വത്തിക്കാന്‍: പത്തൊൻപതാം നൂറ്റാണ്ടിലെ എക്യുമെനിസത്തെ രൂപപ്പെടുത്തിയ ആത്മീയ നിയന്താവും മഹാനായ ചിന്തകരിൽ ഒരാളുമായിരിന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ നവംബര്‍ ഒന്നിന് വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ലെയോ പാപ്പ നടത്തും.
തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗതനായിരിക്കും വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്‍. സഭയുടെ ആദ്യനൂറ്റാണ്ടുകളിൽ സത്യവിശ്വാസം കലർപ്പില്ലാതെ പഠിപ്പിച്ച വിജ്ഞാനികളും വിശുദ്ധരുമായ നേതാക്കളെ സഭാപിതാക്കന്മാർ എന്നാണ് പിന്നീട് വന്ന തലമുറ വിളിച്ചിരുന്നത്.
എന്നാൽ അവരിൽ ചിലരെ പഠനത്തിന്റെ പ്രത്യേകതകൊണ്ടും, വ്യാഖ്യാനത്തിന്റെ പുതുമകൊണ്ടും, സഭ ഔദ്യോഗികമായി വേദപാരംഗതർ എന്ന് വിളിക്കാൻ തുടങ്ങി.ഇതുകൂടാതെ കാലാകാലങ്ങളിൽ സഭയെ തങ്ങളുടെ ഉന്നത ചിന്തകൊണ്ട് പരിപോഷിപ്പിച്ച വിശുദ്ധരെ വേദപാരംഗതരുടെ ഗണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി.
അങ്ങനെ ഇതുവരെ സാർവത്രിക സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മുപ്പത്തിയേഴ് വേദപാരംഗതരാണു ഉണ്ടായിരിന്നത്. വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തിയതോടെ സാർവത്രിക സഭയിലെ വേദപാരംഗതരുടെ എണ്ണം മുപ്പത്തിയെട്ടായി മാറും.
വി. ജോൺ ഹെൻറി ന്യൂമാന്റെ ജീവചരിത്രം
1801 ഫെബ്രുവരി 21 നു ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻറി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി കണ്ടെത്തി എന്നാണ് ന്യൂമാന്റെ സാക്ഷ്യം. രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിച്ചു സത്യത്തിന്റെയും വിശ്വാസത്തിന്റെയും അന്തസത്ത എന്തായിരിക്കും എന്ന ചോദ്യം ന്യൂമാൻ എപ്പോഴും ചോദിച്ചിരുന്നു.
1833 ലെ ആദ്യ റോമാ സന്ദർശനത്തിനിടയിൽ അതിനുള്ള ഉത്തരം ന്യൂമാനു ലഭിച്ചു. ഓക്സ്ഫോർഡിൽ തിരിച്ചെത്തിയ ന്യൂമാൻ ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു പ്രസ്ഥാനത്തിനു രൂപം നൽകി. Oxford Movement എന്നാണ് അത് അറിയപ്പെടുന്നത്.
എല്ലാ സഭാ വിഭാഗങ്ങൾക്കും പൊതുവായുള്ള സഭാപിതാക്കന്മാരെപ്പറ്റി പഠിക്കാൻ അവർ ആരംഭിച്ചു. ആദ്യ നൂറ്റാണ്ടു മുതലുള്ള പാരമ്പര്യത്തെ ബഹുമാനിക്കണ നിലപാടിലായിരുന്നു അവർ. ആഗ്ലിക്കൻ സഭയെയും യഥാർത്ഥ പാരമ്പര്യത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ഈ പ്രസ്ഥാനം ശ്രമിച്ചു. 44 ലാമത്തെ വയസ്സിൽ ന്യൂമാൻ കത്തോലിക്കാ സഭയിൽ ചേർന്നു. റോമിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ഹെൻട്രി ന്യൂമാൻ 1847 ൽ കത്താലിക്കാ വൈദീകനായി അഭിഷിക്തനായി.
1850 ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം വിവിധ ജോലികളിൽ വ്യാപൃതനായി. അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ ഹെൻട്രി ന്യൂമാനാണ്. ഇഗ്ലിഷിലേക്കുള്ള ബൈബിളിന്റെ പുതിയ വിവർത്തനത്തിനു നേതൃത്വം വഹിച്ചു. ഓക്സ്ഫോർഡിൽ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ഒരു ഓറട്ടറി സ്ഥാപിച്ചു. ഫിലിപ്പ് നേരിയുടെ സഭയിലെ വൈദീകനായാണ് ന്യൂമാൻ അഭിഷിക്തനായത്.1879 ൽ ലിയോ പതിമൂന്നാം പാപ്പ ന്യൂമാനെ കര്‍ദ്ദിനാളായി ഉയർത്തി.
1890 ആഗസ്റ്റു മാസം പതിനൊന്നാം തീയതി ബർമിങ്ങ്ഹാമിലെ ഓറട്ടറിയിൽ ജോൺ ഹെൻട്രി ന്യൂമാൻ മരണമടഞ്ഞു. കർദ്ദിനാൾ ന്യൂമാന്റെ മധ്യസ്ഥതയാൽ നടന്ന ആദ്യത്തെ അത്ഭുതമായ ഡീക്കൻ സള്ളിവന്റെ രോഗശാന്തിയെ വത്തിക്കാൻ അംഗീകരിച്ചതിനെ തുടർന്ന്, 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 2019 ഒക്ടോബര്‍ 13നു ഫ്രാന്‍സിസ് പാപ്പയാണ് മലയാളിയായ മറിയം ത്രേസ്യ, മാര്‍ഗരീത്ത ബേയ്സ്, ജൂസപ്പീന വനീനി, ദുള്‍ച്ചെ ലോപ്പസ് എന്നിവര്‍ക്കൊപ്പം കര്‍ദ്ദിനാള്‍ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
40 ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലധികം കത്തുകളും, 30 കവിതകളും കര്‍ദ്ദിനാള്‍ ന്യൂമാന്റെ പേരിലുണ്ട്. ദൈവവുമായുള്ള വ്യക്തി ബന്ധത്തിനു വളരെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനകളായിരുന്നു അവയിൽ ഭൂരിഭാഗവും. പത്തൊമ്പതാം നൂറ്റാണ്ടിൽ നൂറുകണക്കിനു ആഗ്ലിക്കൻ പുരോഹിതന്മാർക്ക് കത്തോലിക്കാ സഭയിൽ ചേരാൻ പ്രചോദനമായത് കര്‍ദ്ദിനാള്‍ ന്യൂമാന്റെ വാക്കുകളും പ്രവർത്തികളുമാണ്.
