ഷാർജ: ഷാർജയിൽ നടക്കുന്ന മൂന്ന് മത്സര ട്വൻറി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 90 റൺസിൻറെ വമ്പൻ ജയമാണ് നേപ്പാൾ സ്വന്തമാക്കിയത്. നേപ്പാൾ ഉയർത്തിയ 174 റൺസിൻറെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 83ന് പുറത്തായി. ആദ്യ മത്സരത്തിൽ 19 റൺസിനായിരുന്നു നേപ്പാൾ ജയിച്ചത്. പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും.
മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേപ്പാൾ നേടിയത്. വിൻഡീസ് ബൗളിങ് നിരയിൽ ക്യാപ്റ്റൻ അകീൽ ഹൊസൈൻ മാത്രമാണ് പ്രകടനം പുറത്തെടുത്തത്. നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്.
മറുപടി ബാറ്റിങ്ങിൽ സ്കോർ ബോർഡിൽ അഞ്ച് റൺസ് ചേർക്കുന്നതിനിടെ രണ്ട് വിൻഡീസ് വിക്കറ്റുകൾ വീണു. 17.1 ഓവറിൽ 83 റൺസ് നേടി വെസ്റ്റിൻഡീസ് ഓൾഔട്ടായി. 21 റൺസ് നേടിയ ജേസൺ ഹോൾഡറാണ് കരീബിയൻ ടീമിൻറെ ടോപ് സ്കോറർ. നാല് വിക്കറ്റ് നേടിയ ആദിൽ അൻസാരിയും മൂന്ന് വിക്കറ്റ് പിഴുത കുശാൽ ഭുർതേലുമാണ് നേപ്പാളിനായി ബൗളിങ്ങിൽ തിളങ്ങിയത്.
ലോകകപ്പ് യോഗ്യതാ മത്സരം വരാനിരിക്കെ ആത്മവിശ്വാസം പകരുന്നതാണ് നേപ്പാളിൻറെ പരമ്പര വിജയം.