷന്, പാര്‍ക്കിങ് ബേ, ബസ് ബേ, ട്രക്ക് ബേ, റെസ്റ്ററന്റുകള്‍, റെസ്റ്റ്റൂം തുടങ്ങിയവയും ഉള്‍പ്പെടുന്ന തീരദേശ ഹൈവേ പദ്ധതി അവതരിപ്പിക്കപ്പെട്ടത്.
തുടക്കത്തില്‍ 15.6 മീറ്റര്‍ വീതി നിര്‍ദേശിച്ചിരുന്നെങ്കിലും പിന്നീട്, ഏഴു മീറ്റര്‍ ക്യാരേജ് വേയും ഇരുഭാഗത്തുമായി 2.5 മീറ്റര്‍ സൈക്കിള്‍ പാതയും, 1.5 മീറ്റര്‍ വീതിയില്‍ വെള്ളച്ചാലിനു മീതെ നടപ്പാതയും ഉള്‍പ്പെടെ 14 മീറ്റര്‍ വീതി മതി എന്നു നിശ്ചയിച്ചു. ഇരുവശത്തും മുക്കാല്‍ മീറ്റര്‍ വീതിയില്‍ പാര്‍ക്കിങ് ഷോള്‍ഡറും നിര്‍ദേശിക്കുന്നുണ്ട്. പദ്ധതിക്കായി 540.61 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നായിരുന്നു നിഗമനം.
പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന്റെ ചുമതല സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ്. പദ്ധതിക്കായി നഷ്ടമാകുന്ന സ്ഥലത്തിനും അതിലെ ചമയങ്ങള്‍ക്കും ആസ്തികള്‍ക്കും നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി.
സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില ലഭിക്കും. പുനരധിവസിപ്പിക്കപ്പെടേണ്ട കുടുംബങ്ങള്‍ക്ക് 600 ചതുരശ്ര അടി ഫ്ളാറ്റോ അല്ലെങ്കില്‍ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരമോ നല്‍കും. ഉടമസ്ഥാവകാശ രേഖകള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കെട്ടിടത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക വ്യവസ്ഥകളുണ്ട്. ഭൂവുടമകള്‍ക്കും പദ്ധതി പ്രദേശത്തെയോ പദ്ധതിബാധിത സ്ഥാപനങ്ങളെയോ മൂന്നു വര്‍ഷമോ അതില്‍ കൂടുതലായോ ഉള്ള കാലയളവില്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഭൂവുടമകളല്ലാത്ത വ്യക്തികള്‍ക്കും പുനരധിവാസ-പുനഃസ്ഥാപന പാക്കേജ് നല്‍കണമെന്ന് 2023-ലെ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ദേശീയപാതയ്ക്കു ഭൂമിയേറ്റെടുക്കുന്നതിന്റെ മൂന്നിലൊന്നു തുക പോലും തീരദേശ ഹൈവേയ്ക്കു നഷ്ടപരിഹാരം നല്‍കുന്നില്ലെന്നാണ് യുഡിഎഫ് ആരോപിച്ചത്. ഉപജീവനമാര്‍ഗം നഷ്ടമാകാത്ത വിധത്തിലാകണം പുനരധിവാസ നടപടികള്‍ എന്ന് തീരദേശവാസികള്‍ എന്നും ആവശ്യപ്പെടാറുള്ളതാണ്. കിടപ്പാടവും ഉപജീവനമാര്‍ഗവും നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കണം.
സംസ്ഥാനത്ത് 590 കിലോമീറ്റര്‍ വരുന്ന തീരദേശത്ത് 63 ശതമാനം പ്രദേശങ്ങളും നിരന്തരം കടലേറ്റ ഭീഷണി നേരിടുന്ന ഹൈ റിസ്ക് മേഖലയിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന കടലേറ്റത്തില്‍ സംസ്ഥാനത്ത് 700 ഹെക്ടര്‍ തീരഭൂമി കടലെടുത്തുപോയിട്ടുണ്ട്.