രണ്ടാം വത്തിക്കാൻ കൗൺസിലിനെയും ന്യൂമാന്റെ ചിന്തകൾ ശക്തമായി സ്വാധീനിച്ചട്ടുണ്ട്.അപ്പോളജിയ (Apologia Pro Vita Sua ) എന്നു പേരിട്ടിരിക്കുന്ന ന്യൂമാന്റെ ആത്മകഥ സാഹിത്യ നിരൂപണന്മാരുടെ അഭിപ്രായത്തിൽ സാഹിത്യ ചരിത്രത്തിലെ മികച്ച ആത്മകഥകളിൽ ഒന്നാണ്. പ്രസിദ്ധ ഐറിഷ് എഴുത്തുകാരൻ ജെയിംസ് ജോയ്സ് (James Joyce) കര്‍ദ്ദിനാള്‍ ന്യൂമാനെ വിശേഷിപ്പിക്കുക “the greatest of English prose writers.” മഹത്തരനായ ഇംഗ്ലീഷ് ഗദ്യ എഴുത്തുകാരൻ എന്നാണ്.
Lead, Kindly Light (നിത്യമാം പ്രകാശമേ നയിച്ചാലും) എന്ന പ്രശ്സതമായ ഗീതം രചിച്ചത് കര്‍ദ്ദിനാള്‍ ന്യൂമാൻ ആണ്.
2001ൽ കര്‍ദ്ദിനാള്‍ ന്യൂമാൻ്റ ഇരുന്നൂറാം ജന്മവാർഷികത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പ വിശ്വാസവും യുക്തിയും (Faith and Reason ) രണ്ടു ചിറകുകളായുള്ള ദൈവശാസ്ത്രജ്ഞനായിട്ടാണ് ഹെൻട്രി ന്യൂമാനെ വിശേഷിപ്പിച്ചത്. ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വളരെ ആത്മബന്ധമുള്ള ക്രിസ്തീയ ചിന്തകനായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാൻ. കര്‍ദ്ദിനാള്‍ റാറ്റ്സിംഗർ ഒരു പ്രബന്ധാവതരണത്തിൽ കര്‍ദ്ദിനാള്‍ ന്യൂമാനെ ഗ്രീക്ക് തത്വചിന്തകൻ സോക്രട്ടീസിനോടും ഇംഗ്ലീഷ് രാഷ്ട തന്ത്രജ്ഞനും വിശുദ്ധനമായ തോമസ് മൂറിനോടുമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രശസ്ത്രമായ പ്രൊഫസർഷിപ്പ് ഉപേക്ഷിച്ചാണ് നാൽപത്തിനാലാം വയസ്സിൽ ന്യൂമാൻ ആഗ്ലിക്കൻ സഭയിൽ നിന്നു കത്തോലിക്കാ സഭയിലേക്കു വരുന്നത് വന്നത് 1845 ഒക്ടോബർ ഒൻപതിനാണ്. കത്തോലിക്കാ സഭയിലേക്കു വന്ന ദിവസമാണ് വിശുദ്ധന്റെ തിരുനാൾ ദിനമായി സഭ ആഘോഷിക്കുന്നത്.
ന്യൂമാൻ നല്ലൊരു എഴുത്തുകാരനും വാഗ്മിയും ആയിരുന്നു അതിനൊപ്പം നലംതികഞ്ഞ ഒരു സംഗീതജ്ഞൻ ആയിരുന്നു. പത്താം വയസ്സു മുതൽ വയലിൻ പഠനം ആരംഭിച്ചു, ഓക്സ്ഫോർഡ് കാലത്ത് ചേമ്പർ മ്യൂസികിലെ പ്രഗൽഭനായ വയലിനിസ്റ്റ് ആയിരുന്നു ന്യൂമാൻ.ഹൃദയം കൊണ്ടു സംസാരിക്കാൻ ഇഷ്ടപ്പെട്ട വ്യക്തി.
കര്‍ദ്ദിനാള്‍ ന്യൂമാന്റെ ആപ്തവാക്യം Cor ad cor loquitur ( heart speaks to heart) – ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു എന്നായിരുന്നു. കാർഡിനൽ തന്റെ കാലത്ത് ന്യൂമാൻ വെറുമൊരു സാധാ പ്രഭാഷകനായിരുന്നില്ല, ഏറ്റവും നല്ല പ്രഭാഷകനായിരുന്നു. വെറുമൊരു വൈദീകനായിരുന്നില്ല, തീഷ്ണതയുള്ള വൈദീകനായിരുന്നു. പാവങ്ങളെയും രോഗികളും നിരന്തരം സന്ദർശിച്ചിരുന്ന കര്‍ദ്ദിനാള്‍ സ്വന്തം ജീവിതം കൊണ്ട് മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിനു ഭാഷ്യമൊരുക്കി.