കൊച്ചി : രാജ്യത്തെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്കു ആഗോള സർട്ടിഫിക്കേഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. സമുദ്ര മത്സ്യ ഇനങ്ങൾക്ക് ആഗോള മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്സി) സർട്ടിഫിക്കേഷൻ നേടുന്നത് വഴി പ്രീമിയം വിലനിർണ്ണയത്തിലൂടെയും എളുപ്പത്തിലുള്ള വിപണി പ്രവേശനത്തിലൂടെയും കയറ്റുമതി വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.2026 ൽ ആദ്യ ഇനത്തിന്റെ പൂർണ്ണ സർട്ടിഫിക്കേഷനായി രാജ്യം അപേക്ഷിക്കാൻ സാധ്യതയുണ്ട്.
വേൾഡ് ഫുഡ് ഇന്ത്യയിൽ മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്സി), സസ്റ്റൈനബിൾ സീഫുഡ് നെറ്റ്വർക്ക് ഇന്ത്യ (എസ്എസ്എൻഐ), സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎഐ) എന്നിവർ സംഘടിപ്പിച്ച ഒരു സാങ്കേതിക സെഷനിൽ, ചെമ്മീൻ, കണവ, കട്ടിൽഫിഷ്, നീരാളി എന്നിവയുടെ സ്റ്റോക്ക് അസസ്മെന്റുകൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് വിദഗ്ധർ പറഞ്ഞു.
“മുൻഗണനാ മത്സ്യങ്ങൾ വിലയിരുത്തലിന്റെ അവസാന ഘട്ടത്തിലാണ്, അടുത്ത വർഷം എംഎസ്സി സർട്ടിഫിക്കേഷന്റെ പ്രതീക്ഷകൾ ഉയർത്തുന്നു,” എംഎസ്സി ഇന്ത്യയിലെ ഡോ. രഞ്ജിത് സുശീലൻ പറഞ്ഞു.
ആഗോളതലത്തിൽ, എംഎസ്സി ഡാറ്റ അനുസരിച്ച് എംഎസ്സി-സർട്ടിഫൈഡ് സമുദ്ര ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം വരെ പ്രീമിയം വില ലഭിക്കും .