തീരദേശ ഹൈവേയ്ക്കായി നിശ്ചയിച്ച അലൈന്മെന്റ് അനുസരിച്ച് സ്ഥാപിച്ച പിങ്ക് അതിര്‍ത്തിക്കല്ലുകള്‍ പലയിടത്തും കടലെടുത്തതില്‍ നിന്ന് തീരസംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന പ്രാഥമിക പാഠം നമ്മള് പഠിക്കേണ്ടതാണ്. കടല്കയറുമെന്ന് ഉറപ്പുള്ളിടത്ത് എത്ര വലിയ ഹൈവേ നിര്‍മിച്ചിട്ടും കാര്യമില്ലല്ലോ. കൊച്ചി തീരത്ത് ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോടു വരെ 7.3 കിലോമീറ്റര്‍ ദൂരത്തില്‍ തീരത്ത് അടുക്കിയ കൂറ്റന്‍ ടെട്രാപോഡുകളുടെ പ്രത്യക്ഷത്തിലുള്ള കരുത്തും ഉറപ്പും കണ്ട്, ചെല്ലാനം മോഡല്‍ പ്രതിരോധം എല്ലായിടത്തും ഏര്‍പ്പെടുത്തണമെന്നു പറയുന്നതും അബദ്ധമാണ്. കടലേറ്റവും തീരശോഷണവും തടയുന്നതിന് കടലൊഴുക്കും തിരമാലകളുടെ രൂപവും ഭാവവും മാറ്റിമറിക്കുന്ന സവിശേഷ പ്രതിഭാസങ്ങളും കണക്കിലെടുത്ത് ഓരോ തീരമേഖലയ്ക്കും യോജിച്ച പ്രതിരോധമാര്‍ഗങ്ങള്‍ നിശ്ചയിക്കേണ്ടത് ശാസ്ത്രീയമായ പഠനങ്ങളിലൂടെയാണ്.
പദ്ധതി നിര്‍വഹണത്തിന്റെ പേരിലുള്ള സാമ്പത്തിക നേട്ടമോ രാഷ്ട്രീയ ലാഭമോ നോക്കിയല്ല സാങ്കേതികവിദ്യയും നിര്‍മിതിയുടെ സ്വഭാവവും നിശ്ചയിക്കേണ്ടത്. ടൂറിസം വികസനത്തിനുള്ള സൈക്കിള്‍ ട്രാക്ക് കടല്‍ഭിത്തിയോടു ചേര്‍ന്നു നിര്‍മിക്കാമെന്നു നിര്‍ദേശിക്കുന്നവര്‍ തീരം മുഴുവന്‍ ടെട്രാപോഡ് നിരത്താമെന്നു കരുതുന്നവരാകണം.
തീരത്തെ ജനവാസമേഖലയെ വെട്ടിമുറിച്ച് ഉയര്‍ന്ന താങ്ങുമതിലും വരമ്പും കെട്ടി ഹൈവേ നിര്‍മിക്കുമ്പോള്‍ ചതുപ്പുകളും വയലുകളും നീര്‍ത്തടങ്ങളും തോടുകളും അടഞ്ഞ് സ്വാഭാവിക നീരൊഴുക്കു തടസപ്പെടുന്നതിനൊപ്പം ഓരോ നാടിന്റെയും ജനസമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ജീവല്ധമനികളും മുറിക്കപ്പെടുന്നു.
കടല്‍പ്പണിക്കാര്‍ക്ക് വള്ളവും വലയുമായി കടലിലേക്കു പോകാനുള്ള വഴിയടഞ്ഞാല്‍ അവര്‍ എങ്ങനെ ജീവിക്കും? പുനരധിവാസത്തിന്റെ പേരില്‍ തീരത്തുനിന്നു മാറി വലിയ അപ്പാര്‍ട്ടുമെന്റ് സമുച്ചയങ്ങളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പാര്‍പ്പിച്ചാല്‍ അവരുടെ പണിയിടങ്ങള്‍ അന്യാധീനപ്പെടും, അവര്‍ക്ക് അത് അപ്രാപ്യമാകും. തീരത്തെങ്ങും ടൂറിസവും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളും വ്യാപകമാകുമ്പോള്‍ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ വ്യാപകമായ ഉന്മൂലനമാണ് സംഭവിക്കുക. തീരദേശത്ത് ആദ്യം ആഭ്യന്തര അഭയാര്‍ഥികളായി മാറുന്നത് മത്സ്യത്തൊഴിലാളി സമൂഹമാകും.
ദേശീയപാത 66 കേരളത്തില്‍ യഥാര്‍ഥത്തില്‍ തീരദേശ ഹൈവേതന്നെയാണ്. നിര്‍ദിഷ്ട തീരദേശ ഹൈവേയില്‍ നിന്ന് 50 മീറ്റര്‍ മുതല്‍ പരമാവധി 15 കിലോമീറ്റര്‍ വരെ അകലമേയുള്ളൂ ഇവിടെ എന്‍എച്ച് 66ന്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 590 കിലോമീറ്റര്‍ വരുന്ന എന്‍എച്ച് 66 നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് 3,567 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിന്റെ ബദ്ധപ്പാടുകള്‍ നാമെല്ലാം കണ്ടതാണ്. 2025 മേയിലെ കണക്കുകള്‍ പ്രകാരം 5,600 കോടി രൂപയാണ് ദേശീയപാത വീതികൂട്ടുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനു ചെലവ്. ഇതില്‍ 25 ശതമാനം സംസ്ഥാന വിഹിതമാണ്. ദേശീയപാത 66ന് സമാന്തരമായി പടിഞ്ഞാറുവശത്തു കൂടെ കടന്നുപോകേണ്ട സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ ഹൈവേയുടെ ഏതാണ്ട് 120 കിലോമീറ്റര്‍ ഭാഗം ദേശീയ ഹൈവേ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ്. അപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു പാതയിരട്ടിപ്പ്?
സംസ്ഥാനത്ത് നിലവില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയുള്ള തീരദേശ റോഡുകളും സംസ്ഥാനപാതകളും ദേശീയപാതയുടെ മാനദണ്ഡത്തിനൊത്ത് മികവുറ്റതാക്കി എന്‍എച്ച് 66മായി ബന്ധിപ്പിച്ചാല്‍ തീരദേശത്തെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതേയുള്ളൂ. ജനസാന്ദ്രതയേറിയ, 27 കിലോമീറ്റര്‍ നീളവും ശരാശരി രണ്ടു കിലോമീറ്റര്‍ വീതിയുമുള്ള വൈപ്പിന്‍കര ദ്വീപില്‍, വൈപ്പിന്‍-മുനമ്പം സംസ്ഥാന ഹൈവേയുടെ പടിഞ്ഞാറുഭാഗത്ത് നിലവിലുള്ള സമാന്തര റോഡ് കടലേറ്റവും വെള്ളപ്പൊക്കവുമുണ്ടാകുമ്പോള്‍ മണ്ണടിഞ്ഞുകൂടി ഗതാഗതയോഗ്യമല്ലാതാകാറുണ്ട്. തീരശോഷണത്തിനു ശാസ്ത്രീയമായ പ്രതിവിധി കണ്ടെത്തി ആ തീരറോഡ് സംരക്ഷിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ പുതിയ ബ്രൗണ്‍ഫീല്‍ഡ് ഹൈവയ്ക്കായി കൂടുതല്‍ സ്ഥലമെടുക്കേണ്ടതായി വരില്ല. പശ്ചിമകൊച്ചിയില്‍ പാണ്ടിക്കുടി-ചെല്ലാനം റോഡും ഇതിനു സമാനമാണ്. പശ്ചിമ കൊച്ചിയില്‍, തീരദേശ ഹൈവേയ്ക്കായി 58.40 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.
ചെല്ലാനം മുല് ഫോര്‍ട്ടുകൊച്ചി വരെയുള്ള സ്ട്രെച്ചും വൈപ്പിന്‍-മുനമ്പം സ്ട്രെച്ചും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കൊച്ചി അഴിമുഖത്ത് കപ്പല്‍ച്ചാലിന് അടിയിലൂടെ തുരങ്കം വേണമോ അതോ ഉയരമുള്ള ഇടനാഴി മതിയോ എന്ന് ഇനിയും നിശ്ചയിച്ചിട്ടില്ല. അഴിമുഖത്തിന്റെ വീതി 260 മീറ്റര്‍ മാത്രമാണെങ്കിലും കടലിനടിയിലൂടെ തുരങ്കം നിര്‍മിക്കാന്‍ ഫോര്‍ട്ടുകൊച്ചിയിലും വൈപ്പിനിലും ചുരുങ്ങിയത് 800 മീറ്റര്‍ നീളത്തിലെങ്കിലും അപ്രോച്ച് റോഡ് നിര്‍മിക്കേണ്ടിവരും. വലിയ കണ്ടെയ്നര്‍ കപ്പലുകളും ടാങ്കറുകളും കടന്നുപോകുന്ന ചാനലിനു താഴെ, അഴിമുഖത്തിന്റെ അടിത്തട്ടില്‍ നിന്ന് ഏതാണ്ട് 35 മീറ്റര്‍ താഴെയായി ടണല്‍ നിര്‍മിക്കേണ്ടിവരും. ചുരുക്കത്തില്‍, ടണലിന്റെ നീളം 2.6 കിലോമീറ്റര്‍ വരും. കപ്പല്ച്ചാലിനെ ബാധിക്കാത്തവണ്ണം മറ്റേതെങ്കിലും തരത്തില്‍ ഒരു സേതുബന്ധം സാധ്യമാണോ എന്നു പരിശോധിക്കേണ്ടിവരും. ഇല്ലെങ്കില്‍ തീരദേശ ഹൈവേയിലെ നിശ്ചിത വേഗത്തിലുള്ള വാഹനഗതാഗതം തടസപ്പെടും.
ആലപ്പുഴ ജില്ലയില്‍ വലിയഴീക്കല്‍ മുതല്‍ സൗത്ത് ചെല്ലാനം വരെയുള്ള തീരദേശപാതയില്‍ ആലപ്പുഴ എസ്എച്ച് ക്രോസിങ് മുതല്‍ സൗത്ത് ചെല്ലാനം വരെ 33 കിലോമീറ്റര്‍ സ്ട്രെച്ചിലെ 31.42 കിലോമീറ്ററിനായി എട്ടു വില്ലേജുകളില്‍ നിന്നായി 29.76 ഹെക്ടര്‍ ഭൂമി തീരദേശ ഹൈവേ വികസനത്തിനായി ഏറ്റെടുക്കേണ്ടതുണ്ട്. അതിര്‍ത്തിക്കല്ലുകള്‍ അടയാളപ്പെടുത്തിയ പ്രദേശത്ത് കൈവശഭൂമി നഷ്ടമാകുന്നവര്‍ 2,427 പേരാണ്. 130 കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. 221 വീടുകളും കടകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ 492 കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. 669 കുടുംബങ്ങളുടെ ഉപജീവനം നഷ്ടമാകും. പള്ളി, ക്ഷേത്രം, സെമിത്തേരി, കുരിശടി എന്നിവ ഉള്‍പ്പെടെ 46 ആധ്യാത്മിക സ്ഥാപനങ്ങളുടെയും ഒന്‍പത് സ്കൂളുകളുടെയും വസ്തുവകകള്‍ നഷ്ടമാകും.
വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിയില്‍ 2,606 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഒരു കണക്കില്‍ പറയുന്നുണ്ട്. ഇതില്‍ 600 കുടുംബങ്ങള്‍ പുനര്‍ഗേഹം പാക്കേജ് അംഗീകരിച്ചു. മൂന്നു സെന്റ് സ്ഥലത്ത് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടു നിര്‍മിക്കാന്‍ പത്തു ലക്ഷം രൂപ ഗഡുക്കളായി അനുവദിക്കുന്ന പദ്ധതിയാണിത്. സുരക്ഷ മുന്‍നിര്‍ത്തി കടലോരത്തുനിന്നു മാറിതാമസിക്കാന്‍ ഒരുങ്ങി സര്‍ക്കാരിനു വിട്ടുകൊടുക്കുന്ന പുരയിടം എത്ര സെന്റാണെങ്കിലും അതിനു നഷ്ടപരിഹാരമായി കിട്ടുന്നത് പത്തു ലക്ഷം രൂപയാണ് എന്നതിലെ അനീതി കേരളത്തിലെ ഭൂമിയുടെ വിപണിവിലയെക്കുറിച്ച് അറിയുന്നവര്‍ക്ക് വ്യക്തമായി കാണാനാകും.
പത്തു ലക്ഷം രൂപകൊണ്ട് നഗരമേഖലയോടു ചേര്‍ന്നുകിടക്കുന്ന ഏതു തീരദേശ ഗ്രാമത്തിലാണ് മൂന്നു സെന്റ് സ്ഥലം വാങ്ങി വീടുവയ്ക്കാനാകുന്നത്? കടലേറ്റവും തീരശോഷണവും കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പല ജില്ലകളിലും കൂടുതല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മാറിതാമസിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. കിടപ്പാടങ്ങള്‍ കടലെടുത്തുപോയതിനാല്‍ തിരുവനന്തപുരത്ത് വലിയതുറയില്‍ വെയര്‍ഹൗസിലും സ്കൂള്‍ വരാന്തയിലും മറ്റും വര്‍ഷങ്ങളോളം കഴിയേണ്ടിവന്നവര്‍ക്ക് മുട്ടത്തറയില്‍ 332 ഫ്ളാറ്റുകളിലായി പുനരധിവാസം ഉറപ്പാക്കാനായത് കുറെ വൈകിയാണെങ്കിലും തീരദേശത്തിന് ഏറെ സന്തോഷകരമായ ഒരു സംഭവവികാസമാണ്. വലിയതുറയിലും കൊച്ചുവേളിയിലും മറ്റും തീരദേശനിവാസികള്‍ക്ക് പുനരധിവാസ പദ്ധതിയില്‍ അപ്പാര്‍ട്ടുമെന്റുകള്‍ അനുവദിക്കുന്നുണ്ട്. പുനര്‍ഗേഹം പദ്ധതിയിലും തീരദേശ ഹൈവേ പദ്ധതിയിലും വാഗ്ദാനം ചെയ്യുന്ന നഷ്ടപരിപാര പാക്കേജിലെ അന്തരം പഠനവിഷയമാക്കേണ്ടതുണ്ട്.